കൊച്ചി: മന്ത്രി ആന്റണി രാജു (Minister Antony Raju) പ്രതിയായ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കണമന്ന് ആവശ്യപ്പെട്ടുളള സ്വകാര്യ ഹര്‍ജി ഹൈക്കോടതി (Kerala High Court) ഇന്ന് പരിഗണിക്കും. കേസ് അട്ടിമറിക്കാന്‍ വിചാരണ മനഃപൂര്‍വം വൈകിക്കുന്നെന്നാണ് ഹർജിയിലെ ആക്ഷേപം. പ്രതിയായ മന്ത്രി കോടതിയില്‍ ഹാജരാകാന്‍ പോലും തയാറായിട്ടില്ല. കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലും ദുരുദ്ദേശങ്ങളുമുണ്ടെന്നും ഹര്‍ജിയിലുണ്ട്. ഈ സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി തന്നെ സമയം നിശ്ചയിക്കണമെന്നാണ് ആവശ്യം. മൂന്ന് മാസത്തിനുളളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് തിരുവനന്തപുരം സിജെഎം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. മയക്കുമരുന്ന് കേസില്‍ വിദേശയായ പ്രതിയെ രക്ഷിക്കാന്‍ ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്.
Also Read- മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കും
1994 ലാണ് സംഭവുമുണ്ടാകുന്നത്. തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്. 2006 ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ ആരംഭിക്കുമ്പോള്‍ മന്ത്രിക്കെതിരായ പ്രോസിക്യൂഷൻ വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. 29 സാക്ഷികളില്‍ എല്ലാവരും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. മൂന്ന് പേര് മരിച്ചു. ബാക്കി എല്ലാവരും 60 വയസ്സിന് മേല്‍ പ്രായമുള്ളവരും.
വര്‍ഷങ്ങള്‍ പഴക്കമുള്ള സംഭവത്തില്‍ സാക്ഷിമൊഴികളും തെളിവുകളും കോടതിയില്‍ സമര്‍ത്ഥിക്കണമെങ്കില്‍ പ്രോസിക്യൂഷന് അതിശക്തമായി വാദിക്കണം. സാക്ഷികളെ പഴയകാര്യങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കണം. നിലവില്‍ ഒരു സര്‍ക്കാര്‍ അഭിഭാഷകയാണ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നത്. മന്ത്രിക്കെതിരായ കേസില്‍ എത്രത്തോളം സര്‍ക്കാര്‍ അഭിഭാഷകന് വാദിക്കുമെന്നതാണ് ചോദ്യം.
നിലവില്‍ വിചാരണ ഇഴഞ്ഞുപോകുന്ന കേസില്‍ ഇതിനകം മന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തല്‍ വന്നെങ്കിലും സര്‍ക്കാറിന് വലിയ അനക്കമില്ല. പ്രതിപക്ഷ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതിനിടെ 2014 ലെ സുപ്രീം കോടതി പരാമര്‍ശവും ആന്റണി രാജുവിന് കുരുക്കാകുന്നുണ്ട്. കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നവര്‍ മന്ത്രിയാകുന്നത് ശരിയാണോ എന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പരിഗണിക്കണമെന്നായിരുന്നു നിരീക്ഷണം. കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നവര്‍ മന്ത്രിയാകുന്നത് തടയണമെങ്കില്‍ ജനപ്രാനിധിത്യ നിയമത്തില്‍ മാറ്റം വരുത്തണമെന്നും, പക്ഷെ പ്രതികള്‍ മന്ത്രിമാരാകുന്നത് ധാര്‍മികതയുടെ പ്രശ്നമാണെന്നും മൂന്നംഗ ബഞ്ച് 2018ലും നിരിക്ഷിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.