കരിപ്പൂർ സ്വർണക്കടത്ത്: ചെർപ്പുളശ്ശേരി സംഘത്തിലെ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി
- Published by:Meera Manu
- news18-malayalam
Last Updated:
അഞ്ച് പേർ കൊല്ലപ്പെട്ട അപകടത്തിന് പിന്നാലെ ക്വട്ടേഷൻ സംഘത്തിലെ എട്ട് പേരാണ് അറസ്റ്റിലായത്
രാമനാട്ടുകര അപകടത്തെ തുടർന്ന് അറസ്റ്റിലായ ചെർപ്പുളശ്ശേരി ക്വട്ടേഷൻ സംഘത്തിലെ അഞ്ചു പേരെ തുടരന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പാലക്കാട് നെല്ലായ നാരായണമംഗലത്ത് ചെരളി ഫൈസൽ (24), വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹസ്സൻ (35), മുളയംകാവ് പെരുമ്പറമ്പത്തൊടി സലീം (28), മുളയങ്കാവ് തൃത്താല നടയ്ക്കൽ മുബഷിർ (27), വല്ലപ്പുഴ കടക്കാശ്ശേരി വളപ്പിൽ ഷാനിദ് (32) എന്നിരെയാണ് കോടതി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
അഞ്ച് പേർ കൊല്ലപ്പെട്ട അപകടത്തിന് പിന്നാലെ ക്വട്ടേഷൻ സംഘത്തിലെ എട്ട് പേരാണ് അറസ്റ്റിലായത്. സ്വർണ്ണക്കടത്ത് സംഘത്തിനായും, സ്വർണ്ണം കൊള്ളയടിക്കുന്നവർക്കായും ക്വട്ടേഷൻ എടുത്തവരാണ് പിടിയിലായവർ. കരിപ്പൂർ ന്യൂമാൻ ജംങ്ഷനിൽ നടന്ന സംഘർഷം മുതൽ അപകടം വരെ ഉണ്ടായ സംഭവങ്ങളിൽ വ്യക്തത വരുത്താൻ പ്രതികളുമായി തെളിവെടുപ്പ് നടത്തും. പൊലീസിനൊപ്പം കസ്റ്റംസും ഇവരെ ചോദ്യം ചെയ്തേക്കും. പ്രതികൾ കരിപ്പൂരിൽ എത്തിച്ച കൂടുതൽ സ്വർണം കടത്തിയിട്ടുണ്ടോ എന്നതും അന്വേഷണത്തിൻ്റെ ഭാഗമാണ്.
പരാതിക്കാർ ഇല്ലെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവർക്കെതിരെ കവർച്ചാ ആസൂത്രണത്തിന് ഐപിസി 399 പ്രകാരം കേസ് എടുത്തിട്ടുള്ളത്. ഇവരുടെ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് കവർച്ച ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയ്ക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഫോണുകളിൽ നിന്നും വോയ്സ് ക്ലിപ്പുകളും സന്ദേശങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കരിപ്പൂരിൽ നിന്ന് കള്ളക്കടത്തിലൂടെ പുറത്തെത്തിക്കുന്ന സ്വർണം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായിരുന്നു ഇവർക്ക് കിട്ടിയ നിർദ്ദേശം.
advertisement
കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇവർക്ക് ക്വട്ടേഷൻ നൽകിയത് എന്നാണ് മൊഴി. ഇവരിലൂടെ സ്വർണ്ണക്കടത്ത് മുഖ്യ സംഘങ്ങളിലേക്ക് എത്താനാണ് പോലീസ് ശ്രമം. പോലീസിന് ഇത് ആദ്യമായാണ് സ്വർണ്ണക്കടത്തുമായി നേരിട്ട് ബന്ധമുള്ള ഇത്രയും അധികം പേരെ അറസ്റ്റ് ചെയ്യാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ പരാതിക്കാർ ഇല്ലെങ്കിൽ പോലും ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ അന്വേഷണം പൂർത്തിയാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് പോലീസ്.
മലപ്പുറം ജില്ലക്ക് പുറമെ കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകൾ കൂടി കേന്ദ്രീകരിച്ചാണ് അന്വേഷണം. കള്ളക്കടത്ത് സ്വർണ്ണം കൊടുവള്ളി ടീമിൻ്റെ കയ്യിൽ എത്തിക്കുക എന്ന ദൗത്യമായിരുന്നു ചെർപ്പുളശ്ശേരി സംഘത്തിന് എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിലവിലെ വിലയിരുത്തൽ. ചെർപ്പുളശ്ശേരി സംഘം അത്തരത്തിലാണ് പോലീസിന് മൊഴി നൽകിയിട്ടുള്ളത്.
advertisement
സ്വർണ്ണക്കടത്തിന് സുരക്ഷ ഒരുക്കാനെത്തിയവരും കടത്തുകാരിൽ നിന്ന് സ്വർണം കൊള്ളയടിക്കാനെത്തിയവരും കരിപ്പൂർ വിമാനത്താവളത്തിന് സമീപമുള്ള ന്യൂമാൻ ജംക്ഷനിൽ ഏറ്റുമുട്ടിയതിൻ്റെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് ന്യൂമാൻ ജംഗ്ഷനിൽ നിന്ന് കണ്ണൂരിലെ സംഘത്തിലെ ഒരു വാഹനം കോഴിക്കോട് ഭാഗത്തേക്ക് പോയി. സ്വർണ്ണം ആ വാഹനത്തിലാണെന്ന ധാരണയില്‍ കവർച്ചാ സംഘത്തിലെ അഞ്ചു പേർ ബൊലേറോ കാറിൽ ഇവരെ പിന്തുടർന്നു. യഥാർത്ഥത്തിൽ കള്ളക്കടത്ത് സ്വർണം കസ്റ്റംസ് പിടിച്ചെന്ന് മനസിലായതോടെ ചെർപ്പുളശേരിക്കാർ കരിപ്പൂരിലേക്ക് തിരിച്ചു. അതിവേഗത്തിൽ മടങ്ങുകയായിരുന്ന കാർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം. അഞ്ചു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.
Location :
First Published :
June 25, 2021 7:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കരിപ്പൂർ സ്വർണക്കടത്ത്: ചെർപ്പുളശ്ശേരി സംഘത്തിലെ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി


