• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained | ആശുപത്രി ചികിത്സാ ചെലവുകളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ വഹിക്കുന്ന പങ്ക്; അറിയേണ്ട കാര്യങ്ങൾ

Explained | ആശുപത്രി ചികിത്സാ ചെലവുകളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ വഹിക്കുന്ന പങ്ക്; അറിയേണ്ട കാര്യങ്ങൾ

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ സാധാരണയായി ആശുപത്രി ബില്ലുകള്‍ അടയ്ക്കാനാണ് സാമ്പത്തിക സഹായം നല്‍കുക. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പും ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷവും ഉള്ള ചെലവുകള്‍ ക്ലെയിം ചെയ്തെടുക്കാനും സാധിക്കും

 • Last Updated :
 • Share this:
  കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ചിരിക്കുകയണ് രാജ്യം ഇപ്പോള്‍. നിലവിൽ ഒരുലക്ഷത്തിന് മുകളിലാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം. ആദ്യ തരംഗത്തിനെക്കാള്‍ വലിയ തോതില്‍ അതിതീവ്ര വ്യാപനമാണ് രണ്ടാം തരംഗത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആകെ കേസുകളില്‍ പകുതിയും മഹാരാഷ്ട്രയില്‍ നിന്നാണ്. ആശുപത്രികളും ചികിത്സാ കേന്ദ്രങ്ങളുമെല്ലാം രോഗികളാല്‍ നിറഞ്ഞുകഴിഞ്ഞു.

  ചികിത്സയ്ക്കും ടെസ്റ്റുകള്‍ക്കും സാമ്പത്തികമായി തന്നെ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. മറ്റ് രോഗങ്ങളെ പോലെതന്നെ ആശുപത്രി ചെലവുകളും കോവിഡ് 19 ചികിത്സയില്‍ ഉള്‍പ്പെടുന്നു. കോവിഡ് രോഗികള്‍ക്ക് 14 ദിവസത്തെ ചികിത്സയ്ക്കും ക്വാറന്റൈനും ആയി വലിയ ചെലവാണ് ഉണ്ടാകാറുള്ളത്. ഇത്തരത്തിലൊരു പ്രതിസന്ധിയിൽ നിന്ന് രക്ഷനേടാൻ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അനിവാര്യമാണ്.

  കോവിഡ് ബാധിച്ച് 72 മണിക്കൂര്‍ വരെ ആശുപത്രിയില്‍ കിടക്കേണ്ടി വന്നാല്‍ ഒരു നിശ്ചിത തുക നല്‍കുന്ന 'കോവിഡ് രക്ഷക്' പോളിസികള്‍ നിലവിലുണ്ട്. ഇപ്പോള്‍ തന്നെ കോവിഡ് ചികിത്സ ചെലവുകളില്‍ അര്‍ഹതയില്ലാത്ത,  സാധാരണ ആരോഗ്യ പോളിസികള്‍ എടുത്തിട്ടുള്ളവര്‍ക്ക്  ഒരു 'കോവിഡ് കവച്' അധിക പോളിസി എടുക്കുന്നതിലൂടെ ക്ലെയിം ചെയ്തെടുക്കാനും സാധിക്കും.

  Also Read-ആദായനികുതി നിയമങ്ങളിലെ നിങ്ങൾ തീർച്ചയായും അറിയേണ്ട അഞ്ച് മാറ്റങ്ങൾ

  ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ സാധാരണയായി ആശുപത്രി ബില്ലുകള്‍ അടയ്ക്കാനാണ് സാമ്പത്തിക സഹായം നല്‍കുക. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പും ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷവും ഉള്ള ചെലവുകള്‍ ക്ലെയിം ചെയ്തെടുക്കാനും സാധിക്കും. എന്നിരുന്നാലും എല്ലാ ചെലവുകളും ക്ലെയിം ചെയ്യാന്‍ കഴിയില്ല, കൂടാതെ ചെലവുകള്‍ പൂര്‍ണമായും ഇന്‍ഷുര്‍ ചെയ്യാന്‍ സാധിച്ചെന്നും വരില്ല.

  ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് നടത്തിയ കോവിഡ് ആര്‍ടി-പിസിആര്‍ ടെസ്റ്റിന് ഇന്‍ഷുറന്‍സ് വഴി പണം ലഭിക്കുമോ?

  ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ പരിശോധനകളും ബില്ലിനെ അടിസ്ഥാനമാക്കി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വഴി ക്ലെയിം ചെയ്തെടുക്കാം. ''ആര്‍ടി-പിസിആര്‍ പോലുള്ള മെഡിക്കല്‍ ടെസ്റ്റുകള്‍ ഉള്‍പ്പെടെ ആശുപത്രിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ആശുപത്രി ചികിത്സയ്ക്ക് മുമ്പുള്ള ചെലവുകളുടെ കൂട്ടത്തില്‍ വരുന്നതാണ്" എന്ന് ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്കുള്ള സ്വതന്ത്ര പ്ലാറ്റ്‌ഫോമായ ബെഷക്.ഓര്‍ഗ് ( Beshak.org) സ്ഥാപകന്‍ മഹാവീര്‍ ചോപ്ര വ്യക്തമാക്കുന്നു.

  ശരീരത്തില്‍ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ആര്‍ടി-പിസിആര്‍ പരിശോധന സാധാരണയായി നടത്തുന്നത്. ഇതിന് 1,200 രൂപ വരെയാണ് ചെലവ് വരുന്നത്.

  കൊവിഡ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണെങ്കില്‍, ആര്‍ടി-പിസിആര്‍, രക്തപരിശോധന, സിടി സ്‌കാന്‍ തുടങ്ങിയ എല്ലാ ചെലവുകളും, ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് 30 ദിവസം വരെ ചെലവായ തുകയും ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും. പോളിസി ആശുപത്രിയുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കണം എന്നതാണ് വ്യവസ്ഥ.

  ''കൊവിഡ്-19 പോസിറ്റീവ് കേസുകളില്‍, ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുമ്പായുള്ള ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ ചെലവ് വഹിക്കും," എന്ന് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ ഹെല്‍ത്ത് ക്ലെയിം തലവന്‍ ഭാസ്‌കര്‍ നെരുര്‍ക്കര്‍ പറയുന്നു. പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആണെങ്കില്‍, നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഒപിഡി (ഔട്ട്-പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ്) നിരക്കുകള്‍ ഈടാക്കിയാല്‍ മാത്രമേ അത്തരം ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകളുടെ ചെലവുകള്‍ ക്ലെയിം ചെയ്യാന്‍ കഴിയൂ.

  ഡിസ്ചാര്‍ജിന് ശേഷമുള്ള ചെലവുകള്‍ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയില്‍ നിന്ന് ലഭിക്കുമോ?

  മിക്ക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന ചെലവുകള്‍ വഹിക്കുന്നതാണ്. ''ഡോക്ടര്‍മാര്‍ 60 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉപദേശിക്കുന്ന പരിശോധനകളുടെ ഉൾപ്പെടെ വരുന്ന അധിക ചെലവുകൾ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചായിരിക്കും വഹിക്കുക" എന്ന് നെരുര്‍ക്കര്‍ പറയുന്നു. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വീട്ടില്‍ത്തന്നെ ചികിത്സ നടത്തേണ്ടി വരികയാണെങ്കില്‍, ഉദാഹരണത്തിന് നട്ടെല്ല് ശസ്ത്രക്രിയയുടെ കാര്യത്തില്‍ ഫിസിയോതെറാപ്പി സെഷനുകളടക്കം അധിക ചെലവുണ്ടെങ്കില്‍ പോലും ഇവയെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷക്ക് കീഴില്‍ വരും. ചില പ്രീമിയം പോളിസികള്‍ ഈ കവറേജ് 90 ദിവസത്തേക്ക് നീട്ടുന്നു. എന്നിരുന്നാലും, സ്റ്റാന്‍ഡേര്‍ഡ് കൊറോണ കവച് പോളിസികളുടെ കാര്യത്തില്‍, ഈ ചെലവുകള്‍ ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം 30 ദിവസം വരെ എന്ന കണക്കിലായിരിക്കും വരിക.

