ഗാസ സമാധാന ഉടമ്പടി; അവശേഷിക്കുന്ന 48 ബന്ദികളെക്കുറിച്ച്

Last Updated:

48 ഇസ്രായേല്‍ ബന്ദികളെ ഹമാസ് തിങ്കളാഴ്ച മുതല്‍ മോചിപ്പിക്കും

News18
News18
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും പാലസ്തീനും തമ്മിലുള്ള യുദ്ധത്തിന് അറുതിയാവുകയാണ്. യുഎസ് ഇടപെടലില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം ബുധനാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന ഉടമ്പടിയുടെ ഭാഗമായി മരിച്ചവര്‍ അടക്കം ഗാസയില്‍ അവശേഷിക്കുന്ന 48 ഇസ്രായേല്‍ ബന്ദികളെ ഹമാസ് തിങ്കളാഴ്ച മുതല്‍ മോചിപ്പിക്കും. സമാധാന ഉടമ്പടി അനുസരിച്ച് ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിയുകയും പരസ്പര ധാരണ പ്രകാരമുള്ള രേഖയിലേക്ക് മാറുകയും ചെയ്യും. പകരമായാണ് ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്മാരെ മോചിപ്പിക്കുക. തടവിൽ കഴിയുന്ന പാലസ്തീനികളെ ഇസ്രായേലും മോചിപ്പിക്കും.
"അറബ്, മുസ്ലീം ലോകത്തിനും ഇസ്രായേലിനും ചുറ്റുമുള്ള എല്ലാ രാഷ്ട്രങ്ങള്‍ക്കും അമേരിക്കന്‍ ഐക്യനാടുകള്‍ക്കും ഇത് ഒരു മഹത്തായ ദിനമാണ്. സമാധാനപാലകര്‍ ഭാഗ്യവാന്മാര്‍", എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കരാറിനെ കുറിച്ച് പറഞ്ഞു. ഖത്തര്‍, ഈജിപ്ഷ്യന്‍, ടര്‍ക്കിഷ് മധ്യസ്ഥരും കരാറില്‍ ഇടപെട്ടതായി ട്രംപിന്റെ പങ്കിന് നന്ദി പറഞ്ഞുകൊണ്ട് ഹമാസും ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
advertisement
"പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു", ഇസ്രയേല്‍ കരാറിലെ നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യുഎസിനോട് ആവശ്യപ്പെട്ടുകൊണ്ട് ഹമാസ് പറഞ്ഞു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍-അന്‍സാരിയും കരാര്‍ സ്ഥിരീകരിച്ചു. ഇത് ഇസ്രായേലി ബന്ദികളെയും പാലസ്തീന്‍ തടവുകാരെയും മോചിപ്പിക്കാനും മാനുഷിക സഹായം നല്‍കാനും അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ സര്‍ക്കാരും കരാറിനെ സ്വാഗതം ചെയ്തു. ഇസ്രായേലിന്റെ 'വലിയ ദിനം' എന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതിനെ വിശേഷിപ്പിച്ചത്. കരാര്‍ അംഗീകരിക്കാന്‍ മന്ത്രിസഭ വിളിച്ചുകൂട്ടുമെന്നും പ്രിയപ്പെട്ട എല്ലാ ബന്ദികളെയും നാട്ടിലേക്ക് കൊണ്ടുവരുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു.
advertisement
ബന്ദികളുടെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്ത് ?
2023 ഒക്ടോബര്‍ ഏഴിന് പാലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസ് തെക്കന്‍ ഇസ്രായേലില്‍ അപ്രതീക്ഷിതമായി ആക്രമണം നടത്തിയതോടെയാണ് ബന്ദികളുടെ കഥ ആരംഭിച്ചത്. ഇസ്രായേലിന്റെ കണക്കുകള്‍ പ്രകാരം ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടു. ഇതിനുപുറമെ 251 പേരെ ബന്ദികളാക്കി ഹമാസ് ഗാസയിലേക്ക് കൊണ്ടുപോയി.
