രഞ്ജിത്ത് ശ്രീനിവാസൻ കേസില്‍ വധശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണി; SDPI പഞ്ചായത്തംഗം അടക്കം 4 പേര്‍ അറസ്റ്റില്‍

Last Updated:

ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമാണ് പൊലീസിന്റെ പിടിയിലായത്

ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച ജഡ്ജിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നാല് പേര്‍ അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നസീർ മോൻ(42), തിരുവനന്തപുരം മംഗലപുരം സക്കീർ മൻസിലിൽ റാഫി(38), മണ്ണഞ്ചേരി പഞ്ചായത്തിലെ എസ്ഡിപിഐ അംഗം ആലപ്പുഴ തേവരംശേരിയിൽ നവാസ് നൈന (42), അമ്പലപ്പുഴ വണ്ടാനം പുതുവൽ വീട്ടിൽ ഷാജഹാൻ(36) എന്നിവരാണ് അറസ്റ്റിലായത്.
രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ മത, സാമുദായിക, രാഷ്ട്രീയ വിദ്വേഷം ഉളവാക്കുന്ന തരത്തിലും, കലാപം ഉണ്ടാക്കുന്ന തരത്തിലുമുള്ള ചിത്രങ്ങളും പ്രസ്താവനകളും പോസ്റ്റു ചെയ്തെന്ന കേസിൽ പതിമൂന്നോളം പേർക്കെതിരെ അന്വേഷണം നടത്തിയതിൽ 5 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 4 കേസുകളിലെ പ്രതികളെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. കേസ്സുകളുടെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി (ഒന്ന്) വി ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
advertisement
ഭീഷണിയുടെ പശ്ചാത്തലത്തിൽ ജഡ്ജിക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ക്വാർട്ടേഴ്‌സിൽ ഉൾപ്പെടെ ജഡ്ജിക്ക് എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്. സുരക്ഷ ഏര്‍പ്പെടുത്തിയതിന് പുറമേ ഭീഷണി ഉയര്‍ത്തിയ അക്കൗണ്ടുകള്‍ പൊലീസും സൈബര്‍ സെല്ലും നിരീക്ഷിക്കുന്നുമുണ്ട്. സമാനമായ രീതിയിലുള്ള പോസ്റ്റുകളും കമന്റുകളും ചെയ്തിരിക്കുന്ന അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്. ഷാന്‍ വധക്കേസില്‍ വിചാരണ ആരംഭിക്കാത്തത് പറഞ്ഞ് വര്‍ഗീയ ധ്രുവീകരണത്തിനും വിദ്വേഷം പടര്‍ത്താനും ശ്രമിക്കുന്ന പോസ്റ്റുകളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
ഇത്രയധികം പ്രതികള്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് ആദ്യമായാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് നിരീക്ഷിച്ച കോടതി കേസില്‍ വിചാരണ നേരിട്ട മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിക്കുകയായിരുന്നു. 2021 ഡിസംബര്‍ 19ന് രഞ്ജിത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
advertisement
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്റഫ് എന്നിവരാണ് കേസിലെ പ്രതികള്‍. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ മൂന്നുപേരുമാണ് ആദ്യ ഘട്ടത്തില്‍ വിചാരണ നേരിട്ടവര്‍.
അതേസമയം, കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയെന്ന് പൊലീസ് അറിയിച്ചു. ഇതോടെ പ്രതികളുടെ എണ്ണം 35 ആകും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
രഞ്ജിത്ത് ശ്രീനിവാസൻ കേസില്‍ വധശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണി; SDPI പഞ്ചായത്തംഗം അടക്കം 4 പേര്‍ അറസ്റ്റില്‍
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement