പ്രവാസിയായ ഭര്‍ത്താവിന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് (death certificate) തയ്യാറാക്കി യുവതി പണവും (money) മറ്റ് സ്വത്തുക്കളും (property) തട്ടിയെടുത്തതായി പരാതി. മുര്‍ഷിദാബാദിലെ (murshidabad) ബരാന സ്റ്റേഷന് പരിധിയിലാണ് സംഭവം. നൂര്‍ജമാല്‍ ഷെയ്ക്ക് എന്നാണ് ഭര്‍ത്താവിന്റെ പേര്, അദ്ദേഹം ഭാര്യയ്ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കാന് ഒരുങ്ങുകയാണ് ഇപ്പോള്‍.
അഞ്ച് വര്‍ഷം മുന്‍പാണ് നൂര്‍ജമാല്‍ സൗദിയില്‍ (saudi) ജോലിയ്ക്കായി പോയത്. അദ്ദേഹത്തിന്റെ ഭാര്യ ഷാഹിന ഖാത്തൂന് ആയിരുന്നു ബാങ്ക് നിക്ഷേപത്തിന്റെ അവകാശി. ഭര്‍ത്താവ് സൗദിയിലേയ്ക്ക് പോയതോടെ ഷാഹിന അദ്ദേഹവുമായുള്ള ആശയ വിനിമയം നിര്‍ത്തി. സൗദിയില്‍ നിന്ന് പെട്ടെന്ന് തിരികെ വരാത്തതിനാല്‍ ഭാര്യ തന്നെ ഉപേക്ഷിച്ച് വീട് വിട്ട് പോയി എന്നാണ് നൂര്‍ജമാല്‍ വിശ്വസിച്ചിരുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ എത്തിയപ്പോഴാണ് തന്റെ ബാങ്ക് നിക്ഷേപം മുഴുവനും ഭാര്യ തട്ടിയെടുത്തതായി അദ്ദേഹത്തിന് മനസ്സിലായത്.
നൂര്‍ജമാലിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഷാഹിന നിക്ഷേപം പിന്‍വലിച്ചതെന്ന് ബാങ്ക് മാനേജര്‍ വ്യക്തമാക്കി. ഇദ്ദേഹത്തിന്റ പേരിലുള്ള ഇന്‍ഷുറന്‍സ് തുകയും ഭാര്യ ഇതേ രീതിയില്‍ ക്ലെയിം ചെയ്തിരുന്നു. മാത്രമല്ല, നൂര്‍ജമാലിന്റെ പേരിലുള്ള സ്വത്തുക്കളും വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഭാര്യ സ്വന്തം പേരിലാക്കിയിരുന്നു. നൂര്‍ജമാല്‍ മരിച്ചു എന്നാണ് ബാങ്ക് മാനേജരും വിശ്വസിച്ചിരിക്കുന്നത്. മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനാലും ഭാര്യ ഷാഹിന നോമിനി ആയതിനാലും മറ്റ് സാങ്കേതിക തടസ്സങ്ങളൊന്നും നിക്ഷേപം പിന്‍വലിക്കുന്നതില്‍ ഉണ്ടായില്ല.
എന്നാൽ ഈ തട്ടിപ്പ് വിവരം അധികൃതരെ അറിയിച്ചിട്ടും ഫലമില്ലെന്നാണ് നൂര്‍ജമാല്‍ പറയുന്നത്. '25 ലക്ഷത്തോളം രൂപ ഭാര്യ തട്ടിപ്പിലൂടെ കൊണ്ട് പോയി. അവള്‍ക്ക് വിവാഹത്തിന് ശേഷം മറ്റൊരു ബന്ധം ഉണ്ടായിരുന്നു. എനിയ്ക്ക് നീതി കിട്ടണം' നൂര്‍ജമാല്‍ ആവശ്യപ്പെട്ടു. ഷാഹിന അടക്കം തന്റെ കുടുംബാഗങ്ങളെ ഒന്നും കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read- ഫേസ്ബുക്ക് ഫ്രണ്ട് ആക്കിയില്ല; യുവതിയുടെ കുളിമുറിയിലെ ദൃശ്യങ്ങള്‍ കോട്ടേഷന് കൊടുത്ത് പകര്‍ത്തി
അതേസമയം, വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റിലായ വിവരം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മണിനഗര്‍ ഈസ്റ്റ് സ്വദേശികളായ പരാഗ് പരേഖ്, ഭാര്യ മനീഷ എന്നിവരാണ് പിടിയിലായത്. എല്‍ഐസി സീനിയര്‍ ബ്രാഞ്ച് മാനേജര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് തട്ടിപ്പ് നടത്തി നാലുവര്‍ഷത്തിന് ശേഷം ദമ്പതികള്‍ കുടുങ്ങിയത്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതിയായ പരാഗ് ഒരു എല്‍ഐസി ഏജന്റായിരുന്നു. ഭാര്യ മനീഷയുടെ പേരില്‍ ഇയാള്‍ 15ലക്ഷം രൂപയുടെ പോളിസി എടുത്തിരുന്നു. പിന്നീട് ഭാര്യ മരിച്ചെന്നറിയിച്ച് ഇയാള്‍ കമ്പനിയെ സമീപിക്കുകയായിരുന്നു. മരണസര്‍ട്ടിഫിക്കറ്റും ഹാജരാക്കി. തുടര്‍ന്ന് ഇയാള്‍ക്ക് 14.96 ലക്ഷം രൂപ ക്ലെയിം ആയി ലഭിക്കുകയും ചെയ്തു. 2017 ല്‍ പരാഗ് ഗാന്ധി നഗര്‍ ബ്രാഞ്ചില്‍ നിന്നും മറ്റൊരു പോളിസിയും എടുത്തു. ഇതില്‍ നോമിനിയുടെ സ്ഥാനത്ത് ഭാര്യയുടെ പേരാണ് വച്ചിരുന്നത്.
കമ്പനി നടത്തിയ ആഭ്യന്തര ഓഡിറ്റിംഗിനിടെയാണ് ക്രമക്കേടുകള്‍ വ്യക്തമായത്. തുടര്‍ന്ന് അന്വേഷണം നടത്തുകയും ചെയ്തു. ഇതിനൊടുവിലാണ് പരാഗിനും ഭാര്യക്കുമെതിരെ പരാതിയുമായി ബ്രാഞ്ച് മാനേജര്‍ പൊലീസിനെ സമീപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.