കാസർഗോഡ് ഡോക്ടറുടെ രണ്ടേകാൽ കോടി ഓൺലൈൻ വഴി തട്ടിയെടുത്ത ഫുഡ് ഡെലിവറി ഏജന്റ് രാജസ്ഥാനിൽ നിന്ന് പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഡോക്ടറെ ടെലിഗ്രാം വഴിയും ഫോൺ വഴിയും ബന്ധപ്പെട്ട് പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് 2,23,949,93 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്
കാസർഗോഡ്: ഡോക്ടറെ കബളിപ്പിച്ച് 2.23 കോടി രൂപ തട്ടിയെടുത്ത പ്രധാനപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫുഡ‍് ഡെലിവറി ഏജന്റും ബൈക്ക് ടാക്സി ഡ്രൈവറുമായ സുനിൽ കുമാർ ജെൻവർ (24) എന്നയാളെയാണ് രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും കാസർഗോഡ് സൈബർ ക്രൈം പൊലീസ് പിടികൂടിയത്. ഡോക്ടറെ ടെലിഗ്രാം വഴിയും ഫോൺ വഴിയും ബന്ധപ്പെട്ട് പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് 2,23,949,93 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കാസർഗോഡ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീദാസൻ എം വി, എ എസ് ഐ പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാരായണൻ, ദിലീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടാനായി രാജസ്ഥാനിലെത്തിയത്. പ്രതിയെ തേടി ബാങ്കിൽ നൽകിയ രാജസ്ഥാനിലെ വിലാസത്തിൽ എത്തിയപ്പോൾ പ്രതി താമസം മാറിയതായി മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഭഗത് കി കോതി പൊലീസ് സ്റ്റേഷൻ പരിധിയിലെ സെക്ടർ അഞ്ചിൽ വാടകയ്ക്ക് താമസിക്കുകയാണെന്ന് കണ്ടെത്തി.
advertisement
വാടകവീട് തേടിപ്പിടിച്ച് അന്വേഷണം നടത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് അയൽവാസികളോടും മറ്റും അന്വേഷണം നടത്തിയതിൽ പ്രതിയുടെ അച്ഛന് സുഖമില്ലാത്തതിനാൽ ജോധ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. ജോധ്പൂരിലെ പ്രധാനപ്പെട്ട ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ അച്ഛൻ ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള എംഡിഎം ആശുപത്രിയിൽ ചികിത്സയിലാണെന്ന് മനസ്സിലായി.
രണ്ട് ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിൽ 99 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ആശുപത്രി സമുച്ചയത്തിൽ നിന്ന് പ്രതിയെ കണ്ടെത്തി. പ്രതിയെ പിടികൂടിയ വിവരമറിഞ്ഞ് കേരള പൊലീസിനെ തടയാനെത്തിയ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടയിൽ നിന്ന് ശാസ്ത്രി നഗർ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
advertisement
തമിഴ്നാട് വെല്ലൂരിൽ നിന്നുള്ള 42 വയസുള്ള ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. രാജസ്ഥാൻ, ജമ്മു കശ്മീർ, ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിലെ 18 അക്കൗണ്ടുകളിലേക്ക് മെയ് 17 മുതൽ ജൂൺ 4 വരെയുള്ള കാലയളവിലാണ് 2,23,94,993 രൂപ കൈമാറിയത്. വിശ്വാസം നേടിയെടുക്കാൻ തട്ടിപ്പുകാർ 87,125 രൂപ തിരികെ ഡോക്ടറുടെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. ബാക്കി 2,23,07,868 കോടി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍.
ഇപ്പോൾ അറസ്റ്റിലായ സുനിൽകുമാർ ജെൻവറിന്റെ അക്കൗണ്ടിലേക്ക് ഡോക്ടർ 18 ലക്ഷം രൂപയാണ് അയച്ചുകൊടുത്തത്. പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള ജെൻവർ മൂന്ന് ചെക്കുകള്‍ ഉപയോഗിച്ച് ഈ പണം പിൻവലിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുമ്പോൾ അക്കൗണ്ടിൽ പണം ഒന്നും അവശേഷിച്ചിരുന്നില്ല. മറ്റ് പ്രതികളുടെ അക്കൗണ്ടുകളിൽ നിന്നായി 13 ലക്ഷത്തോളം രൂപ തിരികെ പിടിച്ച് കോടതി മുഖാന്തിരം ഡോക്ടർക്ക് തിരികെ നൽകി. ഈ കേസിൽ സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളായ പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് നൗഷാദ് (45) നേരത്തെ കാസർഗോഡ് സൈബർ പൊലീസിന്റെ പിടിയിലായി ജയിലിൽ കഴിയുകയാണ്.
Location :
Kasaragod,Kasaragod,Kerala
First Published :
March 11, 2025 8:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് ഡോക്ടറുടെ രണ്ടേകാൽ കോടി ഓൺലൈൻ വഴി തട്ടിയെടുത്ത ഫുഡ് ഡെലിവറി ഏജന്റ് രാജസ്ഥാനിൽ നിന്ന് പിടിയിൽ