ഇതോടെ ഹമാസിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ യുഎസും ഇസ്രായേലും സൈനിക നടപടികൾ ആരംഭിച്ചു. യുഎസിന്റെ പിന്തുണയോടെയുള്ള ഇസ്രായേല്‍ സൈനിക പ്രതികരണത്തിന് ഈ ആക്രമണം തുടക്കമിട്ടു. അതിനുശേഷം ഗാസയില്‍ 67,000ത്തലധികം ആളുകള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് ഭരിക്കുന്ന ഗാസയുടെ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
advertisement
സംഘർഷം രൂക്ഷമാകുന്നതിനിടയിൽ ഹമാസ് ബന്ദികളാക്കിയവര്‍ ഇസ്രായേലില്‍ വൈകാരികവും രാഷ്ട്രീയപരവുമായ ഒരു വിഷയമായി മാറിയിരുന്നു. അവരെ നിരുപാധികമായി തിരികെ കൊണ്ടുവരണമെന്ന ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങളും ഇസ്രായേലിൽ ഉയര്‍ന്നു.
സിഎന്‍എന്‍ പറയുന്നതനുസരിച്ച് 2023 ഒക്ടോബര്‍ ഏഴിന് ഹമാസും സഖ്യകക്ഷികളും 251 പേരെ ഗാസയിലേക്ക് തട്ടികൊണ്ടുപോയി ബന്ദികളാക്കി. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് മുമ്പ് തന്നെ ഹമാസ് നാല് പേരെ ബന്ദികളാക്കിയിരുന്നു. ഐഡിഎഫ് സൈനികന്‍ ഹദര്‍ ഗോള്‍ഡിനും ഇതിലുള്‍പ്പെട്ടിരുന്നു. 2014-ലെ ഗാസ യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. അന്നു മുതല്‍ അദ്ദേഹത്തിന്റെ മൃതദേഹം ഗാസയിലാണ്. അദ്ദേഹത്തിന്റെ മൃതദേഹം തിരികെയെത്തിക്കാന്‍ കുടുംബം വളരെക്കാലമായി പ്രചാരണം നടത്തി. ഇതും ട്രംപിന്റെ സമാധാന കരാറില്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
advertisement
ഈ നാല് പേര്‍ അടക്കം ഗാസയിൽ ഹമാസിന്റെ തടവിൽ കഴിയുന്ന അറിയപ്പെടുന്ന ബന്ദികള്‍ 255 പേരാണ്. 2023-ല്‍ ബന്ദികളാക്കപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം സാധാരണക്കാരായിരുന്നു. ഇവരില്‍ പലരും ഇരട്ട പൗരത്വമുള്ളവരും അഞ്ച് പേര്‍ വിദേശ പൗരന്മാരുമാണ്. ഇതില്‍ മൂന്ന് പേർ തായ്‌ലന്‍ഡില്‍ നിന്നും ഒരാള്‍ ടാന്‍സാനിയയില്‍ നിന്നും ഒരാള്‍ നേപ്പാളില്‍ നിന്നുമാണെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാസിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലല്ലാത്ത ഗ്രൂപ്പുകളാണ് ചിലരെ ബന്ദികളാക്കുന്നത്. ഇത് അവരുടെ മോചനത്തിനായുള്ള തുടര്‍ ചര്‍ച്ചകളെ ബാധിച്ചു.
advertisement
എത്ര ബന്ദികളെ മോചിപ്പിച്ചു ?
യുദ്ധം ആരംഭിച്ചതിനുശേഷം 148 ബന്ദികളെ ജീവനോടെ ഇസ്രായേലിലേക്ക് തിരിച്ചെത്തിച്ചു.
2023 അവസാനത്തിലും 2024-ന്റെ തുടക്കത്തിലും താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറുകള്‍ പ്രകാരം ഹമാസ് ഭൂരിഭാഗം പേരെയും മോചിപ്പിച്ചു.
സൈനിക നടപടികളില്‍ ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) എട്ട് ബന്ദികളെ രക്ഷപ്പെടുത്തിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ തടങ്കലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് ബന്ദികളെ ഇസ്രായേല്‍ സൈന്യം ആളറിയാതെ കൊലപ്പെടുത്തി.
തടങ്കലിലോ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലോ കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെടെ 59 ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ ലഭിക്കുകയോ വീണ്ടെടുക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
advertisement
ശേഷിക്കുന്ന ബന്ദികള്‍ ആരാണ് ?
* ഈ ആഴ്ചയിലെ കണക്കനുസരിച്ച് 48 ബന്ദികള്‍ ഗാസയില്‍ ശേഷിക്കുന്നുണ്ട്.
* ഇസ്രായേല്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍ അനുസരിച്ച് ഇതില്‍ 20 പേര്‍ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നു.
* 26 പേര്‍ മരണപ്പെട്ടതായാണ് കണക്ക്.
