ഏഴ് വർഷം മുമ്പ് അച്ഛനെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെ വിട്ട പ്രതിയെ മകൻ വെടിവെച്ചു കൊന്നു
- Published by:Sneha Reghu
- news18-malayalam
Last Updated:
തിങ്കളാഴ്ച കൃത്യം നടക്കുന്നതിന് മുൻപ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി പ്രദേശവാസികൾ മൊഴി നൽകി
എറണാകുളം: അച്ഛനെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെ വിട്ട പ്രതിയെ മകൻ വെടിവെച്ചു കൊന്നു. അങ്കമാലി മഞ്ഞപ്രയിലാണ് സംഭവം. മഞ്ഞപ്ര സ്വദേശിയായ ജോസ് ആണ് കൊല്ലപ്പെട്ടത്. റിട്ടയേഡ് പട്ടാളക്കാരനായ പോളിയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച കുളിക്കടവിൽ കുളിച്ചുകൊണ്ടിരുന്ന ജോസിനെ ജോലി കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ പോളി വെടിവെക്കുകയായിരുന്നു.ജോസിന്റെ മുതുകിനാണ് വെടിയേറ്റത്. മരണം ഉറപ്പാക്കിയ ശേഷം പോളി അയ്യമ്പുഴ പോലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങി.
കാലടി സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. കാലടിയുടേയും അയ്യമ്പുഴയുടേയും അതിർത്തിയിലുള്ള കോതായി തോട്ടിൽ കുളിക്കുകയായിരുന്നു ജോസിനു നേർക്ക് പോളി നിറയൊഴിക്കുകയായിരുന്നു എന്നാണ് വിവരം.
ഏഴ് വർഷം മുമ്പ് നടന്ന ഒരു കൊലപാതകത്തിന്റെ പ്രതികാരമാണ് ഈ കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പോളിയുടെ പിതാവും ജോസും തമ്മിലുണ്ടായ സംഘർഷത്തിൽ പോളിയുടെ പിതാവ് കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ പ്രതിയായിരുന്ന ജോസ് ജയിലിൽ കഴിയുകയും പിന്നീട് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയുമായിരുന്നു. കോടതി വിധിക്ക് ശേഷം കെഎസ്ആർടിസി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ജോസ്. തിങ്കളാഴ്ച കൃത്യം നടക്കുന്നതിന് മുൻപ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി പ്രദേശവാസികൾ മൊഴി നൽകി.
advertisement
ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടു പോകുന്ന സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ സുരക്ഷാ ജീവനക്കാരനാണ് പട്ടാളത്തിൽനിന്ന് വിരമിച്ച പോളി. ജോലിയുടെ ഭാഗമായി കിട്ടിയ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് പോളി ജോസിനു നേരെ നിറയൊഴിച്ചത്. തിരഞ്ഞെടുപ്പ് കാലമായതിനാൽ തോക്കുകൾ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും, ജോലിയുടെ ആവശ്യത്തിനായി തോക്ക് കൈവശം വെക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ അത് കൈമാറിയിരുന്നില്ല.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ അടക്കമുള്ള തുടർ നടപടികൾ സ്വീകരിച്ചു. കേസ് രജിസ്റ്റർ ചെയ്ത ശേഷം കാലടി പൊലീസിനു കൈമാറുമെന്നു അയ്യമ്പുഴ പൊലീസ് വ്യക്തമാക്കി.
Location :
Angamaly,Ernakulam,Kerala
First Published :
Mar 17, 2026 4:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഏഴ് വർഷം മുമ്പ് അച്ഛനെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെ വിട്ട പ്രതിയെ മകൻ വെടിവെച്ചു കൊന്നു









