ഇടുക്കി: മുനിയറ നാരായണന്‍ വധക്കേസിലെ പ്രതിയായ ഭാര്യ അളകമ്മയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. അളകമ്മയുടെ സുഹൃത്തും ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതിയുമായ സുരയാണ് കൊലപാതകം നടത്തിയത്. പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. സുരയുടെ പട്ടയ രേഖകള്‍ കൈവശപെടുത്തിയതിലുള്ള പകയാണ് കൊലയ്ക്ക് കാരണമായെന്നാണ് പൊലീസിന് നല്‍കിയ മൊഴി. പോസ്റ്റ് മാര്‍ട്ടം നടത്തിയപ്പോൾ ക്രൂര മർദ്ദനം വ്യക്തമായതോടെയാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.
Also Read- പൂജ പഠിക്കാനെത്തിയ ആൺകുട്ടികളെ ലൈംഗികബന്ധത്തിന് നിർബന്ധിച്ച പൂജാരി അറസ്റ്റിൽ
കഴിഞ്ഞ ഞായറാഴ്ചയാണ് അളകമ്മയെ പ്രതിയായ സുര അവശനിലയില്‍ അടിമാലി ആശുപത്രിയിൽ എത്തിക്കുന്നത്. വീണ് പരിക്കേറ്റെന്നായിരുന്നു ഡോക്ടര്‍മാരെ അറിയിച്ചത്. സംശയം തോന്നി പൊലീസെത്തിയെങ്കിലും സുര ഇതേമോഴിയില്‍ ഉറച്ചുനിന്നു. അന്നു രാത്രിയോടെ അളകമ്മ മരിച്ചു. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോഴാണ് ക്രൂര മർദ്ദനം നടന്നുവെന്ന് വ്യക്തമാകുന്നത്. പത്ത് വാരിയെല്ലുകള്‍ പൊട്ടി ഇവ ശ്വാസകോശത്തില്‍ കുത്തിയിറങ്ങിയുണ്ടായ മുറിവാണ് മരണകാരണം. ഇതോടെ സുരയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയലിൽ പ്രതി കുറ്റം സമ്മതിച്ചു.
എട്ട് വർഷമായി സുരയുടെ വീട്ടിലാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. ഇതിനിടെ സുരയുടെ വീടിന്‍റെയും ഭൂമിയുടെയും പട്ടയം അളകമ്മ കൈവശപെടുത്തി. ഇതിലുള്ള പക കൊലപാതകത്തിനിടയാക്കിയെന്നാണ് സുര പൊലീസിന് നൽകിയ മൊഴി. ഇത് പൂർണമായും വെള്ളത്തൂവല്‍ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷണം നടത്തുന്നുണ്ട്.
Also Read- വീട്ടിൽ ഒറ്റക്കായിരുന്ന വീട്ടമ്മയെ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍
അളകമ്മയുടെ മുന്‍ ഭർത്താവായ മുനിയറ സ്വദേശി നാരായണനെ കൊലപെടുത്തിയ കേസില്‍ ഇരുവരും പ്രതികളാണ്. 2018 ലായിരുന്നു കൊലപാതകം. ഈ കേസിൽ വിചാരണ തുടങ്ങാൻ ഇരിക്കയാണ് അളകമ്മ കൊല്ലപ്പെടുന്നത്. അളകമ്മ കൊലക്കേസിൽ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Idukki, Murder case