കോഴിക്കോട് ഡ്യൂട്ടിക്കെത്തിയശേഷം കാണാതായ പൊലീസുകാരൻ മരിച്ച നിലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം
കോഴിക്കോട്: കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സിവിൽ പൊലീസ് ഓഫീസർ പാതിരിപ്പറ്റ മൈത്രി ബസ് സ്റ്റോപ്പിന് സമീപം മാവുള്ള ചാലിൽ സുധീഷ് (41) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതൽ സുധീഷിനെ സ്റ്റേഷനിൽ നിന്ന് കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ ആളൊഴിഞ്ഞ പാർക്കിങ് ഗ്രൗണ്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ടി ബി റോഡിൽ മൈജിക്ക് സമീപമാണ് ഈ കെട്ടിടം.
ചിട്ടി കമ്പനി തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്നയാളാണ് സുധീഷ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തിൽ കേസ് ഫയൽ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനിടെ സുധീഷിന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാത്രിയിൽ ഇൻക്വസ്റ്റ് നടത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
advertisement
പിതാവ് കൃഷ്ണൻ, മാതാവ് ജാനു, ഭാര്യ സിനി (നരിപ്പറ്റ സ്കൂൾ അധ്യാപിക), മക്കൾ : ജഗത്കൃഷ്ണ (ഒരുവയസ്)
Location :
Kozhikode,Kozhikode,Kerala
First Published :
October 24, 2023 8:24 AM IST