കോഴിക്കോട്: പ്രണയം നിരസിച്ച പെൺകുട്ടിയെ കൊലപ്പെടുത്താൻ പെട്രോളും ലൈറ്ററുമായെത്തിയ യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്തിനെയാണ് ഇന്നലെ രാത്രി പൊലീസ് അറസ്റ്റു ചെയതത്. യുവതിയുടെ വീട്ടിലേക്ക് അരുൺജിത്ത് കയറി വരുന്നത് കണ്ട അമ്മ വാതിൽ അടച്ചതിനാൽ പ്രതിക്ക് വീടിനകത്തേക്ക് കയറാനായില്ല. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് യുവാവിനെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്.
യുവാവിന്‍റെ കൈയ്യിൽ നിന്നും ഒരു ലിറ്റർ പെട്രോളും, ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്പും പെൺകുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്നും അന്ന് ഇയാളെ പെൺകുട്ടിയുടെ അച്ഛൻ താക്കീത് നൽകി മടക്കി അയച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് അരുണ്‍ജിത്ത് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
തുടർന്ന് പ്രണയാഭ്യർത്ഥന നടത്തുകയും അത് പെൺകുട്ടി നിരസിച്ചതുമാണ് സംഭവത്തിലേക്ക് നയിച്ചത് . മുൻപും പെൺകുട്ടിയെ അപായപ്പെടുത്താൻ പ്രതി ശ്രമിച്ചിട്ടുണ്ട്. ഇത് പരാജയപ്പെട്ടതിനാലാണ് ഇത്തവണ പെട്രോളും ലൈറ്ററുമായെത്തിയതെന്നാണ് വിവരം.
പ്രതിക്കെതിരെ ഭവനഭേദനം, അപായപ്പെടുത്തൽ, സ്ത്രീത്വത്തിനെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.