ഓസ്ട്രേലിയക്കാരന്റെ ജട്ടി തിരുവനന്തപുരം കോടതിയിലെങ്ങനെ വന്നു?
- Published by:Rajesh V
- news18-malayalam
Last Updated:
തെളിവായി ഹൈക്കോടതിയിൽ ഹാജരാക്കിയ അടിവസ്ത്രം ഓസ്‌ട്രേലിയക്കാരന് ഇടാൻ പറ്റാത്തത്ര ചെറുതായ മായാജാലമാണ് നടന്നത്
തിരുവനന്തപുരം: 28 വർഷം മുൻപുനടന്ന വിദേശ പൗരൻ ഉൾപ്പെട്ട ലഹരി കേസും തൊണ്ടിമുതൽ കടത്തിയതും ഇപ്പോൾ വീണ്ടും ചർച്ചാ വിഷയമാവുകയാണ്. ഗതാഗത മന്ത്രി ആന്റണി രാജുവും (Antony Raju) തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ തൊണ്ടി ക്ലർക്കായിരുന്ന കെ എസ് ജോസുമാണ് കേസിലെ പ്രതികൾ. തൊണ്ടി മുതല്‍ കടത്തി കൃത്രിമം കാട്ടിയെന്ന കേസിൽ ആന്റണി രാജുവിന്റെ പങ്ക് വെളിവാകുന്ന നിർണായക രേഖയാണ് പുറത്തുവന്നതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.
ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലിയും അടിവസ്ത്രവും
1990 ഏപ്രില്‍ നാലിനാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നത്. ഈ സമയം വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്നു ആന്റണി രാജു. തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് വിദേശ പൗരന്റെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. പ്രതിക്ക് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
advertisement
എന്നാൽ തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്ത് പ്രഗൽഭ അഭിഭാഷകനായിരുന്ന കുഞ്ഞിരാമ മേനോനെ ഇറക്കി. അത് ഫലംകണ്ടു. പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി വിധിയായി. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിടുകയും ചെയ്തു. കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. മെറ്റിരീയൽ ഒബ്ജക്ട്, അഥവാ MO 2 ജട്ടി എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തു പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കിയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
advertisement
അടിവസ്ത്രം ചെറുതായത് എങ്ങനെ?
തെളിവായി ഹൈക്കോടതിയിൽ ഹാജരാക്കിയ അടിവസ്ത്രം ഓസ്‌ട്രേലിയക്കാരന് ഇടാൻ പറ്റാത്തത്ര ചെറുതായ മായാജാലമാണ് നടന്നത്. പിന്നാലെ കേസ് കൈകാര്യം ചെയ്ത പോലീസ് ഇൻസ്‌പെക്ടർ ഹൈക്കോടതിയെ സമീപിച്ചു. അടിവസ്ത്രം മുറിച്ച് വീണ്ടും തുന്നിച്ചേർത്ത് പരിഹാസ്യമായ രീതിയിൽ ചെറുതാക്കി മാറ്റുകയായിരുന്നെന്ന് സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ കുറ്റപ്പെടുത്തുന്നു. 1994ൽ ഇങ്ങനെ തുടങ്ങിയ കേസ് 2002ൽ എത്തിയപ്പോൾ തെളിവില്ലെന്ന് കോടതിക്ക് റിപ്പോർട്ട് നൽകി അവസാനിപ്പിക്കാൻ പൊലീസ് തന്നെ ശ്രമം നടത്തി. എന്നാൽ 2005 ൽ കേസ് പുനരന്വേഷിക്കാൻ ഉത്തരമേഖലാ ഐ ജിയായിരുന്ന ടി പി സെൻകുമാർ നൽകിയ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് കമ്മീഷണർ വക്കം പ്രഭ നടപടി തുടങ്ങി. ഇതോടെയാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ എസ് ജോസ്, ആന്റണി രാജു എന്നിവർ ആദ്യമായി ചിത്രത്തിലേക്ക് വരുന്നത്. ഇവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി 2006 ഫെബ്രുവരി13ന് കോടതിക്ക് റിപ്പോർട്ട് നൽകി.
advertisement
Also Read- കോടതിയിലെ തൊണ്ടി മുക്കിയ കേസ്: മന്ത്രി ആന്റണി രാജുവിന്റെ പങ്ക് വ്യക്തമാക്കുന്ന നിർണായക രേഖ പുറത്ത്
ആൻഡ്രൂവിന്റെ വെളിപ്പെടുത്തൽ
ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിയ ആൻഡ്രൂ സാൽവദോർ സർവല്ലിയെ വിക്ടോറിയയിൽ ഒരു കൊലപാതക കുറ്റത്തിന് പൊലീസ് പിടികൂടി. മെൽബൺ റിമാൻഡ് സെന്ററിൽ കസ്റ്റഡിയിൽ ആയിരിക്കുമ്പോൾ, ആൻഡ്രൂ തന്റെ സഹതടവുകാരൻ വെസ്ലി ജോൺ പോളിനോട് തന്റെ ഇന്ത്യൻ സാഹസികതയെക്കുറിച്ചും തെളിവുകൾ നശിപ്പിക്കാൻ കോടതിയിലെ ക്ലർക്കിന് എങ്ങനെ കൈക്കൂലി നൽകിയെന്നും വീമ്പിളക്കിയതായി ആരോപിക്കപ്പെടുന്നു. വിവരം അറിഞ്ഞ ഓസ്‌ട്രേലിയൻ പോലീസ് ഉടൻ തന്നെ ഇന്റർപോളിലൂടെ സിബിഐയെ അറിയിച്ചു. സിബിഐ റിപ്പോർട്ട് കേരള പൊലീസിന് കൈമാറി.
advertisement
Also Read- 'മുഷിഞ്ഞ കടുംനീല അണ്ടർവെയർ'; കോടതിയിലെ തൊണ്ടി മുക്കിയ മന്ത്രി പ്രതിയായ കേസിന് മൂന്ന് പതിറ്റാണ്ട്
28 വർഷം കഴിഞ്ഞിട്ടും...
1994ലാണ് മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ കേസില്‍ ആന്റണി രാജുവിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുക്കുന്നത്. 2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാൻ പോലുമാകാത്ത പ്രതിസന്ധിയിലാണ്. വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ട് 28 വർഷമായി. കുറ്റപത്രം സമർപ്പിച്ചിട്ട് 16 വർഷവും വിചാരണക്കായി കോടതി സമൻസ് അയച്ച് പ്രതികളെ വിളിക്കാൻ തുടങ്ങിയിട്ട് എട്ടുവർഷവുമാകുന്നു. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസ്, നിലവിൽ നെടുമങ്ങാട് കോടതിയിലാണ് വിചാരണ തുടങ്ങാനായി കാത്തിരിക്കുന്നത്. 23ാം തവണ കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലിനാണ്.
Location :
First Published :
July 17, 2022 4:43 PM IST