  ക്ലെയിം ഫയല്‍ ചെയ്യേണ്ടത് എങ്ങനെ? എന്തൊക്കെ രേഖകള്‍ സമര്‍പ്പിക്കണം?

  ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പുള്ള, ക്ലെയിം ഫയല്‍ ചെയ്യുന്നതിനുള്ള പ്രധാന രേഖകളായിരിക്കും നിങ്ങളുടെ ഡയഗ്‌നോസ്റ്റിക് ടെസ്റ്റ് രസീതുകളും ബില്ലുകളും. അതിനാല്‍ത്തന്നെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും രസീതുകളും കയ്യില്‍ സൂക്ഷിക്കണം. ഡയഗ്‌നോസ്റ്റിക് കേന്ദ്രങ്ങളില്‍ നിന്ന് ഇമെയില്‍ വഴിയോ അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ വഴി ഡൗണ്‍ലോഡ് ചെയ്തോ ബില്ലുകൾ നിങ്ങളുടെ പക്കൽ സൂക്ഷിക്കേണ്ടതാണ്. പലപ്പോഴും പകര്‍പ്പുകള്‍ രേഖകളായി സംരക്ഷിക്കുന്നതിനേക്കാള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതായിരിക്കും നല്ലത്.

  ആശുപത്രി ചികിത്സയ്ക്ക് ശേഷമുള്ള ചെലവുകളുടെ കാര്യത്തില്‍, നിങ്ങളുടെ ഡിസ്ചാര്‍ജ് ഷീറ്റ് നിര്‍ണായക രേഖയായിരിക്കും, കാരണം അതിലായിരിക്കും മരുന്നുകളുടെയും തുടര്‍നടപടികളുടെയും വിശദാംശങ്ങള്‍ ഉണ്ടായിരിക്കുക. റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമായിട്ടാണ് ഇത് ഫയല്‍ ചെയ്യേണ്ടത് - അതായത്, ആദ്യം പണമടയ്ക്കുകയും പിന്നീട് ഇന്‍ഷുറന്‍സ് കമ്പനി ചെലവുകള്‍ തിരികെ നല്‍കുകയും ചെയ്യുന്ന രീതിയാണ് ഇത്. പതിവ് ഹോസ്പിറ്റലൈസേഷന്‍ ക്ലെയിമിന് പുറമേയായിരിക്കും ഇത് ലഭിക്കുക.

  60-90 ദിവസ കാലയളവില്‍ നിങ്ങളുടെ ഫോളോ-അപ്പ്, മരുന്ന് ചെലവുകള്‍ എന്നിവ കണക്കിലെടുത്ത് ഇവ പ്രത്യേകം ഫയല്‍ ചെയ്യാന്‍ കഴിയും. ആശുപത്രി ചികിത്സയുടെ ബില്‍ പോലെ ഇത് പണരഹിത ക്ലെയിം ആയിരിക്കില്ല. ക്ലെയിം ഉന്നയിക്കാന്‍ നിങ്ങളുടെ ചികിത്സാ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സാധാരണഗതിയില്‍, ഈ ക്ലെയിം ആരംഭിക്കുന്നതിനും ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കുന്നതിനും ഇന്‍ഷുറൻസ് കമ്പനികൾ 7-15 ദിവസത്തെ സാവകാശം നല്‍കാറുണ്ട്.
  Published by:Asha Sulfiker
  First published: