ബെംഗളൂരു:
ലഹരി മരുന്നുമായി ബെംഗളൂരു നഗരത്തിൽ വീണ്ടും മലയാളികൾ ഉൾപ്പെട്ട സംഘം പിടിയിൽ. 40 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്നു പേരെയാണ് ബെംഗളൂരൂ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എ. സുബ്രഹ്മണ്യൻ നായർ, ഷെജിൻ മാത്യു എന്നിവരാണ് അറസ്റ്റിലായ മലയാളികൾ.അതേസമയം ഇവർക്ക് ശനിയാഴ്ച പിടിയിലായ സീരിയിൽ നടി ഉൾപ്പെടെയുള്ള സംഘവുമായി ബന്ധമില്ലെന്നാണ് സൂചന.
ബെംഗളൂരു കെ.ആർ.പുരത്ത് നിന്നാണ് മൂന്നു പേരെ സി.സി.ബി. സംഘം ഇവരെ പിടികൂടിയത്. മൂന്ന് പേരും പ്രദേശത്ത് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നവരാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ലഹരിമരുന്ന് വിൽപന നടത്തിയതിന് ശനിയാഴ്ച അറസ്റ്റിലായ കൊച്ചി സ്വദേശി
മുഹമ്മദ് അനൂപ്, സീരിയൽ നടി അനിഘ, റിജേഷ് രവീന്ദ്രൻ എന്നിവർ ഉൾപ്പെട്ട സംഘത്തിന് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്ന നൈജീരിയൻ സ്വദേശിയായ ലോം പെപ്പെര്‍ സാമ്പയെയും സി.സി.ബി. പിടികൂടി.
നൈജീരിയയിൽനിന്നെത്തിക്കുന്ന
മയക്കുമരുന്ന് ഇയാളാണ് അനൂപ് ഉൾപ്പെടെയുള്ളവർക്ക് കൈമാറിയിരുന്നത്. കഴിഞ്ഞദിവസം കന്നഡ നടി രാഗിണി ദ്വിവേദിയെയും നിശാപാർട്ടികളുടെ സംഘാടകനായ വിരൻ ഖന്നയെയും സി.സി.ബി. അറസ്റ്റ് ചെയ്തിരുന്നു. രാഗിണി ദ്വിവേദിയെ എട്ടുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. യെലഹങ്കയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിനു പിന്നാലെയാണ് നടിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇവരുടെ സുഹൃത്ത് രവി ശങ്കറെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. കന്നഡ സിനിമയിലെ കൂടുതൽ പ്രമുഖരെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
നടിയും മോഡലുമായ സഞ്ജന ഗൽറാണിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി. കന്നഡ ചലച്ചിത്ര മേഖലയിലെ 12ഓളം
പ്രമുഖർക്ക് കൂടി ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയേക്കും എന്നാണ് സൂചന. നിർമാതാവ് ഇന്ദ്രജിത്ത് ലങ്കേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.