സിദ്ദിഖ് പന്നൂർ
കോഴിക്കോട്: താമരശേരി പരപ്പന്പൊയിലില് ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവം സ്വര്ണ്ണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലെന്ന് സൂചന. തട്ടിക്കൊണ്ടുപോകപ്പെട്ട ഷാഫിക്ക് കോടിളുടെ ഇടപാടുണ്ടെന്നും സൗദിയില് നിന്ന് കോടികളുടെ സ്വര്ണ്ണം തട്ടിയതുമായി ഇതിന് ബന്ധമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. റൂറല് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില് ഏതാനും പേരെ ചോദ്യം ചെയ്തപ്പോഴാണ് നിര്ണ്ണായക വിവരങ്ങള് ലഭിച്ചത്. ഉത്തര മേഖല ഡി ഐ ജി യുടെ നേതൃത്വത്തില് താമരശ്ശേരിയില് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്ന്നു.
താമരശ്ശേരി പരപ്പന്പൊയില് കുറുന്തോട്ടിക്കണ്ടി ഷാഫി, ഭാര്യ സനിയ എന്നിവരെ വെള്ളിയാഴ്ച രാത്രി തോക്കുമായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സനിയയെ അല്പം അകലെ ഇറക്കി വിട്ടിരുന്നു. കൊടുവള്ളി സ്വദേശിയായ സാലിയും മറ്റൊരാളും തമ്മിലുള്ള സാമ്പത്തിക ഇടപാടിന് മധ്യസ്ഥ വഹിച്ചിരുന്നുവെന്നും ഇതിന്റെ പേരില് സാലിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്നുമാണ് ഷാഫിയുടെ ബന്ധുക്കള് പറഞ്ഞിരുന്നത്.
എന്നാല് സൗദി എയര്പോര്ട്ടില് നിന്ന് തട്ടിയെടുത്ത 300 കിലോ സ്വര്ണ്ണം വില്പ്പന നടത്തിയതുമായി ബന്ധപ്പെട്ട കോടികളുടെ ഇടപാടാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതില് എത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. തട്ടിയെടുത്ത സ്വര്ണ്ണത്തില് ഒരു വിഹിതം വില്പ്പന നടത്താന് ഷാഫിയേയും സഹോദരനെയും ഏല്പ്പിച്ചുവെന്നും ഇതിന്റെ പണം നല്കാതെ കബളിപ്പിച്ചുവെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങള്.
തട്ടിക്കൊണ്ടുപോകലിന് വന് സ്വര്ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതോടെ ഉത്തര മേഖല ഡി ഐ ജി പുട്ട വിമലാദിത്യ താമരശ്ശേരിയിലെത്തി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്ത്തു. താമരശ്ശേരി ഡി വൈ എസ് പി ഓഫീസില് നടന്ന യോഗത്തില് റൂറല് ജില്ലാ പോലീസ് മേധാവി ആര് കറുപ്പ സ്വാമി, എ എസ് പി പ്രദീപ്, സ്പെഷ്യല് ബ്രാഞ്ച് ഡി വൈ എസ് പി ബാലചന്ദ്രന്, താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് തെങ്ങലക്കണ്ടി, താമരശ്ശേരി, കൊടുവള്ളി, മുക്കം ഇന്സ്പെക്ടര്മാര് തുടങ്ങിയവര് പങ്കെടുത്തു.
വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത രണ്ടുപേരെ ഇതേവരെ വിട്ടയച്ചിട്ടില്ല. നേരത്തെ ഷാഫിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളാണ് കസ്റ്റഡിയിലുള്ളത്. ഇവര്ക്ക് തട്ടിക്കൊണ്ടുപോകലില് പങ്കുള്ളതായ സൂചനകള് ലഭിച്ചിട്ടില്ല. ഡി ഐ ജി യുടെ നേതൃത്വത്തില് കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം കൂടുതല് നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Gold smuggling, Kozhikode