കെസിഎൽ സെമിഫൈനൽ ഇന്ന്: ആദ്യ മത്സരം തൃശൂരും കൊല്ലവും തമ്മിൽ
- Published by:Sarika N
- news18-malayalam
Last Updated:
വൈകുന്നേരം നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസുമായി ഏറ്റുമുട്ടും
കെസിഎൽ സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ തൃശൂർ ടൈറ്റൻസ് കൊല്ലം സെയിലേഴ്സിനെ നേരിടും. വൈകുന്നേരം 6.45-ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസുമായി ഏറ്റുമുട്ടും.
10 മത്സരങ്ങളിൽനിന്ന് ആറ് വിജയങ്ങളോടെ 12 പോയിന്റ് നേടി തൃശൂർ ടൈറ്റൻസ് രണ്ടാം സ്ഥാനത്താണ്. അഞ്ച് വിജയങ്ങളോടെ 10 പോയിന്റുള്ള കൊല്ലം സെയിലേഴ്സ് മൂന്നാം സ്ഥാനക്കാരാണ്. ആദ്യ സെമി ഫൈനൽ മത്സരം ബാറ്റിങ് കരുത്തിന്റെ പോരാട്ടമാവുമെന്ന് വിലയിരുത്തപ്പെടുന്നു. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബാറ്റിങ് നിരകളിലൊന്നാണ് തൃശൂരിന്റേത്. അഹ്മദ് ഇമ്രാന്റെ മികച്ച ഫോമാണ് ഇതിൽ നിർണ്ണായകമായത്. അവസാന മത്സരങ്ങളിൽ ഫോമിലേക്ക് ഉയർന്ന ആനന്ദ് കൃഷ്ണൻ, ഷോൺ റോജർ, അർജുൻ എ കെ തുടങ്ങിയ താരങ്ങളും തൃശൂരിന് പ്രതീക്ഷ നൽകുന്നു. സിബിൻ ഗിരീഷും ആദിത്യ വിനോദും നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്. വിക്കറ്റ് വേട്ടയിൽ സിബിൻ നിലവിൽ രണ്ടാം സ്ഥാനത്താണ്.
advertisement
മറുവശത്ത്, കൊല്ലത്തിന്റെ ശക്തി അവരുടെ മികച്ച ബാറ്റിങ് നിരയാണ്. സച്ചിൻ ബേബി, വിഷ്ണു വിനോദ്, അഭിഷേക് ജെ നായർ, വത്സൽ ഗോവിന്ദ് എന്നിവരടങ്ങുന്ന ബാറ്റിങ് നിര ഫോമിലെത്തിയാൽ കൊല്ലത്തെ പിടിച്ചുനിർത്തുന്നത് എതിരാളികൾക്ക് വെല്ലുവിളിയാകും. ഷറഫുദ്ദീൻ, വിജയ് വിശ്വനാഥ്, എം എസ് അഖിൽ എന്നിവരുടെ ഓൾറൗണ്ട് പ്രകടനവും കൊല്ലത്തിന് കരുത്ത് പകരുന്നു. ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും കൊല്ലത്തിനായിരുന്നു വിജയം. ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ ആധികാരിക ജയം നേടിയപ്പോൾ, രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു അവരുടെ വിജയം.
advertisement
രണ്ടാം സെമി ഫൈനലിൽ കൊച്ചിയുടെ എതിരാളി കാലിക്കറ്റാണ്. ടൂർണമെന്റിൽ കളിച്ച 10 മത്സരങ്ങളിൽ എട്ടിലും വിജയിച്ച് 16 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് കൊച്ചി സെമിയിലെത്തിയത്. സഞ്ജു സാംസന്റെ സാന്നിധ്യമായിരുന്നു ടീമിന്റെ പ്രധാന ശക്തി. ദേശീയ ടീമിനൊപ്പം ചേരേണ്ടതിനാൽ സഞ്ജുവിന് സെമി ഫൈനലിൽ കളിക്കാനാവില്ല. എന്നിരുന്നാലും, സഞ്ജുവിന്റെ അഭാവത്തിലും കഴിഞ്ഞ മത്സരങ്ങളിൽ വിജയിക്കാൻ സാധിച്ചത് ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. വിനൂപ് മനോഹരൻ, മൊഹമ്മദ് ഷാനു എന്നിവർക്കൊപ്പം മൊഹമ്മദ് ആഷിഖ്, ആൽഫി ഫ്രാൻസിസ് ജോൺ, ജോബിൻ ജോബി, ജെറിൻ പി.എസ് എന്നിവരടങ്ങുന്ന ഓൾറൗണ്ട് നിരയും കൊച്ചിയുടെ കരുത്താണ്. കെ എം ആസിഫിന്റെ നേതൃത്വത്തിലുള്ള ബോളിങ് നിരയും ശക്തമാണ്.
advertisement
മറുവശത്ത്, സൽമാൻ നിസാറിന്റെ അസാന്നിധ്യം കാലിക്കറ്റിന് ഒരു നഷ്ടമാണ്. എങ്കിലും, രോഹൻ കുന്നുമ്മൽ, കൃഷ്ണദേവ്, അൻഫൽ, അജ്നാസ് എന്നിവരടങ്ങുന്ന ബാറ്റിങ് നിരയും അഖിൽ സ്കറിയയുടെ ഓൾറൗണ്ട് മികവും ചേരുമ്പോൾ കൊച്ചിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ കാലിക്കറ്റിന് കഴിയും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 05, 2025 12:44 PM IST