ഇന്റർഫേസ് /വാർത്ത /Crime / വീണ്ടും പീഡനം; തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചു

വീണ്ടും പീഡനം; തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചു

News18

News18

കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടിലെത്തിയപ്പോഴാണ് ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചത്.

  • Share this:

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചെന്നു പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടിലെത്തിയപ്പോഴാണ് ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചത്. കുളത്തൂപ്പുഴ സ്വദേശിയായ യുവതിയുടെ പരാതിയിൽ ആരോഗ്യപ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു.

കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി മലപ്പുറത്ത് ജോലിക്ക് പോയിരുന്നു. തിരിച്ചെത്തിയ അവര്‍ വെള്ളറടയില്‍ സൃഹൃത്തിനൊപ്പം ക്വാറന്റീനില്‍ കഴിഞ്ഞു. അതിനുശേഷം നടത്തിയ പരിശോധനയില്‍ രോഗബാധയില്ലെന്ന് വ്യക്തമായി. ഇതോടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ട്ടിഫിക്കറ്റിനായി പാങ്ങോടുള്ള വീട്ടിലേക്ക് വരണമെന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് പാങ്ങോടെത്തിയ യുവതിയെ വീട്ടില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

പരാതിയിൽ വെള്ളറട പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം നടന്നത് പാങ്ങോട് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് മാറ്റും.

പത്തനംതിട്ടയിൽ ആംബുലൻസ് ഡ്രൈവർ കോവിഡ് ബാധിതയായ യുവതിയെ പീഡിപ്പിച്ചെന്ന വാർത്തയ്ക്കു പിന്നാലെയാണ് തിരുവനന്തപുരത്തും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കായംകുളം സ്വദേശിയായ  നൗഫലാണ് പത്തനംതിട്ടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ കൊലക്കേസ് പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പന്തളം സ്വദേശിയായ പെൺകുട്ടിക്ക് അടൂരിലെ ബന്ധുവീട്ടിൽ വച്ചാണ് രോഗം ബാധിച്ചത്. പെൺകുട്ടിയുമായി അടൂർ ജനറൽ ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അവിടെ നിന്ന് മറ്റൊരു കോവിഡ് പോസിറ്റീവ് ആയ സ്ത്രീയുമായി കോഴ‍ഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തി. ഇവിടെ രണ്ടാമത്തെ സ്ത്രീയെ ഇറക്കിയ ശേഷം പീഡനത്തിന് ഇരയായ പെൺകുട്ടിയുമായി ആംബുലൻസ് പന്തളത്തേക്ക് മടങ്ങി. ആറന്മുള വിമാനത്താവള പ്രദേശത്തിന് സമീപം ആംബുലൻസ് നിർത്തിയാണ് ഇയാൾ  പെൺകുട്ടിയെ പീഡിപ്പിച്ചത്.

First published:

Tags: Covid 19, Pathanamthitta, Rape, Rape case