* മറ്റ് രണ്ട് പേരുടെ നില പരസ്യമായി വ്യക്തമാക്കിയിട്ടില്ല.
* മരിച്ചവരില്‍ രണ്ട് പേര്‍ യുഎസ്-ഇസ്രായേല്‍ പൗരത്വമുള്ളവരാണെന്ന് വിശ്വസിക്കുന്നു.
എന്നാല്‍ മരണപ്പെട്ട ബന്ദികളുടെ അവശിഷ്ഠങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഹമാസിന് ചിലരുടെ മൃതദേഹങ്ങള്‍ എവിടെയാണെന്ന് അറിയില്ലായിരിക്കാമെന്നും അവ ചിലപ്പോള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്നും സിഎന്‍എന്‍ പറയുന്നു.
1986-ല്‍ ലെബനനില്‍ കാണാതായ ഇസ്രായേലി വ്യോമസേനാ ഉദ്യോഗസ്ഥനായ റോണ്‍ ആരാഡിന്റെ കേസ് പോലുള്ള സാഹചര്യങ്ങള്‍ ഇസ്രായേലില്‍ വളരെ സെന്‍സിറ്റീവ് ആണ്. 'ചില റോണ്‍ ആരാഡുകള്‍ ഉണ്ടാകാമെന്ന്' ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അടുത്ത വിശ്വസ്തന്‍ നാതന്‍ എഷെല്‍ കഴിഞ്ഞ ആഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഹമാസ് ബന്ദികളാക്കിയവരിൽ ചിലരുടെ മൃതദേഹങ്ങള്‍ തിരികെ ലഭിക്കാനുള്ള സാധ്യതയില്ലെന്ന കണക്കുകൂട്ടല്‍ സര്‍ക്കാരിനുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
ബന്ദികളുടെ കൈമാറ്റത്തിന്റെ നിബന്ധനകള്‍ 
* മരിച്ചതായി സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 48 ബന്ദികളെ ഹമാസ് മോചിപ്പിക്കും.
* പകരം ജീവപര്യന്തം തടവ് അനുഭവിക്കുന്ന 250 പലസ്തീനികളെ ഇസ്രായേലും മോചിപ്പിക്കും. യുദ്ധം ആരംഭിച്ചതിനുശേഷം തടവിലാക്കപ്പെട്ട ഏകദേശം 1,700 ഗാസക്കാരെയും മോചിപ്പിക്കും.
* ഇസ്രായേല്‍ തങ്ങളുടെ സൈന്യത്തെ ഒരു നിശ്ചിത പരിധി വരെ പിന്‍വലിക്കും. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സൈന്യത്തിന്റെ പിന്‍വാങ്ങല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
* ഇസ്രായേല്‍ സൈനിക പുനഃസ്ഥാപനം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിന് 72 മണിക്കൂര്‍ സമയം ലഭിക്കും.
ബന്ദികളുടെ കുടുംബങ്ങളുടെ പ്രതികരണം
ബന്ദികളുടെ കുടുംബങ്ങളുമായി നേരിട്ട് ഫോണിലൂടെ സംസാരിച്ച ട്രംപിന്റെ പ്രഖ്യാപനം വൈകാരിക രംഗങ്ങള്‍ക്ക് വഴിയൊരുക്കി. "ബന്ദികള്‍ തിരിച്ചെത്തും, അവരെല്ലാം തിങ്കളാഴ്ച തിരിച്ചെത്തും," ട്രംപ് കോളിനിടെ കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
വൈറ്റ് ഹൗസ് പങ്കിട്ട ഒരു വീഡിയോയില്‍ നിരവധി കുടുംബാംഗങ്ങള്‍ ആഹ്ലാദിക്കുകയും കരയുകയും ട്രംപിനോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നത് കാണാം.
വ്യാഴാഴ്ച ഇസ്രായേല്‍ മന്ത്രിസഭ കരാര്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സിബിഎസ് ന്യൂസിനോട് പറഞ്ഞു. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ഐഡിഎഫ് 24 മണിക്കൂറിനുള്ളില്‍ ഗാസയില്‍ നിന്ന് പിന്മാറും. അതിനുശേഷം ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിന് 72 മണിക്കൂര്‍ സമയം ലഭിക്കും.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഗാസ സമാധാന ഉടമ്പടി; അവശേഷിക്കുന്ന 48 ബന്ദികളെക്കുറിച്ച്
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement