ചികിത്സയിലിരിക്കെ ഐസിയുവില്‍ വെച്ച് സ്വര്‍ണ പാദസരം നഷ്ടപ്പെട്ടു; ആശുപത്രിക്കെതിരെ യുവതിയുടെ പരാതി
- Published by:Arun krishna
- news18-malayalam
Last Updated:
ഐസിയുവിൽ പ്രവേശിപ്പിച്ച ചൈതന്യയുടെ ഇടതുകാലിൽ നിന്നും പാദസരം കണ്ടാലറിയുന്ന രണ്ടു പേർ ചേർന്ന് മുറിച്ചെടുത്തുവെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്
പാലക്കാട്: ബസപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വർണാഭരണം നഷ്ടപ്പെട്ടതായി യുവതിയുടെ പരാതി. പാലക്കാട് വാണിയംകുളത്താണ് സംഭവം. ഐസിയുവിനുള്ളിൽ നിന്നും പാദസരം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പനയൂർ സ്വദേശിയായ യുവതി ഒറ്റപ്പാലം പോലീസിൽ പരാതി നൽകി. ഒറ്റപ്പാലം കൂനത്തറയിലുണ്ടായ ബസ് അപകടത്തിൽ പരിക്കുപറ്റി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന പനയൂർ ഉപ്പാമുച്ചിക്കൽ അജിന്റെ ഭാര്യ ചൈതന്യയുടെ ഇടതുകാലിൽ ഉണ്ടായിരുന്ന ഒന്നര പവൻ തൂക്കമുള്ള സ്വർണ്ണ പാദസരം ഐ സി യുവിൽ നിന്നും നഷ്ടപ്പെട്ടതയാണ് പരാതി.
ഇതേ ആശുപത്രിയിക്കുള്ളിൽനിന്ന് മുൻപും സ്വർണാഭരണം മോഷണം പോയി എന്ന പരാതി ഉയർന്നിരുന്നു. സംഭവത്തിൽ ചൈതന്യ ഒറ്റപ്പാലം പോലീസിൽ പരാതി നൽകി. തലയ്ക്കും വലതു കൈയിലും ഇടുപ്പിനുമാണ് ചൈതന്യയ്ക്ക് പരിക്കേറ്റിരുന്നത്. തലകറക്കവും ചർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടർ സിടി സ്കാന്‍ എടുക്കാൻ നിർദ്ദേശിക്കുകയും ആ സമയത്ത് ആഭരണങ്ങൾ അഴിച്ചുവെക്കാനായി പറയുകയും ചെയ്തിരുന്നു. കാതിലും കഴുത്തിലും ഉണ്ടായിരുന്ന ആഭരണങ്ങൾ ബന്ധുക്കൾ അഴിച്ചു വാങ്ങി എന്നും,കാലിലുണ്ടായിരുന്ന പാദസരം നൂലിട്ടു കെട്ടിയതിനാൽ അന്നേരം അഴിച്ചു വാങ്ങിയില്ല എന്നും പിന്നീട് ഐസിയുവിൽ പ്രവേശിച്ച ശേഷം പാദസരം അഴിച്ച് കൂട്ടിരിപ്പുകാരെ ഏൽപ്പിക്കാമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞതായും ചൈതന്യ പറയുന്നു.
advertisement
ഐസിയുവിൽ പ്രവേശിപ്പിച്ച ചൈതന്യയുടെ ഇടതുകാലിൽ നിന്നും പാദസരം കണ്ടാലറിയുന്ന രണ്ടു പേർ ചേർന്ന് മുറിച്ചെടുത്തുവെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ആശുപത്രി ജീവനക്കാർ പരിശോധനയുടെ ഭാഗമായി അഴിച്ചതാകും എന്നും ആദ്യം കരുതി. പിന്നീടാണ് അങ്ങനെയല്ലെന്ന് മനസ്സിലായത്. അപകടത്തിന്റെ ആഘാതത്തിൽ പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്നും ചൈതന്യ പറഞ്ഞു. സ്വർണ്ണം നഷ്ടപ്പെട്ടു എന്ന് വിവരം അറിഞ്ഞ ഉടൻ ബന്ധുക്കൾ ആശുപത്രി മാനേജ്മെന്റിന് പരാതി നൽകിയിരുന്നു .
advertisement
പരാതിയെക്കുറിച്ച് അന്വേഷിക്കാൻ കുറച്ചു സമയം വേണം എന്നായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം.പിന്നീട് ആറുദിവസം ചൈതന്യയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു . ആറാം ദിവസം ആശുപത്രി വിട്ടപ്പോള്‍ പരാതിയുടെ വിശദാംശങ്ങൾ ആശുപത്രി അധികൃതരുമായി ചോദിച്ചപ്പോൾ ജീവനക്കാരികളിൽ ഒരാളെ സംശയിക്കുന്നുണ്ടെന്നും അന്വേഷിച്ച ശേഷം അറിയിക്കാം എന്നായിരുന്നു മറുപടി.ആശുപത്രി അധികൃതരുടെ മറുപടിയിൽ തൃപ്തരല്ലാത്ത ബന്ധുക്കൾ ഒറ്റപ്പാലം പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ അപകട ദിവസം ഐസിയു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ ഒറ്റപ്പാലം പോലീസ് ചോദ്യം ചെയ്യുകയും പരാതിക്കാരിയുടെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്തുകയും ചെയ്തു. ഇതിനുശേഷം പോലീസ് ചൈതന്യയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ഇതേ ആശുപത്രിയിൽ വച്ച് മരണപ്പെട്ട യാളുടെ വിരലുണ്ടായിരുന്ന മോതിരം മോഷണം പോയി എന്ന പരാതിയും മുൻപ് മുൻപ് ഉയർന്നിരുന്നു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 04, 2023 3:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചികിത്സയിലിരിക്കെ ഐസിയുവില്‍ വെച്ച് സ്വര്‍ണ പാദസരം നഷ്ടപ്പെട്ടു; ആശുപത്രിക്കെതിരെ യുവതിയുടെ പരാതി