'നിനക്കുള്ള ആദ്യ ഡോസാണിത്'; ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹോട്ടലുടമ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
ലൈംഗിക താൽപര്യങ്ങളും ശരീര വർണനയും നടത്തി മുക്കത്തെ സങ്കേതം ഹോട്ടലുടമ ദേവദാസ് ജീവനക്കാരിക്ക് വാട്സാപ്പ് വഴി സന്ദേശങ്ങളും അയച്ചിരുന്നു. മോശമായ പെരുമാറ്റത്തിന് പലവട്ടം മാപ്പ് പറയുന്ന ദേവദാസ് യുവതി പരിക്കു പറ്റി ആശുപത്രിയിലായ ശേഷമാണ് ഭീഷണി സന്ദേശം അയച്ചത്
കോഴിക്കോട് മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. പീഡനശ്രമത്തിന് ശേഷം ഹോട്ടലുടമ യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ലൈംഗിക താൽപര്യങ്ങളും ശരീര വർണനയും നടത്തി മുക്കത്തെ സങ്കേതം ഹോട്ടലുടമ ദേവദാസ് ജീവനക്കാരിക്ക് വാട്സാപ്പ് വഴി സന്ദേശങ്ങളും അയച്ചിരുന്നു. മോശമായ പെരുമാറ്റത്തിന് പലവട്ടം മാപ്പ് പറയുന്ന ദേവദാസ് യുവതി പരിക്കു പറ്റി ആശുപത്രിയിലായ ശേഷമാണ് ഭീഷണി സന്ദേശം അയച്ചത്. 'നിനക്കുള്ള ആദ്യ ഡോസാണിത്' എന്നാണ് ഭീഷണി.
പലവട്ടം ദേവദാസ് അപമര്യാദയായി പെരുമാറിയതോടെ ജോലി രാജിവയ്ക്കുന്നതായി യുവതി അറിയിച്ചതോടെയാണ് ക്ഷമാപണം നടത്തി സന്ദേശങ്ങൾ അയച്ചത്. തന്റെ ഭാഗത്തുനിന്നും ഇനി മോശമായ ഒരു പെരുമാറ്റവും ഉണ്ടാവില്ലെന്ന് ദേവദാസ് ഉറപ്പു നൽകുന്നു. ബിസിനസ് പരമായ ബന്ധങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അവസാനമായി ഒരവസരം നൽകണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. കടമായി നൽകിയ പണം തിരിച്ചയക്കരുത്. 'നീ സങ്കേതത്തിലെ മാലാഖ' ആണെന്നും വാട്സാപ്പ് സന്ദേശത്തിലുണ്ട്.
ദേവദാസിന്റെ ഉറപ്പുകൾ വിശ്വസിച്ച് ജോലിയിൽ തുടർന്ന യുവതിയോട് ഏതാനും ദിവസങ്ങൾക്കുള്ളിൽ വീണ്ടും ദേവദാസ് ലൈംഗിക താൽപര്യങ്ങൾ വ്യക്തമാക്കുന്ന സന്ദേശങ്ങളും പുറത്തു വന്നു. യുവതിയുടെ ശരീരഭാഗങ്ങളെക്കുറിച്ചും ഇയാൾ വർണനകൾ നടത്തുന്നുണ്ട്. മോശമായ പെരുമാറ്റവും സന്ദേശങ്ങളും ഉണ്ടാവരുതെന്ന് യുവതി ആവർത്തിച്ച് ആവശ്യപ്പെടുന്നതും സന്ദേശങ്ങളിൽ വ്യക്തമാണ്.
advertisement
ദേവദാസിൽ നിന്നുള്ള ശല്യം ഏറിയതോടെയാണ് യുവതി ഇക്കാര്യം ഇയാളുടെ ഭാര്യയെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. പിന്നീട് ഭീഷണിയുമായി ദേവദാസും ജീവനക്കാരും താമസസ്ഥലത്ത് എത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്നാണ് യുവതി രക്ഷപ്പെടാനായി ഒന്നാം നിലയിൽ നിന്ന് ചാടിയതും ഗുരുതരമായി പരുക്കേറ്റതും. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയും യുവതിക്ക് ദേവദാസ് സന്ദേശം അയച്ചു.നിനക്കുള്ള ആദ്യ ഡോസ് ആണിതെന്നായിരുന്നു ഭീഷണി. ഈ സന്ദേശത്തിൻ്റെ പിന്നാലെ അയച്ച രണ്ട് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഒളിവിൽ പോകുന്നതിനിടെ കുന്നംകുളത്ത് വച്ച് പിടിയിലായ ദേവദാസ് റിമാൻഡിലാണ്. ദേവദാസിന്റെ കൂട്ടാളികളായ രണ്ട് ജീവനക്കാർ കീഴടങ്ങി. സുരേഷ്, റിയാസ് എന്നിവരാണ് താമരശ്ശേരി കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
advertisement
വീട്ടിൽ അതിക്രമിച്ചു കയറൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് നിലവിൽ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
February 06, 2025 9:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'നിനക്കുള്ള ആദ്യ ഡോസാണിത്'; ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹോട്ടലുടമ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്