28 കോടി രൂപയുടെ തട്ടിപ്പ്: സൗത്ത് ഇന്ത്യന്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
- Published by:Vishnupriya S
- news18-malayalam
Last Updated:
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ റീജിയണല്‍ ഹെഡ് നല്‍കിയ പരാതിയിലാണ് അസിസ്റ്റന്റ് മാനേജര്‍ രാഹുല്‍ ശര്‍മയ്‌ക്കെതിരെ പോലീസ് കേസെടുത്തത്
നോയിഡ: 28 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ റീജിയണല്‍ ഹെഡും ഡെപ്യൂട്ടി ജനറല്‍ മാനേജറുമായ രഞ്ജിത് ആര്‍ നായര്‍ നല്‍കിയ പരാതിയിലാണ് അസിസ്റ്റന്റ് മാനേജര്‍ രാഹുല്‍ ശര്‍മയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. ഒരു കമ്പനിയുടെ വ്യത്യസ്ത അക്കൗണ്ടുകളില്‍ നിന്ന് രാഹുല്‍ ശര്‍മ തന്റെയും തന്റെ പരിചയക്കാരുടെയും അക്കൗണ്ടിലേക്ക് 28 കോടി രൂപ മാറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്.
കുടുംബത്തോടൊപ്പം രാഹുല്‍ ശര്‍മ രാജ്യം വിട്ടതായി സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. ''ഒളിവില്‍ പോയതായി സംശയിക്കുന്നതിനാലാണ് ഇയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പണം കൈമാറുന്നതിന് രാഹുല്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഇയാള്‍ ഒളിവിലാണ്, '' ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.
advertisement
പണം തട്ടിയെടുക്കുന്നതിന് തന്റെ അനന്തരവന്റെ ബാങ്ക് അക്കൗണ്ട് രാഹുല്‍ ശര്‍മ ഉപയോഗിച്ചതായി നോയിഡ സ്വദേശിയായ നവാല്‍ സിങ് ആരോപിച്ചു. ''രാഹുല്‍ ശര്‍മ എന്റെ അനന്തരവന്റെ അയല്‍വാസിയായിരുന്നു. 20 ലക്ഷം രൂപ തനിക്ക് പണമായി ആവശ്യമുണ്ടെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ അനന്തിരവനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കുശേഷം അനന്തരവന്റെ അക്കൗണ്ടിലേക്ക് പണം എത്തി. ഇതിന് പിന്നാലെ പണം തിരികെ നല്‍കണമെന്ന് കാട്ടി ബാങ്ക് നോട്ടീസ് അയച്ചിരിക്കുകയാണെന്നും'' അദ്ദേഹം പറഞ്ഞു.
ബാങ്കിന്റെ ആഭ്യന്തര രഹസ്യവിഭാഗം മേധാവിക്ക് ഡിസംബര്‍ മൂന്നിന് ശര്‍മ ഇമെയില്‍ സന്ദേശം അയച്ചതായി രഞ്ജിത് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബാങ്കിന്റെ ഇടപാടുകാരില്‍ ഒരാളുമായി ബന്ധമുള്ള കുറച്ച് ആളുകള്‍ ചില നിയമവിരുദ്ധ ഇടപാടുകള്‍ നടത്താന്‍ ആവശ്യപ്പെടിട്ടുണ്ടെന്നും അദ്ദേഹം എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തുന്നതായും ഇമെയില്‍ സന്ദേശത്തില്‍ പറയുന്നതായി രഞ്ജിത്ത് പരാതിയില്‍ പറഞ്ഞു.
advertisement
ബാങ്കിന്റെ സെക്ടര്‍ 22 ബ്രാഞ്ചില്‍ അക്കൗണ്ടുള്ള അസോസിയേറ്റഡ് ഇലക്ട്രോണിക് റിസേര്‍ച്ച് ഫൗണ്ടേഷനെതിരേ (എഇആര്‍എഫ്) കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ശര്‍മ ബാങ്കിനോട് ആവശ്യപ്പെട്ടു. ഈ സംഘടനയുടെ ഡയറക്ടര്‍മാര്‍ക്ക് ഹവാല ഇടപാടുകള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍, തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ശര്‍മ 28 കോടി രൂപ അനധികൃതമായി പിന്‍വലിച്ചുവെന്ന് കാട്ടി സംഘടനയും പരാതി നല്‍കി. ''രാഹുല്‍ ശര്‍മ ഇതിനോടകം തന്നെ രാജ്യം വിട്ടെന്നാണ് കരുതുന്നത്. അതിനാല്‍ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഇമിഗ്രേഷന്‍ അധികൃതരുമായി ചേര്‍ന്ന് അടിയന്തരനടപടി സ്വീകരിക്കണം'' രഞ്ജിത് നായർ പരാതിയില്‍ ആവശ്യപ്പെട്ടു.
Location :
Noida,Gautam Buddha Nagar,Uttar Pradesh
First Published :
December 23, 2023 4:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
28 കോടി രൂപയുടെ തട്ടിപ്പ്: സൗത്ത് ഇന്ത്യന്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്