കോട്ടയത്ത് ഗുണ്ടകൾ പൊലീസിനെ ആക്രമിച്ച സംഭവം; ഒരാൾ അറസ്റ്റിൽ; 5 പേർക്കെതിരെ കേസ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് അലോട്ടി എന്നറിയപ്പെടുന്ന ജയ്സ് മോൻ ജേക്കബ് പൊലീസിനെ ആക്രമിച്ചത്.
കോട്ടയത്ത് പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഞ്ചുപേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് അലോട്ടി എന്നറിയപ്പെടുന്ന ജയ്സ് മോൻ ജേക്കബ് പൊലീസിനെ ആക്രമിച്ചത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റുന്നതിനിടെ ആയിരുന്നു പോലീസിനെ ആക്രമിച്ചത്. അലോട്ടിയെ കൊണ്ടുവരുന്നത് അറിഞ്ഞ് കുടുംബാംഗങ്ങളും ഇയാളെ പിന്തുണയ്ക്കുന്ന ഗുണ്ടാ സംഘവും കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയിരുന്നു. ബസ്സിൽ നിന്ന് ഇറക്കി ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെ ആണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്.
അലോട്ടി വന്നിറങ്ങിയപ്പോൾ തന്നെ ഗുണ്ടകൾ ഒപ്പം കൂട്ടിയിരുന്നു. ഇതോടെ വെള്ളം കുടിക്കണം എന്ന് അലോട്ടി ആവശ്യപ്പെടുകയായിരുന്നു. ഒപ്പം വന്ന തിരുവനന്തപുരത്ത് നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരായ മഹേഷ് രാജ്, പ്രദീപ് എന്നിവർ ഇത് അനുവദിക്കാൻ ആവില്ല എന്ന് പറഞ്ഞു. ഉടൻ തന്നെ ജയിലിൽ എത്തും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ അലോട്ടിയുടെ ആവശ്യം നിഷേധിച്ചത്. ഒപ്പം ഗുണ്ടകൾ കൂട്ടം ചേർന്നതും പൊലീസ് ഉദ്യോഗസ്ഥരെ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചു. ഇതോടെ അലോട്ടി വൻതോതിൽ ബഹളം വയ്ക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു
advertisement
.കാത്തുനിന്ന ഗുണ്ടാ സംഘവും പൊലീസിനെ ആക്രമിക്കുന്നതിന് കൂട്ടുനിന്നു. ഈ സംഭവത്തിൽ ഇന്നലെ തന്നെ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് ഒരു ഗുണ്ടയെ പൊലീസ് പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന അഞ്ചുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ വൈകാതെ പിടികൂടുമെന്ന് കോട്ടയം വെസ്റ്റ് സി ഐ ന്യൂസ് 18 നോട് പറഞ്ഞു. പൊലീസിനെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആണ് കേസ് രജിസ്റ്റർ ചെയ്തത്. പിടികൂടിയ ആളെ ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും. അലോട്ടിയേയും സംഭവത്തിൽ പ്രതി ചേർത്തിട്ടുണ്ട്.
advertisement
സംഭവം നടന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ഉള്ള സിസിടിവി പരിശോധിച്ച് തുടർ നടപടി എടുക്കാൻ പൊലീസ് നീക്കം നടത്തിയിരുന്നു. എന്നാൽ അക്രമം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങൾ ലഭിക്കുന്ന സിസിടിവി ഇല്ല എന്നാണ് കണ്ടെത്തിയത്. സംഭവം ഉണ്ടായതിനു തൊട്ടുപിന്നാലെ സിവിൽ ഓഫീസർമാരായ മഹേഷ് രാജും പ്രദീപും അലോട്ടിയെ ഓട്ടോയിൽ കയറ്റി ജില്ലാ ജയിലിൽ എത്തിക്കുകയായിരുന്നു.
advertisement
അതേസമയം ഇത്ര വലിയ സംഭവം ഉണ്ടായിട്ടും പൊലീസ് ഉടനടി സ്ഥലത്തെത്തിയില്ല എന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നുണ്ട്. നാട്ടുകാർ കൂട്ടംചേർന്ന് എത്തിയതോടെയാണ് പൊലീസിനെ രക്ഷിക്കാനായത്. കയ്യിലുണ്ടായിരുന്ന വിലങ്ങ് ഉപയോഗിച്ച് അലോട്ടി ഉദ്യോഗസ്ഥരെ മർദ്ദിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. തൊട്ടടുത്ത് പൊലീസ് സ്റ്റേഷനുകൾ ഉണ്ടായിട്ടും വേഗത്തിൽ കൂടുതൽ പൊലീസ് എത്താത്തത് ദൃക്സാക്ഷികളെ ആശ്ചര്യപ്പെടുത്തി. കൂടുതൽ പൊലീസ് സംഘം എത്തുമെന്ന് വിവരം ലഭിച്ചതോടെ ഗുണ്ടാസംഘം ഓടിരക്ഷപ്പെടുകയായിരുന്നു. കൂടുതൽ പ്രതികളെ പിടിച്ച ശേഷം ഇവരുടെ വിവരങ്ങൾ പുറത്തു വിടുമെന്നാണ് കോട്ടയം വെസ്റ്റ് സിഐ ന്യൂസ് 18 നോട് അറിയിച്ചത്.
Location :
First Published :
June 29, 2021 11:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയത്ത് ഗുണ്ടകൾ പൊലീസിനെ ആക്രമിച്ച സംഭവം; ഒരാൾ അറസ്റ്റിൽ; 5 പേർക്കെതിരെ കേസ്