ഡല്‍ഹിയില്‍ തന്റെ ലിവ് ഇൻ റിലേഷൻഷിപ്പ് പങ്കാളിയായിരുന്ന ശ്രദ്ധ വാല്‍ക്കര്‍ എന്ന പെണ്‍കുട്ടിയെ കൊന്ന് 35 കഷ്ണങ്ങളാക്കി തെരുവിലെറിഞ്ഞ അഫ്താബ് പൂനാവാലയെപ്പറ്റിയുള്ള കഥകള്‍ ഞെട്ടലോടെയാണ് ലോകം കേട്ടത്. എന്നാല്‍ ഈ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് തെളിയിക്കുന്ന ചില വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ലിവിംഗ് ഇന്‍ റിലേഷനിലായിരുന്ന ശ്രദ്ധയും അഫ്താബും വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഡല്‍ഹിയിലേക്ക് താമസം മാറിയത്. പിന്നീട് ഇരുവരും തമ്മിൽ നടന്ന തര്‍ക്കമാണ് ശ്രദ്ധയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ശ്രദ്ധയെ കൊന്ന അഫ്താബ് അവളുടെ ശരീരം 35 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. പിന്നീട് 20 ദിവസത്തോളം എടുത്ത് അവ പലയിടങ്ങളിൽ ഉപേക്ഷിച്ചു. മെയ് 18നാണ് അഫ്താബ് ഈ ക്രൂരകൃത്യം ചെയ്തത്. ഏകദേശം 6 മാസം കഴിഞ്ഞാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.
എന്നാല്‍ ഇത്തരം അതിക്രൂര കൊലപാതകങ്ങള്‍ ഇതാദ്യമായല്ല ഇന്ത്യയില്‍ നടക്കുന്നത്. ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന് സമാനമായി ഇതിനുമുമ്പ് നടന്ന ചില ക്രൂരകൃത്യങ്ങളെപ്പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്.
1. അസംഗഢ് കേസ്: ശ്രദ്ധ വാല്‍ക്കര്‍ കേസ് ചര്‍ച്ചയായി ദിവസങ്ങള്‍ കഴിയും മുമ്പേ ഉത്തര്‍പ്രദേശിലെ അസംഗഢിലും സമാനമായ സംഭവം അരങ്ങേറി. അസംഗഢിലെ ഒരു കിണറ്റില്‍ കഷണങ്ങളാക്കിയ നിലയില്‍ ഒരു യുവതിയുടെ മൃതദേഹം പൊലീസിന് ലഭിച്ചിരുന്നു. അവയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മുന്‍കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രിന്‍സ് യാദവ് എന്ന ചെറുപ്പക്കാരനും അയാളുടെ വീട്ടുകാരും ബന്ധുവായ സര്‍വേഷുമാണ് കൊലപാതകത്തിന് പിന്നില്‍. പെണ്‍കുട്ടിയുടെ പേര് ആരാധന എന്നാണ്. വളരെക്കാലം മുമ്പ് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു പ്രിന്‍സ്. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രിന്‍സുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. ശേഷം ആരാധനയെ വേറൊരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് കൊലപാതകം അരങ്ങേറിയത്.
നവംബര്‍ 9ന് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രിന്‍സ് ആരാധനയെ തന്റെ ബൈക്കില്‍ കയറ്റി. ശേഷം ക്ഷേത്രത്തിനടുത്തുള്ള ഒരു കരിമ്പ് പാടത്ത് വെച്ച് ആരാധനയെ കഴുത്ത് ഞെരിച്ച് കൊന്നു. സര്‍വേഷും പ്രിന്‍സിനോടൊപ്പം ഉണ്ടായിരുന്നു. അതിന് ശേഷം ഇരുവരും ആരാധനയുടെ മൃതശരീരം 6 കഷണങ്ങളാക്കി മുറിച്ച് പോളിത്തീന്‍ ബാഗിലാക്കി അടുത്തുള്ള കിണറ്റില്‍ ഉപേക്ഷിച്ചു. ആരാധനയുടെ തല മുറിച്ചെടുത്ത് മറ്റൊരു കുളത്തിലാണ് ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു.
