കാണാതെ പോയ യുവതി എസ്ഐ ആയി തിരികെയെത്തി; സന്തോഷം കൊണ്ട് സഹോദരി സെൽഫി പോസ്റ്റ് ചെയ്തോടെ അറസ്റ്റിലുമായി

ഒമ്പതാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള പ്രീതി ഒൻപത് വർഷം മുമ്പ് നാടുവിട്ടു പോയതാണ്. എന്നാൽ കഴിഞ്ഞ ദിവസം ഇവർ വീട്ടിലേക്ക് മടങ്ങിയെത്തി.. എസ് ഐ യൂണിഫോമിൽ ഓട്ടോറിക്ഷയിലായിരുന്നു തിരിച്ചു വരവ്.

News18 Malayalam | news18-malayalam
Updated: August 15, 2020, 8:53 AM IST
കാണാതെ പോയ യുവതി എസ്ഐ ആയി തിരികെയെത്തി; സന്തോഷം കൊണ്ട് സഹോദരി സെൽഫി പോസ്റ്റ് ചെയ്തോടെ അറസ്റ്റിലുമായി
Representative image.
  • Share this:
ഒൻപത് വർഷം മുമ്പ് വീടുവിട്ടു പോയ യുവതി പൊലീസുകാരിയായി മടങ്ങിയെത്തിയ സന്തോഷത്തിൽ സഹോദരി ഒരു സെല്‍ഫിയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. പിന്നാലെ ആൾമാറാട്ടത്തിന് സഹോദരി അകത്തു പോവുകയും ചെയ്തു. പത്തനംതിട്ട കൊറ്റനാട് ചാലാപ്പള്ളി വിജയന്‍റെ മകൾ പ്രീതി (30) ആണ് സഹോദരിയുടെ അമിത ആവേശം മൂലം അറസ്റ്റിലായത്.

ഒമ്പതാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള പ്രീതി ഒൻപത് വർഷം മുമ്പ് നാടുവിട്ടു പോയതാണ്. എന്നാൽ കഴിഞ്ഞ ദിവസം ഇവർ വീട്ടിലേക്ക് മടങ്ങിയെത്തി.. എസ് ഐ യൂണിഫോമിൽ ഓട്ടോറിക്ഷയിലായിരുന്നു തിരിച്ചു വരവ്. യുവതിയെ കണ്ട് വീട്ടുകാർ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ഇവർ തിരികെയെത്തിയ സന്തോഷമായി.. പൊലീസുകാരിയെ കണ്ട സന്തോഷത്തിൽ മതിമറന്ന് സെൽഫിയെടുത്ത് ആഘോഷവുമാക്കി.

ഇതിലൊരു ചിത്രം പ്രീതിയുടെ മൂത്ത സഹോദരി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് പണി പാളിയത്. ഫോട്ടോ കണ്ട് സംശയം തോന്നിയ പ്രദേശവാസികളിൽ ചിലർ പൊലീസിനെ വിവരം അറിയിച്ചു. രാത്രി തന്നെ പൊലീസ് പ്രീതിയെ തേടി വീട്ടിലെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഒന്നു രണ്ട് സീരിയലുകളിൽ പൊലീസ് വേഷം ചെയ്തതാണ് 'പൊലീസ് സേനയുമായി' ആകെയുള്ള ബന്ധമെന്ന് പ്രീതി കുറ്റസമ്മതം നടത്തി. വീട്ടുകാരുടെ മുന്നിൽ ആളാകാന്‍ വേണ്ടിയാണ് ആ വേഷം ധരിച്ച് വീട്ടിലേക്കെത്തിയതെന്നും ഇവർ പറഞ്ഞു. ഇതോടെ 'എസ്ഐ പ്രീതിയെ' പൊലീസ് കയ്യോടെ അറസ്റ്റ് ചെയ്തു. ആൾമാറാട്ടത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടുവർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പായതിനാൽ കോടതി ജാമ്യത്തിന് സാധ്യതയുണ്ട്.

ഒൻപതു വർഷം മുമ്പ് വീടും നാടും ഉപേക്ഷിച്ച് പോയ പ്രീതി പാലക്കാടേക്കാണ് ചേക്കേറിയത്. ഈ കാലയളവിൽ മൂന്നു വിവാഹം കഴിച്ചു. മൂന്നു കുട്ടികളും ഉണ്ട്. വീട്ടിലേക്കുള്ള മടങ്ങി വരവിൽ എറണാകുളം മുതല്‍ എസ് ഐ വേഷത്തിൽ തന്നെയായിരുന്നു ഇവരുടെ യാത്രയെന്നാണ് പൊലീസ് പറയുന്നത്. ബസിൽ കയറി തിരുവല്ലയിലെത്തിയ ശേഷം അവിടെ നിന്നും ഓട്ടോറിക്ഷ പിടിച്ചാണ് 'എസ്ഐ' വീട്ടിലെത്തിയത്. പൊലീസ് വേഷം ധരിച്ചുവെങ്കിലും വേഷം കെട്ടി തട്ടിപ്പൊന്നും നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
Published by: Asha Sulfiker
First published: August 15, 2020, 8:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading