എക്സൈസ് പിടിമുറുക്കി;എംഡിഎംഎയുമായി കുഞ്ഞാവ വലയിൽ കുരുങ്ങി
- Published by:Sarika N
- news18-malayalam
Last Updated:
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എക്സൈസ് നടത്തുന്ന പ്രത്യേക പരിശോധനയിലാണ് പ്രതി കുടുങ്ങിയത്
താമരശ്ശേരി: കൊടുവള്ളി, പൂനൂർ, നരിക്കുനി ഭാഗങ്ങളിൽ ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി എക്സൈസ് പിടിയിലായി. പൂനൂർ സ്വദേശി 'കുഞ്ഞാവ' എന്ന് വിളിക്കുന്ന ജ്യോതിഷ് (32) ആണ് 9.935 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എക്സൈസ് നടത്തുന്ന പ്രത്യേക പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണർ ജിമ്മി ജോസഫിന്റെ സ്പെഷ്യൽ സ്ക്വാഡും താമരശ്ശേരി സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് ആറും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ജ്യോതിഷ് പിടിയിലാകുന്നത്. മുൻപും നിരവധി മയക്കുമരുന്ന് കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്.
പ്രതിയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് വ്യാപാര സംഘങ്ങൾ എക്സൈസിന്റെ കർശന നിരീക്ഷണത്തിലാണ്. ഇത്തരം ലഹരി മാഫിയകളെ ഉന്മൂലനം ചെയ്യാൻ ജനങ്ങളുടെ പൂർണ്ണ പിന്തുണ ആവശ്യമാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജിമ്മി ജോസഫ് അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷംസുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ഷിഞ്ചുകുമാർ, ഡ്രൈവർ പ്രജീഷ്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ഷാജു, അജിത്ത്, അശിൽദ്, ജിത്തു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Mar 26, 2026 9:04 AM IST