2. മുന്‍ നേവി ഉദ്യോഗസ്ഥന്റെ കൊലപാതകം: പശ്ചിമബംഗളിലാണ് ഈ സംഭവം നടന്നത്. മുന്‍ നേവി ഉദ്യോഗസ്ഥനായ ഉജ്ജ്വല്‍ ചക്രബര്‍ത്തിയാണ് കൊല്ലപ്പെട്ടത്. കൊന്നതാകട്ടെ അദ്ദേഹത്തിന്റെ മകനും ഭാര്യയും ചേര്‍ന്ന്. നവംബര്‍ 12നാണ് സംഭവം നടന്നത്. ചക്രബര്‍ത്തിയും വീട്ടുകാരും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. മകനുമായി മിക്കവാറും വഴക്കിടുക പതിവായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 12ന് കോളേജ് ഫീസുമായി ബന്ധപ്പെട്ട് മകനും ചക്രബര്‍ത്തിയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് മകന്‍ ചക്രബര്‍ത്തിയെ പിന്നിലേക്ക് പിടിച്ച തള്ളുകയും തലയിടിച്ച ചക്രബര്‍ത്തി അബോധാവസ്ഥയിലാകുകയും ചെയ്തു. തുടര്‍ന്ന് ചക്രബര്‍ത്തിയുടെ ഭാര്യയും മകനും ചേര്‍ന്ന് ഇദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം കഷണങ്ങളാക്കി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
3. അയേഷ കേസ്: 2020ലാണ് അയേഷ കൊലക്കേസ് നടക്കുന്നത്. ഈയടുത്ത് കേസില്‍ പ്രതിയായ സമീര്‍ ഖാന്‍ എന്ന യുവാവിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് കേസ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. സ്വന്തം ഭാര്യയായ അയേഷയെ സമീര്‍ ഖാന്‍ കൊന്ന് 6 കഷണങ്ങളാക്കി ബ്രീഫ്‌കേസില്‍ സൂക്ഷിക്കുകയും പിന്നീട് വഴിയിലുപേക്ഷിക്കുകയുമായിരുന്നുവെന്നാണ് കേസ്. 2020, ജൂലൈ 5നാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ ഒരു വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
4. ബംഗ്ലാദേശിലെ ഹിന്ദു യുവതിയുടെ കൊലപാതകം:ശ്രദ്ധ വാല്‍ക്കര്‍ കേസ് പുറത്ത് വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ബംഗ്ലാദേശില്‍ കവിതാ റാണി എന്ന യുവതി കൊല്ലപ്പെടുന്നത്. ഖുല്‍ന ജില്ലയിലാണ് സംഭവം നടന്നത്. കാമുകനായ അബുബക്കറാണ് കൊലയ്ക്ക് പിന്നില്‍. അബുബക്കര്‍ കവിതയുമായി പ്രണയത്തിലായിരുന്നു. ഇദ്ദേഹം വിവാഹിതനാണെന്ന കാര്യം കവിതയില്‍ നിന്ന് മറച്ചുവച്ചിരുന്നു. ഇത് അറിഞ്ഞ കവിത അബൂബക്കറുമായി വഴക്കിടുകയും ഇനിയും ബന്ധം തുരാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഇയാള്‍ കവിതയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കവിതയെ ആളില്ലാത്തയിടത്തേക്ക് വിളിച്ചുവരുത്തിയ പ്രതി അവരുടെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം മൂന്ന് കഷണങ്ങളായി മുറിച്ച് പോളിത്തീന്‍ ബാഗിലാക്കി ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു.
5. ഒഡിഷ കൊലപാതകം: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകം നടന്നത് 2013ലാണ്. വിരമിച്ച ആര്‍മി ഡോക്ടറായ സോമനാഥ് പരിഡയാണ് കേസിലെ പ്രതി. സ്വന്തം ഭാര്യയായ ഉഷാശ്രീയെ കൊന്ന് 300 കഷണങ്ങളാക്കി മുറിച്ച് ഉപേക്ഷിച്ചുവെന്നതാണ് കേസ്. ഒഡിഷയിലെ നയിപ്പള്ളി ജില്ലയിലാണ് കൊലപാതകം നടന്നത്. ഭാര്യയുടെ മൃതദേഹം 300 കഷണങ്ങളാക്കി മുറിച്ച പ്രതി അവയെ ടിഫിന്‍ ബോക്‌സിലും പോളിത്തീന്‍ ബാഗിലുമായി വീട്ടിലെ അടുക്കളയിലാണ് സൂക്ഷിച്ചത്. ഏകദേശം 20 ദിവസത്തോളം അവയെ പ്രതി വീട്ടില്‍ സൂക്ഷിച്ചതായി പൊലീസ് പറയുന്നു.
6. നീരജ് ഗ്രോവര്‍ കേസ്: മെയ് 7, 2008ല്‍ മുംബൈയിലാണ് സംഭവം നടന്നത്. സിനര്‍ജി അഡ്‌ലാബ്‌സ് എന്ന ടിവി പ്രൊഡക്ഷന്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായ നീരജ് ഗ്രോവറെ കന്നഡ അഭിനേത്രി മരിയ സുസരാജിന്റെ വീട്ടില്‍ വെച്ച് അവരുടെ പ്രതിശ്രുതവരന്‍ എമിലി ജെറോം മാത്യൂ എന്ന നേവി ഉദ്യോഗസ്ഥന്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊച്ചിയിലെ നേവല്‍ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു എമിലി ജെറോം മാത്യൂ.
2008, മെയ് 7ന് കൊച്ചിയില്‍ നിന്ന് മുംബൈയിലെ മരിയയുടെ വീട്ടിലെത്തിയ എമിലി വീടിനുള്ളില്‍ നിന്ന് ഒരു പുരുഷന്റെ ശബ്ദം കേട്ടു. കാര്യമെന്തെന്ന് പോലും അറിയാതെ മരിയയുടെ വീട്ടില്‍ ഒരു പുരുഷനെ കണ്ടു എന്ന സംശയത്താലാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. തുടര്‍ന്ന് വീടിനുള്ളിലേക്ക് എത്തിയ ഇയാള്‍ മരിയയുടെ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് നീരജിനെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം സംഭവം മറയ്ക്കാന്‍ എമിലിയും മരിയയും ചേര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് പ്രദേശത്തുള്ള മനോര്‍ എന്ന കാടിനുള്ളില്‍ വെച്ച് കത്തിച്ച് കളയുകയായിരുന്നു.
കേസില്‍ മരിയയ്ക്ക് 3 വര്‍ഷം തടവാണ് ലഭിച്ചത്. എമിലിയ്ക്ക് 10 വര്‍ഷം ജീവപര്യന്തമാണ് കോടതി വിധിച്ചത്. പെട്ടെന്നുണ്ടായ വികാരത്തിലുണ്ടായതാണ് ഈ കൊലപാതകം എന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലയെന്നുമുള്ള നിരീക്ഷണമായിരുന്നു സെഷന്‍ കോടതിയുടേത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Murder case