കൊച്ചി: ബലാത്സംഗ കേസില്‍ വിജയ് ബാബുവിന്റെ(Vijay Babu) ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി(High Court) വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. മെയ് 16 വരെയാണ് ഹൈക്കോടതിയുടെ വേനലവധി. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ ഇന്നാണ് സമീപിച്ചത്. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിറകിലെന്നും ബ്ലാക്മെയില്‍ ചെയ്യാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നും വിജയ് ബാബു ഹര്‍ജിയില്‍ ആരോപിക്കുന്നു.
അറസ്റ്റ് തടയണമെന്നോ ഇടക്കാല ഉത്തരവ് വേണമെന്നോ വിജയ് ബാബു ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടില്ല. പരാതിക്കാരിയുടെ വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും പൊലീസിനു കൈമാറാമെന്നും വിജയ് ബാബു അഭിഭാഷകന് മുഖേന അറിയിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തന്നെ അറസ്റ്റു ചെയ്തു പ്രശ്നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യപേക്ഷയില് വിജയ് ബാബു ആരോപിച്ചു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. അതേസമയം വിജയ് ബാബു നടിയെ അഞ്ച് ഇടങ്ങളില്‍ എത്തിച്ച് പീഡനം നടത്തിയതായിട്ടാണ് പരാതിയില്‍ പറയുന്നത്. ഈ സമയങ്ങളില്‍ പരാതിക്കാരിയുമായി ഹോട്ടലില്‍ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങളും തെളിവായി പൊലീസ് ശേഖരിച്ചു.
നിലവില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ ബാബുവിന് എതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗോവ വഴി വിജയ് ബാബു വിദേശത്തേക്ക് കടന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. പീഡനം നടന്ന കൊച്ചിയിലെ ഫ്ലാറ്റിലും ഹോട്ടലിലും കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.
അതേസമയം വിജയ് ബാബുവിനെതിരെ മറ്റൊരു യുവതി കൂടി രംഗത്തെത്തി. ജോലി ആവശ്യവുമായെത്തിയ തന്നോട് മോശമായി പെരുമാറുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. വിജയ് ബാബു മാപ്പ് പറയാന്‍ തുടങ്ങിയെന്നും ആരോടും പറയരുതെന്ന് അഭ്യര്‍ത്ഥിച്ചെന്നും യുവതി കുറിപ്പില്‍ പറയുന്നു. വിജയ് ബാബുവില്‍ നിന്നും ഒരു നടിക്ക് ഉണ്ടായ അതിഗുരുതരമായ ആക്രമണത്തെ തുടര്‍ന്നാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്ന് യുവതി പറയുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.