സാലറി അക്കൗണ്ട് തട്ടിപ്പ്: ICICI ബാങ്കിനെ കബളിപ്പിച്ച് ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയ നാലുപേർ അറസ്റ്റിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നിലവിലില്ലാത്ത കമ്പനിയുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെടുത്ത ശേഷം ഐസിഐസിഐ ശാഖയിൽ വ്യാജ ശമ്പള അക്കൗണ്ടുകൾ തുടങ്ങുകയായിരുന്നു.
ഐസിഐസിഐ ബാങ്കിനെ കബളിപ്പിച്ച് 1.33 കോടി രൂപ തട്ടിയെടുത്ത കേസിൽ നാലുപേർ അറസ്റ്റിൽ. ഹൈദരാബാദിലുള്ള നച്ചാരം ബ്രാഞ്ചിൽ നിന്നാണ് നാൽവർ സംഘം പണം തട്ടിയത്. 2022 ആഗസ്റ്റിലായിരുന്നു സംഭവം. ബോഡ ശ്രീകാന്ത്, ബനോത് സുമന്ത്, ഭുക്യ നാഗേഷ്, ഗുദ്ദെട്ടി ഗൗതം, യഡ്‌ല ബിക്ഷാപതി എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. മുഖ്യ ആസൂത്രകനായ ബോഡ ശ്രീകാന്ത് മറ്റുള്ളവരെ കൂട്ടുപിടിച്ച് തട്ടിപ്പിന് നേതൃത്വം നൽകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൽകജ്ഗിരി സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീമും നച്ചാരം പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് തട്ടിപ്പു സംഘം അറസ്റ്റിലായത്.
‘ലിവിംഗ് ഇന്റീരിയർ ഡിസൈൻ’ എന്ന വ്യാജ കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. നിലവിലില്ലാത്ത കമ്പനിയുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെടുത്ത ശേഷം, നച്ചാരയിലെ ഐസിഐസിഐ ശാഖയിൽ വ്യാജ ശമ്പള അക്കൗണ്ടുകൾ തുടങ്ങുകയായിരുന്നു. ഇതിനായി അടുത്ത ഗ്രാമങ്ങളിലെ തൊഴിൽരഹിതരായ ചെറുപ്പക്കാരെയും വീട്ടമ്മമാരെയും കരുവാക്കിയായിരുന്നു ശ്രീകാന്തിന്റെ പദ്ധതി. കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി ഇവരിൽ നിന്നും ശ്രീകാന്ത് ആധാർ കാർഡുകൾ ശേഖരിച്ചിരുന്നു. ഇവ ഉപയോഗിച്ചാണ് ബാങ്കിൽ വ്യാജ അക്കൗണ്ടുകൾ തുറന്നത്.
advertisement
Also Read-പരാതിക്കാരൻ ജീവനൊടുക്കിയ പുൽപള്ളി ബാങ്ക് തട്ടിപ്പ്: കെപിസിസി ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാം അറസ്റ്റിൽ
വ്യാജ കമ്പനിയ്ക്കു കീഴിൽ ശ്രീകാന്ത് 53 പേരെ ജീവനക്കാരായി രേഖാമൂലം കാണിച്ചിരുന്നുവെന്ന് പൊലീസ് കമ്മീഷണർ മഹേഷ് ഭഗവത് പറയുന്നു. ഇതിനു ശേഷം, ഹബ്‌സിഗുഡ, രാമനാഥപുർ, ഉപ്പൽ എന്നിവിടങ്ങളിലെ ഐസിഐസിഐ ബ്രാഞ്ചുകളിൽ വ്യാജ സേവിംഗ്‌സ് അക്കൗണ്ടുകളും തുറന്നു. ഈ അക്കൗണ്ടുകളിലേക്കാണ് ശമ്പളം എന്ന പേരിൽ തുക ട്രാൻസ്ഫർ ചെയ്തിരുന്നത്. 34 ക്രെഡിറ്റ് കാർഡ് ഉടമകളുടെ അക്കൗണ്ടിലേക്ക് ഇത്തരത്തിൽ ശ്രീകാന്ത് ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിലുള്ള തുകകൾ ശമ്പളമായി നിക്ഷേപിച്ചു. ഇതുവഴി, ഈ ഉപഭോക്താക്കളുടെ വരുമാനം പെരുപ്പിച്ചു കാട്ടാനും, ക്രെഡിറ്റ് ലിമിറ്റ് വർദ്ധിപ്പിക്കാനുമായിരുന്നു ശ്രമം. ഇതോടെ, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വലിയ തുകകൾക്ക് വസ്തുക്കൾ വാങ്ങാമെന്നായി.
advertisement
ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഐസിഐസിഐ നൽകുന്ന പ്രത്യേക സേവനങ്ങൾ പരമാവധി ഉപയോഗിപ്പെടുത്തിക്കൊണ്ട്, ഈ കാർഡുകളിൽ നിന്നായി 1,33,65,000 രൂപയാണ് ശ്രീകാന്ത് പിൻവലിച്ചത്. കാർഡ് ഉടമകൾക്ക് ഭാഗികമായ തുകകൾ നൽകിക്കൊണ്ട്, അവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിച്ചതായി ശ്രീകാന്ത് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
Also Read-സ്ഥാനക്കയറ്റം കിട്ടി പോകുന്ന ദിവസം 10000 രൂപ കൈക്കൂലി വാങ്ങിയ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പിടിയില്‍
വാറങ്കൽ സ്വദേശിയായ ശ്രീകാന്ത് നേരത്തേയും സമാനമായ രീതിയിൽ മറ്റു ബാങ്കുകളെ കബളിപ്പിച്ചിട്ടുണ്ട്. നാരപ്പള്ളിയിൽ യെല്ലോ ലാംപ് ഇന്റീരിയർ ഡിസൈനേഴ്‌സ് എന്ന പേരിലും മണികൊണ്ടയിൽ ബ്രിക്ക് ആൻഡ് റോക്ക് ഇന്റീരിയേഴ്‌സ് എന്ന പേരിലും ശ്രീകാന്ത് വ്യാജ കമ്പനികൾ സ്ഥാപിച്ചിരുന്നു. ഇവയുപയോഗിച്ച് യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവിടങ്ങളിൽ നിന്നും മറ്റു പല ബാങ്കുകളിൽ നിന്നും പണം തട്ടുകയും ചെയ്തിട്ടുണ്ട്.
advertisement
ക്രെഡിറ്റ് കാർഡിൽ നിന്നും പിൻവലിച്ച തുക തിരിച്ചടയ്ക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും നോട്ടീസുകളയച്ചിട്ടും പണം തിരികെയെത്താതായപ്പോഴാണ് കബളിപ്പിക്കപ്പെട്ടപ്പെട്ട വിവരം ഐസിഐസിഐ ബാങ്ക് അധികൃതർ തിരിച്ചറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്രീകാന്തിന്റെ കമ്പനി വ്യാജമാണെന്ന് തെളിയുകയായിരുന്നു. ഉടൻ തന്നെ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേർ ഉൾപ്പെട്ട സംഘമാണ് തട്ടിപ്പിനു പിന്നിൽ എന്ന് കണ്ടെത്തിയത്. സംഘത്തിലൊരാളായ യഡ്‌ല ബിക്ഷാപതി അടുത്തിടെ മരിച്ചിരുന്നു.
Location :
Thiruvananthapuram,Kerala
First Published :
June 01, 2023 9:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സാലറി അക്കൗണ്ട് തട്ടിപ്പ്: ICICI ബാങ്കിനെ കബളിപ്പിച്ച് ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയ നാലുപേർ അറസ്റ്റിൽ