മക്കൾക്ക് നേരെ ലൈംഗിക അതിക്രമം; യുവതി ഭർത്താവിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടി
- Published by:Asha Sulfiker
- news18-malayalam
Last Updated:
നാല് വർഷമായി പരിചയക്കാരായിരുന്ന നൗഷീനും ഗഗൻദീപും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. നൗഷീന്‍റെ ആദ്യ വിവാഹത്തിലെ അഞ്ചു മക്കളും ഇവർക്കൊപ്പം തന്നെയായിരുന്നു താമസം
ഹൈദരാബാദ്: ഭർത്താവിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടിയ ഭാര്യ അറസ്റ്റിൽ. ഹൈദരാബാദ് വനസ്ഥാലിപുരം മന്‍സൂറാബാദ് സ്വദേശി ഗഗൻദീപ് അഗർവാൾ (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ നൗഷീൻ ബീഗം (മര്യാദ അഗർവാൾ-32) അറസ്റ്റിലായി. ഇവരുടെ രണ്ടാം ഭര്‍ത്താവാണ് കൊല്ലപ്പെട്ട ഗഗൻദീപ്. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഇയാളെ കാണാനില്ലെന്ന് കാട്ടി പൊലീസിലും നൗഷീൻ പരാതി നൽകിയിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് കൊലപാതകം നടന്നതെന്നാണ് സൂചന. സംഭവം നടന്ന് ഒരുമാസത്തോളം പിന്നിടുമ്പോഴാണ് വിവരം പുറത്തു വരുന്നത്. ഗഗൻദീപിനെ കൊലപ്പെടുത്തി രണ്ടാഴ്ചയോളം കഴിഞ്ഞാണ് ഇയാളെ കാണാനില്ലെന്ന് കാട്ടി പരാതിയുമായി യുവതി പൊലീസിനെ സമീപിക്കുന്നത്. സഹോദരന്‍റെ വിവരം ഒന്നും അറിയാത്തതിൽ സംശയം തോന്നിയ ഗഗന്‍ദീപിന്‍റെ സഹോദരൻ ആകാശിന്‍റെ ഇടപെടലിനെ തുടർന്നാണ് ഇവർ പരാതി നൽകാൻ തയ്യാറായത്. ഇയാൾക്കൊപ്പം എത്തിയാണ് നൗഷീൻ എൽബി നഗര്‍ സ്റ്റേഷനിൽ പരാതിയും നൽകിയത്.
advertisement
പൊലീസ് പറയുന്നതനുസരിച്ച് 'ഗഗൻദീപിന്‍റെ വിവരങ്ങൾ ഒന്നും ലഭിക്കാതെ വന്നതോടെ ഇയാളുടെ സഹോദരൻ ആകാശ്, നൗഷീനോട് വിവരങ്ങൾ തിരക്കി. ഡൽഹിയില്‍ പോകുന്നുവെന്ന് ഭർത്താവ് പറഞ്ഞിരുന്നുവെന്നായിരുന്നു യുവതിയുടെ മറുപടി. തുടർന്ന് ആകാശിന്‍റെ നിർബന്ധത്തിലാണ് പരാതി നൽകാനും ഇവർ തയ്യാറായത്. കേസെടുത്ത പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി നൗഷീനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തു വരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് തവണയാണ് യുവതിയെ പൊലീസ് ചോദ്യം ചെയ്തത്. മൊഴികളിൽ വൈരുധ്യം തോന്നി ചോദ്യങ്ങൾ കടുപ്പിച്ചപ്പോൾ ഭർത്താവിനെ താൻ കൊലപ്പെടുത്തിയെന്ന് ഇവർ കുറ്റസമ്മതം നടത്തുകയായിരുന്നു. ഫെബ്രുവരി എട്ടിന് ഭർത്താവിനെ കൊലപ്പെടുത്തിയെന്നും മൃതദേഹം വീട്ടുപരിസരത്ത് തന്നെ കുഴിയെടുത്ത് മൂടിയെന്നുമാണ് നൗഷീൻ അറിയിച്ചത്.
advertisement
'ഡ്രെയിനേജ് ആവശ്യങ്ങൾക്കായി ഗഗൻദീപ് തന്നെയാണ് കുറച്ചുദിവസങ്ങൾക്ക് മുമ്പ് വീടിനുള്ളിൽ ഒരു കുഴിയെടുത്തത്. അതേ കുഴി തന്നെ ഭാര്യ ഇയാളുടെ മൃതദേഹം മറവു ചെയ്യാൻ ഉപയോഗിക്കുകയായിരുന്നു. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് തന്നെയാണ് കൃത്യം നടത്തിയതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
നാല് വർഷമായി പരിചയക്കാരായിരുന്ന നൗഷീനും ഗഗൻദീപും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. നൗഷീന്‍റെ ആദ്യ വിവാഹത്തിലെ അഞ്ചു മക്കളും ഇവർക്കൊപ്പം തന്നെയായിരുന്നു താമസം. ഇതിൽ ഇളയ രണ്ട് പെൺകുട്ടികള്‍ക്ക് നേരെ ഗഗൻദീപ് ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. നൗഷീന്‍റെ മൊഴി അനുസരിച്ച് 'കൊല നടന്ന ദിവസം ഗഗൻദീപ് സുഹൃത്തായ സുനിലുമൊപ്പം വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. മദ്യപിച്ച് അബോധാവസ്ഥയിലായ ഇയാളെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു'. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമുണ്ട്. മദ്യപിച്ച ശേഷം അവിടെ നിന്നും പോയെന്ന് സുനിൽ അവകാശപ്പെടുന്നുണ്ടെങ്കിലും കൊലപാതകത്തിൽ ഇയാൾക്കും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
advertisement
നൗഷീന്‍റെ കുറ്റസമ്മതത്തിന് പിന്നാലെ തന്നെ ഗഗന്‍ദീപിന്‍റെ മൃതദേഹം പുറത്തെടുത്ത പൊലീസ് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നൗഷീനെതിരെ കേസ്.
Location :
First Published :
March 11, 2021 10:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മക്കൾക്ക് നേരെ ലൈംഗിക അതിക്രമം; യുവതി ഭർത്താവിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടി