രാജസ്ഥാനില്‍ 12കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
ജില്ലയിലെ കോട്രി പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ചൂളയിൽ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു
രാജസ്ഥാനിലെ ബില്‍വാര ജില്ലയില്‍ 12 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ശേഷം കല്‍ക്കരി ചൂളയിലിട്ട് (coal furnace) ജീവനോടെ കത്തിച്ചു. ജില്ലയിലെ കോട്രി പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ചൂളയിൽ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ആടുകളെ മേയ്ക്കുന്നതിന് പാടത്ത് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. അഞ്ചോളം കല്‍ക്കരി ചൂളകൾ പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ഒരു ചൂളയ്ക്ക് സമീപം പെണ്‍കുട്ടിയുടെ വളകൾ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതായും കല്‍ക്കരി ചൂളയിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു. അതേസമയം, ചൂളയ്ക്കുള്ളില്‍ കൂടുതല്‍ മൃതദേഹമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവ സ്ഥലത്ത് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിന് തൊട്ടുപിന്നാലെ നാട്ടുകാര്‍ 12 വയസ്സുകാരിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ സ്ത്രീകളുടെ സുരക്ഷ ഒരു തമാശയായി മാറിയെന്ന് ബിജെപി നേതാവ് വിക്രം ഗൗത് പറഞ്ഞു.
advertisement
ഈ സംഭവത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ കൗമാരക്കാരികളായ രണ്ട് പെണ്‍കുട്ടികളെ പിതാവിന്റെ രണ്ട് സഹപ്രവര്‍ത്തകര്‍ ഇഷ്ടികച്ചൂളയിലിട്ട് ബലാത്സംഗം ചെയ്ത വാര്‍ത്ത പുറത്തുവന്നത്. ഈ രണ്ട് പെണ്‍കുട്ടികളും ഗര്‍ഭിണിയാണെന്ന് പോലീസ് അറിയിച്ചു. തന്റെ 15, 13 വയസ്സുള്ള രണ്ട് മക്കളെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ഇവരുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. സപ്പി, സുബ്ബന്‍ എന്നിവരാണ് ബലാത്സംഗം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. മൂത്തപെണ്‍കുട്ടിയ്ക്ക് വയറുവേദനയും മറ്റ് ചില ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടർ പറയുമ്പോഴാണ് ഏഴരമാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നതെന്നും പോലീസ് പറഞ്ഞു.
advertisement
അല്‍വാര്‍ ജില്ലയിലെ മന്‍സുര്‍ മേഖലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് പേര്‍ ബലാത്സംഗം ചെയ്ത സംഭവവും അടുത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌കൂളില്‍ പോകുന്ന വഴി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികള്‍ ഇതിന്റെ വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അടുത്തിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്ത ബലാത്സംഗ കേസുകളില്‍ അശോക് ഗെഹ്‌ലോത്ത് സര്‍ക്കാരിനെതിരേ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ”സംസ്ഥാനത്ത് ഒരു ദിവസം 17 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. കൂട്ടബലാത്സംഗ സംഭവങ്ങളില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സംസ്ഥാനം. സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ ഇവിടെ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ്” ഗജേന്ദ്ര സിങ് ആരോപിച്ചത്.
Location :
Rajasthan
First Published :
August 03, 2023 2:59 PM IST