MDMA| പാർട്ടി ഡ്രഗ്ഗുമായി ട്രാൻസ്ജെൻഡർ മോഡലിങ് ആർട്ടിസ്റ്റ് പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
8.5 ഗ്രാം രാസലഹരി മരുന്നാണ് പിടിച്ചെടുത്തത്.
കൊച്ചി: കാക്കനാട് വാഴക്കാലയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മോഡലിംഗ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡർ അറസ്റ്റിൽ. 24കാരിയായ ചേര്‍ത്തല കുത്തിയതോടില്‍ കണ്ടത്തില്‍ വീട്ടില്‍ ദീക്ഷ (ശ്രീരാജ്) എന്ന മോഡലിങ്ങ് ആര്‍ട്ടിസ്റ്റാണ് എറണാകുളം റേഞ്ച് എക്‌സൈസിന്റെ പിടിയിലായത്.
മോഡലിംഗും മറ്റ് ഫോട്ടോഷൂട്ടുകളും നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളില്‍ ഉപയോഗിച്ച് വരുന്ന 'പാര്‍ട്ടി ഡ്രഗ്ഗ് ' എന്ന വിളിപ്പേരുള്ള അതിമാരകമായ മെതലിന്‍ ഡയോക്‌സി മെത്താഫിറ്റമിനാണ് കണ്ടെടുത്തത്. 8.5 ഗ്രാം രാസലഹരി മരുന്ന് പിടിച്ചെടുത്തു.
മയക്ക് മരുന്ന് ഉപയോക്താക്കളുടെ പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകള്‍ തുടങ്ങി ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്ന സ്ഥലങ്ങളില്‍ ഇടനിലക്കാര്‍ വഴി മയക്ക് മരുന്ന് എത്തിച്ച് കൊടുക്കുകയാണ് പതിവ്. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ ഓരോ ദിവസവും വ്യത്യസ്ത ഹോട്ടലുകളില്‍ മാറി മാറി താമസിച്ചായിരുന്നു മയക്ക് മരുന്ന് ഇടപാട്.
advertisement
വ്യത്യസ്ത ആളുകളുടെ പേരില്‍ മുറി ബുക്ക് ചെയ്ത് ഒറ്റ ദിവസം മാത്രം താമസിച്ച ശേഷം അടുത്ത സ്ഥലത്തേയ്ക്ക് താമസം മാറുന്നതിനാല്‍ ഇവരുടെ ഇടപാടുകള്‍ കണ്ടെത്തുക ദുഷ്‌കരമായിരുന്നെന്ന് എക്‌സൈസ് ഓഫീസര്‍ പറഞ്ഞു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിറ്റി മെട്രോ ഷാഡോ ടീം ഇതിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. വാഴക്കാലയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ മയക്കുമരുന്നുമായി ഒരു ട്രാന്‍സ്ജെൻഡർ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ സംഘം ഇവിടെ എത്തി മയക്കുമരുന്നുമായി ഇവരെ കൈയ്യോടെ പിടികൂടുകയായിരുന്നു.
advertisement
ഗോവ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള സുഹൃത്തുക്കള്‍ വഴിയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്നാണ് എക്‌സൈസിന്റെ നിഗമനം. ഗ്രാമിന് 2000 ത്തില്‍ പരം രൂപയ്ക്ക് വാങ്ങി 4000 മുതല്‍ 7000 രൂപ നിരക്കില്‍ മറിച്ച് വില്‍പ്പന നടത്തിവരുകയായിരുന്നു.
ഈ രാസലഹരി ഏകദേശം 8 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയില്‍ തുടരുവാന്‍ ശേഷിയുള്ള അത്ര മാരകമാണ്. ഇത്തരത്തിലുള്ള ലഹരി ഉപയോഗിക്കുന്നത് ആര്‍ക്കും തിരിച്ചറിയുവാന്‍ കഴിയില്ല എന്നതും ഉപയോഗിക്കുവാനുള്ള എളുപ്പവുമാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.
advertisement
ഈ ഇനത്തില്‍പ്പെട്ട സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 10 വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. പിടിയിലായ ദീക്ഷയുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസര്‍ എസ്. സുരേഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റീവ് ഓഫീസര്‍ അജിത്കുമാര്‍ എന്‍ ജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍ ഡി. ടോമി, വനിത ഉദ്ദ്യോഗസ്ഥരായ കെ എസ് സൗമ്യ, സി ജി പ്രമിത എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Location :
First Published :
August 17, 2022 8:27 PM IST