നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആൻലിയയുടെ മരണം; ഭാര്യ ആത്മഹത്യാപ്രവണത കാട്ടിയിരുന്നെന്ന് ഭർത്താവ് ജസ്റ്റിൻ

  ആൻലിയയുടെ മരണം; ഭാര്യ ആത്മഹത്യാപ്രവണത കാട്ടിയിരുന്നെന്ന് ഭർത്താവ് ജസ്റ്റിൻ

  പെരിയാറിൽ നഴ്സിംഗ് വിദ്യാർഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വിശദീകരണവുമായി ഭർത്താവ് ജസ്റ്റിൻ രംഗത്തെത്തി.

  • Share this:
   കൊച്ചി: പെരിയാറിൽ നഴ്സിംഗ് വിദ്യാർഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വിശദീകരണവുമായി ഭർത്താവ് ജസ്റ്റിൻ രംഗത്തെത്തി. ആത്മഹത്യാപ്രവണത കാട്ടിയിരുന്ന യുവതിയാണ് ആൻലിയയെന്നാണ് ഭ‌ർത്താവിന്‍റെ വാദം. ആന്‍ലിയ ഹൈജിനസിന്‍റെ മരണം സംബന്ധിച്ച് ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് വിശദീകരണവുമായി ഭർത്താവ് ജസ്റ്റിന്‍ രംഗത്തെത്തിയത്. തനിക്കും കുടുംബത്തിനുമെതിരെ ആന്‍ലിയയുടെ പിതാവും ബന്ധുക്കളും ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ജസ്റ്റിൻ പറഞ്ഞു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്ന ഭാര്യാപിതാവ് വിവാഹത്തിന് മുന്‍പ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ജസ്റ്റിന്‍ നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.

   ജസ്റ്റിന്‍റെ വാദങ്ങൾ ഇങ്ങനെ, 2016 ഡിസംബര്‍ 26ന് ആയിരുന്നു ഞങ്ങളുടെ വിവാഹം. ആന്‍ലിയയുടെ ബന്ധുക്കള്‍ തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത് തെറ്റായ ആരോപണങ്ങളാണ്. മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയും അതിലൂടെ ഉണ്ടായ സമ്മര്‍ദ്ദവും കൊണ്ടാണ് അവര്‍ കുറ്റപ്പെടുത്തുന്നതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, ആരോപണങ്ങള്‍ തുടരുകയും അത് തനിക്കും കുടുംബത്തിനും ഭാരമാകുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്താന്‍ താന്‍ നിര്‍ബന്ധിതനായതെന്നും ജസ്റ്റിൻ പറയുന്നു.

   ആന്‍ലിയയുടെ സ്വർണം ചോദിച്ച് പീഡിപ്പിച്ചുവെന്നതാണ് തനിക്കെതിരായ പ്രധാന ആരോപണം. വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ലോക്കറില്‍ വെച്ച സ്വർണം ഇതുവരെ അവിടെ നിന്നും എടുത്തിട്ടില്ല. ലോക്കര്‍ തുറന്നിട്ടില്ലെന്നും ജസ്റ്റിൻ പറയുന്നു. ആന്‍ലിയക്ക് അലമാര വാങ്ങുന്നതിന് അവളുടെ പപ്പ തന്ന 30,000 രൂപയാണ് ഞങ്ങള്‍ തമ്മില്‍ ആകെ ഉണ്ടായിട്ടുള്ള പണമിടപാട്. ഇതിനെല്ലാം വ്യക്തമായ തെളിവുകൾ കൈവശമുണ്ടെന്നും ജസ്റ്റിൻ വാദിക്കുന്നു.

   നഴ്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: ഭര്‍ത്താവ് കീഴടങ്ങി

   കാണാതായ ദിവസം ആന്‍ലിയ വിളിച്ച് ഞാന്‍ പോകുകയാണ്, ഇനി അന്വേഷിക്കരുത്, കുഞ്ഞിനെ നോക്കണം എന്നെല്ലാം പറഞ്ഞാണ്
   ഫോണ്‍ കട്ട് ചെയ്തത്. തിരിച്ച് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അതോടെയാണ് പൊലീസിനെ സമീപിച്ചത്. പഠിക്കാനും പാട്ടു പാടാനുമൊക്കെ മിടുക്കിയായിരുന്ന ആന്‍ലിയയില്‍ വിവാഹത്തിന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മാറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ആ ദേഷ്യവും വാശിയുമൊക്കെ സ്വാഭാവികമാറ്റം മാത്രമെന്നാണ് കരുതിയത്. ഇതിനിടെ, ഒരുകൊല്ലം മുമ്പ് ആന്‍ലിയയുടെ ചില ഡയറിക്കുറിപ്പുകള്‍ ഞാനും കണ്ടിരുന്നു. അതില്‍ പലതും ആത്മഹത്യയെക്കുറിച്ച് ഉള്ളതായിരുന്നു. ഇതേക്കുറിച്ച് അവളുടെ പപ്പയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും അതൊക്കെ അവളുടെ കുട്ടിക്കളിയെന്നാണ് അവര്‍ പറഞ്ഞതെന്നും ജസ്റ്റിൻ വിശദമാക്കുന്നു.

   താന്‍ ആന്‍ലിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് അവരുടെ മറ്റൊരു ആരോപണം. എങ്കില്‍ ഇതെന്തുകൊണ്ട് ആന്‍ലിയ മരിക്കുന്നതിന് മുന്‍പ് അവര്‍ എന്നോട് ചോദിച്ചില്ല. എല്ലാ ആരോപണങ്ങളും ആന്‍ലിയ മരിച്ചതിന് ശേഷമാണ് അവര്‍ ഉന്നയിച്ചതെന്നും ജസ്റ്റിൻ ആരോപിക്കുന്നു. നാട്ടിലെ അവസ്ഥ മോശമാണെന്നും അതുകൊണ്ട് ആന്‍ലിയയുടെ ശവസംസ്‌കാരത്തിന് വരേണ്ടെന്നും അവരുടെ പള്ളിയിലെ വൈദികന്‍ അറിയിച്ചതു കൊണ്ടാണ് മരണാനന്തര ചടങ്ങില്‍ നിന്നും ഞാനും വീട്ടുകാരും വിട്ടുനിന്നത്. ആന്‍ലിയയുടെ അപകടകരമായ ചിന്തകളും വിഷാദവുമെല്ലാം മാറാനാണ് അവളെ ബംഗുളൂരുവില്‍ എം.എസ്.സി നഴ്‌സിങിന് അയച്ചത്. അല്ലാതെ അവളുടെ വീട്ടുകാര്‍ ആരോപിക്കുന്നതുപോലെ നിര്‍ബന്ധിച്ച് അയച്ചതല്ല. മാതാപിതാക്കള്‍ വിദേശത്ത ആയിരുന്നതിനാല്‍ അവരുടെ സ്‌നേഹവും വാത്സല്യവും ലഭിക്കാതെ വളര്‍ന്ന കുട്ടിയാണ് താനെന്നും ആ അവസ്ഥ നമ്മുടെ മോന് ഉണ്ടാവരുതെന്നും ആന്‍ലിയ എപ്പോഴും പറഞ്ഞിരുന്നു.

   ആന്‍ലിയയ്ക്ക് ഇങ്ങനെ ഒരു സ്വാഭാവം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഡിവോഴ്‌സിന് ശ്രമിച്ചില്ലെന്നും ആളുകള്‍ ചോദിക്കുന്നു. അതിനുള്ള ഉത്തരം ആന്‍ലിയയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്നത് മാത്രമാണെന്നും ജസ്റ്റിൻ പറയുന്നു. ഇനി എന്തൊക്കെ വന്നാലും തന്‍റെ ഭാഗം ന്യായീകരിക്കാന്‍ മതിയായ തെളിവുകളുള്ളതിനാല്‍ പതറാതെ മുന്നോട്ട് പോകാനാണ് തന്‍റെ തീരുമാനമെന്നും ജസ്റ്റിന്‍ വ്യക്തമാക്കി.

   ഇതിനിടെ, ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ വാരാപ്പുഴ അതിരൂപതയിലെ വൈദികന്‍ നിഷേധിച്ചു. ആന്‍ലിയയ്ക്ക് മാനസിക രോഗമുണ്ടെന്ന് താന്‍ പൊലീസിന് മൊഴി കൊടുത്തിട്ടില്ലെന്നും വൈദികൻ പറഞ്ഞു. കുടുംബസുഹൃത്ത് കൂടിയായ വൈദികനെതിരെ ആന്‍ലിയയുടെ പിതാവ് നടത്തിയ ആരോപണങ്ങളെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വൈദികനെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നിരുന്നു.

   ആന്‍ലിയയുടെ കുടുംബവും തന്‍റെ കുടുംബവും തമ്മില്‍ വളരെ നല്ല ബന്ധമായിരുന്നു. ആന്‍ലിയയുടെ സഹോദരന്‍ അഭിഷേകിനെ തന്‍റെ മാതാപിതാക്കളാണ് കുറേ നാളുകള്‍ വളര്‍ത്തിയതെന്നും വൈദികന്‍ പറയുന്നു. ആന്‍ലിയയും ജസ്റ്റിനും തമ്മില്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ട്. ആന്‍ലിയയ്ക്ക് ചിലവിനായി ജസ്റ്റിന്‍ പണം നല്‍കിയിരുന്നില്ല. ഇത് ഹൈജിനസിനെയും ലീലാമ്മയെയും അറിയിച്ചിട്ടുണ്ട്. ആന്‍ലിയയുടെ മാതാപിതാക്കള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ പലപ്പോഴും പ്രശ്‌ന പരിഹാരത്തിനായി വീട്ടില്‍ ചെന്നിരുന്നത് താനാണെന്നും വൈദികൻ പറയുന്നു.

   ഒരിക്കല്‍ ജോലിക്കായി ദുബായില്‍ പോകണമെന്ന് ആഗ്രഹിക്കുന്നതായി പറഞ്ഞ് ജസ്റ്റിന്‍ എത്തിയിരുന്നു. ഇത് ഹൈജിനസിന്‍റെ ശ്രദ്ധയില്‍ പ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കുറച്ചു സമയത്തിനുള്ളില്‍ ആന്‍ലിയയുടെ ഫോണ്‍കോള്‍ വരുകയും ജസ്റ്റിന്‍ അവിടെയുണ്ടോയെന്ന് തിരക്കുകയും ചെയ്തു. തുടര്‍ന്ന് ഇനി ചേട്ടായി എന്‍റെ ഒരു കാര്യത്തിലും ഇടപെടരുത് എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് ക്ഷമ പറഞ്ഞ് ശബ്ദസന്ദേശവും അയച്ചിരുന്നു. പിന്നീട് ആന്‍ലിയയുടെ മരണംവരെ ഒന്നിലും ഇടപെട്ടില്ലെന്ന് വൈദികന്‍ പറയുന്നു.

   First published:
   )}