Say no to bribery | 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ ഓഫീസർ അറസ്റ്റിൽ
- Published by:Sarath Mohanan
- news18-malayalam
Last Updated:
കോടതിയിൽ അഭിഭാഷകർക്ക് നൽകുന്ന പണം തങ്ങൾ തന്നാൽ പോരെ എന്ന് ഉദ്യോഗസ്ഥർ ചോദിച്ചതായി പരാതിക്കാരനായ ജോസ് സെബാസ്റ്റ്യൻ പറയുന്നു.
കോട്ടയം(Kottayam) ജില്ലയിലെ ഉന്നതനായ സർക്കാർ ഓഫീസർ ആണ് കൈക്കൂലി(bribe) വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. മലിനീകരണ നിയന്ത്രണ ബോർഡ്(Pollution control board) ഉദ്യോഗസ്ഥൻ എം എം ഹാരിസ് ആണ് വിജിലൻസിന്റെ തന്ത്രപരമായ കുരുക്കിൽപ്പെട്ടത്. മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ ഓഫീസർ ആണ് എ.എം.ഹാരിസ്.
ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാളിൽ നിന്നും 25000 രൂപയും പല രേഖകളും വിജിലൻസ് പിടികൂടിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഇതേ ആവശ്യത്തിന് കൈക്കൂലി ചോദിച്ച മുൻ ജില്ലാ ഓഫീസർ ജോസ് മോൻ കേസിൽ രണ്ടാം പ്രതിയാണ്.
പാലാ സ്വദേശിയായ ജോസ് സെബാസ്റ്റ്യൻ അനുബന്ധ സ്ഥാപനം 2016 ലാണ് ആരംഭിച്ചത്. ഈ സ്ഥാപനത്തിനെതിരെ അയൽവാസി ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പരാതി നൽകി. ഇതോടെയാണ് സ്ഥാപനമുടമ ജോസ് സെബാസ്റ്റ്യൻ മലിനീകരണ തോത് അളക്കുന്നതിനുവേണ്ടി മലിനീകരണ നിയന്ത്രണ ബോർഡിനെ സമീപിച്ചത്. എന്നാൽ അന്നു മുതൽ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി ജോസ് ബാസ്റ്റ്യൻ പറയുന്നു. ഒരു ലക്ഷം രൂപയാണ് മുൻ ജില്ലാ ഓഫീസർ ആയ ജോസ് മോൻ ആവശ്യപ്പെട്ടത്. ഒടുവിൽ കൈക്കൂലി നൽകാതെ വന്നതോടെ സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായും തടസ്സപ്പെട്ടു.
advertisement
സ്ഥാപനം പ്രവർത്തിക്കുന്നതിന് അനുമതി തേടി ജോസ് സെബാസ്റ്റ്യൻ പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ നിന്നും അനുകൂലവിധി ഉണ്ടായതോടെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനമാരംഭിച്ചത്. ശബ്ദ മലിനീകരണ തോത് പരിശോധിച്ച് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചുവെങ്കിലും 24 മണിക്കൂറും പ്രവർത്തിക്കാനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയില്ല. വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചതോടെ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരനായ ജോസ് സെബാസ്റ്റ്യൻ പറയുന്നു.
കോടതിയിൽ അഭിഭാഷകർക്ക് നൽകുന്ന പണം തങ്ങൾ തന്നാൽ പോരെ എന്ന് ഉദ്യോഗസ്ഥർ ചോദിച്ചതായി ജോസ് സെബാസ്റ്റ്യൻ പറയുന്നു. പണം നൽകിയില്ലെങ്കിൽ സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും പോയി ആത്മഹത്യ ചെയ്യാൻ ഹാരിസ് പറഞ്ഞതായി ജോസ് സെബാസ്റ്റ്യൻ പറയുന്നു. ഇതോടെയാണ് വിജിലൻസിനെ സമീപിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. ഇന്ന് രാവിലെ അനുമതിക്കായി വിജിലൻസ് നൽകിയ പണവുമായി ഇയാൾ എത്തുകയായിരുന്നു. പണം കൈമാറിയതോടെ വിജിലൻസ് സംഘം നേരിട്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് ഇയാളിൽ നിന്നും തെളിവ് ശേഖരിച്ചു.
advertisement
ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാൾക്കെതിരെ മറ്റെന്തെങ്കിലും പരാതിയുണ്ടോ എന്ന കാര്യവും വിജിലൻസ് പരിശോധിച്ചുവരികയാണ്. നേരത്തെ സ്ഥാപനം പ്രവർത്തിക്കുന്നതിന് അനുമതി നിഷേധിച്ച ജോസ് മോനെതിരെയും കടുത്ത നടപടി എടുക്കാനാണ് തീരുമാനം. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥൻ തന്നെ കൈക്കൂലി കേസിൽ പിടിയിലായത് വകുപ്പിനെ ഞെട്ടിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ വകുപ്പുതല നടപടിയും വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.
Location :
First Published :
Dec 15, 2021 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Say no to bribery | 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ ഓഫീസർ അറസ്റ്റിൽ









