പത്തനാപുരത്ത് പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
പത്തനാപുരം കെഎസ്ഇബി ഓഫീസിന് സമീപത്ത് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം
കൊല്ലം പത്തനാപുരത്ത് പട്ടാപകൽ നടുറോഡില്‍ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. കഴുത്തിലും വിരലിലും വെട്ടേറ്റു ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനാപുരം കടശ്ശേരി രേവതി വിലാസത്തിൽ രേവതി (24) ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ ഭർത്താവ് മലപ്പുറം സ്വദേശി ഗണേഷ് (30) പത്തനാപുരം പോലീസിന്‍റെ പിടിയിലായി.
പത്തനാപുരം കെഎസ്ഇബി ഓഫീസിന് സമീപത്ത് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. 9 മാസം മുൻപാണ് ഗണേശും രേവതിയും വിവാഹിതരാവുന്നത്. വിവാഹശേഷം ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതായി പറയപ്പെടുന്നു.
പല ദിവസങ്ങളിലും ഇവർ തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായിരുന്നതായി പത്തനാപുരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒരുമാസം മുമ്പ് രേവതിയെ കാണാനില്ലെന്ന് പറഞ്ഞു ഗണേഷ് പത്തനാപുരം പോലീസിൽ പരാതിയും നൽകിയിരുന്നു
advertisement
ഇതുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചയ്ക്കായി ഇന്ന് രണ്ടുപേരെയും പത്തനാപുരം പോലീസ് വിളിച്ചുവരുത്തിയിരുന്നു. ഒത്തുതീർപ്പ് ചർച്ച കഴിഞ്ഞ് സ്റ്റേഷന്റെ പുറത്തേക്ക് വരുന്ന വഴിയിൽ രേവതിയെ പിന്തുടർന്നെത്തി ജനമധ്യത്തിൽ വച്ച് ഗണേഷ് കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് വെട്ടുകയായിരുന്നു.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ രേവതിയുടെ ഒരു വിരൽ മുറിഞ്ഞു പോയിട്ടുണ്ട്. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാൻ തുടങ്ങിയ ഗണേശിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് പോലീസിനെ കൈമാറുകയായിരുന്നു.
advertisement
രക്തം വാർന്ന നിലയിൽ നിലത്തു കിടന്നിരുന്ന രേവതിയെ നാട്ടുകാരാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. രേവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവം അറിഞ്ഞ് ധനമന്ത്രി കെ എൻ ബാലഗോപാൽ ആശുപത്രിയിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. യുവതിയുടെ മുറിവ് ഗുരുതരമാണെന്നാണ് വിവരം. പ്രതി ഗണേഷ് ഇപ്പോൾ പത്തനാപുരം പോലീസിന്‍റെ കസ്റ്റഡിയിലാണ് .
Location :
Kollam,Kerala
First Published :
August 15, 2023 5:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തനാപുരത്ത് പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍


