• HOME
  • »
  • NEWS
  • »
  • crime
  • »
  • പന്ത്രണ്ടര ലക്ഷത്തിന്‍റെ കാർ സ്റ്റാറ്റസിന് പോര; കൂടിയ കാർ വേണമെന്ന് കിരൺ; വിസ്മയയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ

പന്ത്രണ്ടര ലക്ഷത്തിന്‍റെ കാർ സ്റ്റാറ്റസിന് പോര; കൂടിയ കാർ വേണമെന്ന് കിരൺ; വിസ്മയയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ

വലിയ സ്ത്രീധനം നൽകിയാണ് വിസ്മയയെ കിരണിനൊപ്പം വിവാഹം കഴിപ്പിച്ച് അയച്ചതെന്ന് ബന്ധുക്കൾ പറയുന്നു. നൂറു പവനും ഒന്നേകാൽ ഏക്കർ സ്ഥലവും പന്ത്രണ്ടര ലക്ഷത്തിന്‍റെ ടയോട്ട കാറുമാണ് നൽകിയത്

Vismaya_Death

Vismaya_Death

  • Share this:
    കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ വിസ്മയയും ഭർത്താവ് കിരണും തമ്മിൽ സ്ത്രീധനത്തിന്‍റെ പേരിൽ പ്രശ്നമുണ്ടായിരുന്നതായി റിപ്പോർട്ട്. വിവാഹ ആലോചന സമയത്ത് സ്ത്രീധനത്തിന് എതിരാണെന്ന് പറഞ്ഞ കിരൺ വിവാഹശേഷം ഭാര്യ വിസ്മയയെ മർദ്ദിച്ചത് കൂടിയ കാർ സ്ത്രീധനമായി നൽകാത്തതിനെന്നാണ് വിവരം. വിവാഹ സമയത്ത് വിസ്മയയുടെ വീട്ടുകാർ നൽകിയ പന്ത്രണ്ടര ലക്ഷത്തിന്‍റെ കാർ പോരായെന്നും, വില കൂടിയ കാർ വേണമെന്നും പറഞ്ഞാണ് കഴിഞ്ഞ ദിവസം കിരൺ വിസ്മയയെ മർദ്ദിച്ചത്. ഇക്കാര്യം വ്യക്തമാക്കുന്ന വിസ്മയയുടെ വാട്സാപ്പ് സന്ദേശം അടുത്ത ബന്ധുക്കൾക്ക് ലഭിച്ചിരുന്നു.

    മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരണുമായുള്ള വിസ്മയയുടെ വിവാഹം 2020 മാർച്ചിൽ ആയിരുന്നു. വിവാഹ ആലോചന സമയത്ത് സ്ത്രീധനത്തിന് താൻ എതിരാണെന്നും എന്നാൽ മകൾക്കു നൽകാനുള്ളത് നൽകുന്നതിനെ എതിർക്കില്ലെന്നും കിരൺ പറഞ്ഞിരുന്നതായി വിസ്മയയുടെ ബന്ധുക്കൾ പറയുന്നു. എന്നാൽ വിവാഹ ശേഷം കൂടിയ കാർ വേണമെന്ന് പറഞ്ഞു വിസ്മയയെ ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം.

    വലിയ സ്ത്രീധനം നൽകിയാണ് വിസ്മയയെ കിരണിനൊപ്പം വിവാഹം കഴിപ്പിച്ച് അയച്ചതെന്ന് ബന്ധുക്കൾ പറയുന്നു. നൂറു പവനും ഒന്നേകാൽ ഏക്കർ സ്ഥലവും പന്ത്രണ്ടര ലക്ഷത്തിന്‍റെ ടയോട്ട കാറുമാണ് നൽകിയത്. എന്നാൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ തന്‍റെ സ്റ്റാറ്റസിന് ചേർന്ന മുന്തിയ ഇനം കാർ വേണമെന്നായിരുന്നു കിരണിന്‍റെ ആവശ്യം. ഇതേച്ചൊല്ലി വിസ്മയയെ കിരൺ നിരന്തരം മർദ്ദിച്ചിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് മർദ്ദിച്ച വിവരം വിസ്മയ, സഹോദരനെ വാട്സാപ്പ് വഴി അറിയിച്ചത്.

    Also See- കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

    സ്ത്രീധനമായി നല്‍കിയ വാഹനം തന്‍റെ സ്റ്റാറ്റസിന് ചേർന്നതല്ലെന്ന് പറഞ്ഞാണ് തന്നെ ഭർത്താവ് മര്‍ദിച്ചതെന്നും ഈ സന്ദേശങ്ങളിലുണ്ടായിരുന്നു. മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും വിസ്മയ അയച്ചുനല്‍കി. ഇതിനുപിന്നാലെയാണ് ഇന്നു പുലർച്ചെയോടെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, വിസ്മയയുടെ മരണത്തിന് പിന്നാലെ കിരണ്‍കുമാര്‍ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

    അതിനിടെ ഇൻക്വസ്റ്റ് തയ്യാറാക്കിയപ്പോൾ, വിസ്മയയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. മരണ വിവരം അറിഞ്ഞ് വിസ്മയയുടെ ബന്ധുക്കള്‍ ശാസ്താംകോട്ടയിലെ ബന്ധു വീട്ടിൽ എത്തുന്നതിന് മുന്‍പ് തന്നെ മൃതദേഹം ഭര്‍തൃ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റിയത് ദുരൂഹത കൂട്ടുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

    അതിനിടെ വിസ്മയ അവസാനമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ അനുശോചനപ്രവാഹം. വിസ്മയയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഒട്ടേറെ പേരാണ് മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി ഈ വീഡിയോയ്ക്ക് താഴെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഭര്‍ത്താവ് കിരണ്‍കുമാറിനെതിരേയുള്ള രോഷപ്രകടനങ്ങളും കമന്റുകളിലുണ്ട്.
    Published by:Anuraj GR
    First published: