മരുസാഗർ എക്സ്പ്രസ് യാത്രികനെ ഷൊർണൂരിൽ വച്ച് കുത്തിയ കേസിൽ പ്രതി സിയാദ് പിടിയിൽ. ഷൊർണൂർ റെയിൽവേ പൊലീസാണ് ഇയാളെ അറസ്റ് ചെയ്തത്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് സഹയാത്രികനെ കുത്തിപ്പരിക്കേൽപ്പിച്ചത്.
ബാൻഡ് കലാകാരനായ പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കണ്ണിനു സമീപത്തായി കുത്തേറ്റത്. ട്രെയിൻ സ്റ്റേഷനിൽ നിർത്താൻ പോകവേ മദ്യക്കുപ്പി കൊണ്ട് സിയാദ് ദേവദാസിനെ ഉപദ്രവിക്കുകയായിരുന്നു.
Also read: സീറ്റിനു വേണ്ടി തർക്കം; ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു
തൃശൂരിൽ നിന്നും കയറിയ സിയാദ് ജനറൽ കംപാർട്മെന്റിലെ വനിതായാത്രക്കാരെ ശല്യം ചെയ്തത് ദേവദാസ് ചോദ്യം ചെയ്തു. ഷൊർണുർ വരെ തർക്കം തുടർന്നു. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിനു തൊട്ടുമുൻപ് കയ്യിലെ മദ്യക്കുപ്പി പൊട്ടിച്ച് ദേവദാസിനെ കുത്തുകയായിരുന്നു.
പരിക്കേറ്റ ദേവദാസിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സിയാദിന്റെ പേരിൽ തൃശൂർ ഈസ്റ്റ്, പവറട്ടി, ഗുരുവായൂർ പോലീസ് സ്റ്റേഷനുകളിൽ മോഷണം ഉൾപ്പെടെയുള്ള കേസുകളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.