കോഴിക്കോട്: വിവാഹം മുടക്കാനായി യുവതിയുടെ അശ്ലീല ഫോട്ടോ വ്യാജമായി നിർമിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ പള്ളിക്കുന്ന് വിഗ്നേശ്വര ഹൗസിൽ പ്രശാന്തിനെ(40) ആണ് അറസ്റ്റ് ചെയ്തത്. ഒരേ സ്ഥാപനത്തിൽ ജോലി ചെയുന്നവരാണ് ഇരുവരും. വിവാഹം മുടക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലിസ് പറഞ്ഞു.
യുവതി ഉപയോഗിച്ച കമ്പ്യൂട്ടറിൽ കയറി സുഹൃത്തുമായി നടത്തിയ വാട്സ്ആപ് ചാറ്റുകളും മറ്റും പ്രതി എഡിറ്റ് ചെയ്ത് ഫോട്ടോകൾ അശ്ലീലമായി നിർമിക്കുകയായിരുന്നു. യുവതിയുടെ വിവാഹം അടുത്തമാസം നിശ്ചയിച്ചിരിക്കെ ഇയാൾ പ്രതിശ്രുത വരന് എഡിറ്റ് ചെയ്ത ഫോട്ടോകളും മറ്റും കൊറിയറിൽ അയച്ചതോടെയാണ് സംഭവം വിവാദമായത്.
ഫോട്ടോകളും മറ്റും ലഭിച്ചതോടെ വരനും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാരും സംഭവം അറിഞ്ഞത്. തുടർന്ന് എടച്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. കൊറിയർ സർവിസ് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കൊറിയർ സ്ഥാപനത്തിലെ ക്യാമറ പരിശോധിച്ച പൊലീസ് ആളെ തിരിച്ചറിയാൻ യുവതിയെ എത്തിച്ചപ്പോഴാണ് മാസ്കും തൊപ്പിയും ധരിച്ച പ്രതി ഒപ്പം ജോലി ചെയ്തയാളാണെന്ന് തിരിച്ചറിഞ്ഞത്. കമ്പ്യൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kozhikode, Teacher arrested, Vadakara