വയനാട്: ലഹരിമരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ പ്രഭാകരന്‍, കെ.വി ഷാജിമോന്‍, സിവിൽ എക്‌സൈസ് ഓഫീസർ കെ.കെ സുധീഷ് എന്നിവരെയാണ് എക്‌സൈസ് കമ്മീഷണർ സസ്‌പെന്റ് ചെയ്തത്. ജില്ല പോലീസ് മേധാവിയുടെയും ,എക്‌സൈസ് വിജിലന്‍സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
മെയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കർണാടകയിൽ നിന്ന് കാറിൽ വരികയായിരുന്ന മുനീർ, മുഹമ്മദ് ഷഹീർ എന്നിവരെ കഞ്ചാവ് ബീഡിയുമായി മുത്തങ്ങയിൽ വെച്ച് പൊലീസ് പിടികൂടി. ഇവര്‍ മുത്തങ്ങയിലെ എക്സൈസിന്റെ പരിശോധനയിൽ പിടിക്കപ്പെട്ടിരുന്നെങ്കിലും ചോദ്യം ചെയ്തതോടെ എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കടത്തിവിട്ടതാണെന്ന ആരോപണം പ്രതികൾ ഉന്നയിച്ചു. ബെംഗളൂരുവിൽ നിന്നും യുവാക്കൾ എംഡിഎംഎ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബും വാങ്ങിയിരുന്നു. യുവാക്കളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ 8000 രൂപ കൈകൂലി വാങ്ങിയെന്നാണ് ആരോപണം.
Also read-കോഴിക്കോട് വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയ യുവതി അടക്കം നാലുപേർ അറസ്റ്റിൽ
ജില്ലാ പൊലീസ് മേധാവിയുടേയും, എക്‌സൈസ് വിജിലന്‍സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തത്. അന്തിമ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Excise, Suspension, Wayanad