• HOME
  • »
  • NEWS
  • »
  • crime
  • »
  • കുടുംബ പ്രശ്നങ്ങൾക്ക് പ്രാർത്ഥനയും ലൈംഗിക ബന്ധവും പരിഹാരമെന്ന് മുൻ വൈദികൻ; യുവതിയുടെ പരാതിയിൽ അറസ്റ്റ്

കുടുംബ പ്രശ്നങ്ങൾക്ക് പ്രാർത്ഥനയും ലൈംഗിക ബന്ധവും പരിഹാരമെന്ന് മുൻ വൈദികൻ; യുവതിയുടെ പരാതിയിൽ അറസ്റ്റ്

ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും പീഡനത്തിന് ഇരയാക്കുകയായിരുന്നു

  • Share this:

    കൊച്ചി: കുടുംബപ്രശ്നങ്ങൾക്ക് പരിഹാരവും ആത്മീയകാര്യങ്ങളിൽ ഉന്നതിയും ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുൻ വൈദികൻ അറസ്റ്റിൽ. കൊല്ലം ആദിച്ചനെല്ലൂർ കൈതക്കുഴിഭാഗം പനവിള പുത്തൻവീട്ടിൽ സജി തോമസിനെ (43) ആണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

    ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയുമായി പരിചയപ്പെട്ട പുരോഹിതൻ കുടുംബപ്രശ്നങ്ങൾ പ്രാർത്ഥനയിലൂടെ തീർത്തു നൽകാം എന്ന് അവരെ വിശ്വസിപ്പിക്കുകയായിരുന്നു. പരിചയം പിന്നീട് ലൈംഗിക ബന്ധത്തിലേക്ക് എത്തിക്കുകയായിരുന്നു. രാത്രിയിൽ വാട്സാപ്പിലൂടെ ആത്മീയ കാര്യങ്ങൾ സംസാരിച്ചു തുടക്കമിട്ട് ഒടുവിൽ ലൈംഗികതയിലേക്ക് എത്തിക്കുകയായിരുന്നു പതിവ്. അടുപ്പം വളർന്നതോടെ പ്രതിയുടെ വീടുൾപ്പെടെ പല സ്ഥലങ്ങളിൽ വച്ചും യുവതിയുമായി ഇയാൾലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രതി മൊബൈലിൽ റിക്കോർഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു.

    വഞ്ചിക്കപ്പെടുകയാണെന്ന് തോന്നിയതോടെ ബന്ധം അവസാനിപ്പിക്കാൻ യുവതി ശ്രമിച്ചു. എന്നാൽ യുവതിയെ ഭീഷണിപ്പെടുത്തി കൂടെ നിർത്താനാണ് പ്രതി ശ്രമിച്ചത്. തന്റെ ഫോണിലുള്ള യുവതിയുടെ സ്വകാര്യ ചിത്രങ്ങളും മറ്റും യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഇയാൾ ഷെയർ ചെയ്തു. ഇതോടെ ഭയന്നു പോയ യുവതി തന്നെ വെറുതേ വിടാൻ പുരോഹിതനോട് അപേക്ഷിക്കുകയായിരുന്നു. തുടർന്ന് പുരോഹിതൻ ആവശ്യപ്പെട്ടത് അനുസരിച്ച് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ വച്ച് പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

    Also Read- പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

    വീണ്ടും ഒരിക്കൽക്കൂടി ലോഡ്ജിൽ എത്താൻ ആവശ്യപ്പെട്ടതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ലോഡ്ജിൽ വന്നില്ലെങ്കിൽ തന്റെ കൈയിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ഭീഷണികൂടി എത്തിയതോടെയാണ് യുവതി പരാതി നൽകാൻ തീരുമാനിച്ചത്. ഭീഷണിപ്പെടുത്തി തന്നെ പലതവണ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നു.

    2010ൽ കണ്ണൂർ ഭാഗത്തെ ഒരു പള്ളിയിലെ വികാരിയായിരുന്നു പ്രതി. തുടർന്ന് ബോംബെ, ബറോഡ, നാസിക് എന്നിവിടങ്ങളിൽ വൈദികനായി പ്രവർത്തിച്ചു. നാസിക്കിൽ വച്ച് അതേ ഇടവകയിലെ ഒരു പ്രമുഖനുമായി നടന്ന വാക്കേറ്റത്തെ തുടർന്ന് പ്രതിയെ വൈദികവൃത്തിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നു നാട്ടിലേക്ക് വന്ന പ്രതി യുവതിയുമായി ചങ്ങാത്തതിലാകുകയായിരുന്നു.

    Also Read- ‘ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം നേരിട്ടു’; തിരുവനന്തപുരത്ത് ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റിൽ

    യുവതി പരാതി കൊടുത്തു എന്നറിഞ്ഞ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്‌ വിജയശങ്കറിന്റെ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്‌പെക്ടർമാരായ പ്രദീപ്, മണി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷാജി ഇ എം, ഷമീർ, സത്താർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനിഷ് ടി കെ, ഇഗ്നേഷ്യസ്, മനോജ് കുമാർ, വിനോദ്, സിവിൽ പൊലീസ് ഓഫീസർ ഷിഹാബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

    Published by:Rajesh V
    First published: