നവകേരള സദസിൽ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞടുത്ത അതേ യുവാവ് കത്തിക്കുത്ത് കേസിൽ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പൊലീസ് സുരക്ഷ ഭേദിച്ചു ബാരിക്കേഡ് മറികടന്നു വേദിക്ക് സമീപത്തേക്ക് പാഞ്ഞടുത്ത് പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച യുവാവിനെ കത്തിക്കുത്തുകേസിൽ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു
കൊല്ലം: പുനലൂരിലെ നവകേരള സദസില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ കനത്ത പൊലീസ് സുരക്ഷ ഭേദിച്ചു ബാരിക്കേഡ് മറികടന്നു വേദിക്ക് സമീപത്തേക്ക് പാഞ്ഞടുത്ത് പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച യുവാവിനെ കത്തിക്കുത്തുകേസിൽ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരവാളൂർ നരിക്കൽ സ്വജേശി ഹരിലാൽ (33) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമീപം ഇടമൺ ലക്ഷംവീട് വലിയവിള പടിഞ്ഞാറ്റേതിൽ വീട്ടിൽ ഷാജഹാനെ കുത്തിപരുക്കേൽപ്പിച്ച കേസിലാണ് ഹരിലാൽ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ബസ് സ്റ്റാൻഡിന് സമീപം വച്ച് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് ഹരിലാൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ഷാജഹാനെ ഗുരുതരമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
പിങ്ക് പൊലീസിന്റെ വാഹനം ആക്രമിച്ചത് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഹരിലാൽ എന്നും പൊലീസ് അറിയിച്ചു. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
ഈ മാസം 18നു പുനലൂരിൽ നവകേരളസദസ്സിൽ പ്രസംഗിക്കവെ മുഖ്യമന്ത്രി, ‘ഈ പരിപാടി ഏതെങ്കിലും മുന്നണികൾക്ക് എതിരല്ല. ഏതെങ്കിലും മുന്നണികൾക്ക് അനുകൂലമോ അല്ല. ഈ പരിപാടി നാടിനു വേണ്ടിയാണ്. ഈ പരിപാടി ജനങ്ങൾക്ക് വേണ്ടിയാണ്’ എന്നു പറഞ്ഞപ്പോൾ ‘അല്ല.. അല്ല’ എന്ന പറഞ്ഞാണ് ബാരിക്കേഡ് കടന്ന് ഹരിലാൽ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എത്തിയത്.
അന്ന് ഹരിലാലിനെ പൊലീസ് പിടികൂടി സ്റ്റേഡിയത്തിന്റെ പിൻഭാഗത്തുള്ള റോഡിലേക്കു കൊണ്ടുപോവുകയും ഈ സമയം നവ കേരളസദസ്സിന്റെ ബനിയൻ ധരിച്ച വൊളന്റിയർമാർ ഹരിലാലിനെ പൊലീസിന്റെ സാന്നിധ്യത്തിൽ കൈകാര്യം ചെയ്യുകയും ആയിരുന്നു. ഹരിലാലിനെ പിന്നീട് കരുതൽ തടങ്കലായി പൊലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം നവകേരള സദസ് അവസാനിച്ച ശേഷം വിട്ടയച്ചിരുന്നു.
Location :
Kollam,Kollam,Kerala
First Published :
December 23, 2023 8:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നവകേരള സദസിൽ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞടുത്ത അതേ യുവാവ് കത്തിക്കുത്ത് കേസിൽ അറസ്റ്റിൽ