Eris | മാരകമാണോ യുകെയിൽ പടരുന്ന പുതിയ കോവിഡ് വകഭേദം 'ഏരിസ്' ?
- Published by:Vishnupriya S
- news18-malayalam
Last Updated:
എന്താണ് ഏരിസ്?
നീണ്ട ഇടവേളയ്ക്ക് ശേഷം ലോകത്ത് വീണ്ടും പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യുകെയില്‍ ഇപ്പോൾ പടരുന്ന കോവിഡ് വകഭേദം വളരെ വേഗത്തില്‍ പടരാന്‍ ശേഷിയുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. EG.5.1 വേരിയന്റിനെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഏരിസ് എന്നാണ് ഇവയ്ക്ക് പേരിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ മാസമാണ് ഈ വകഭേദത്തെ കണ്ടെത്തിയത്. എന്താണ് ഏരിസ് വകഭേദം? ഇവ മുന്‍ വേരിയന്റുകളെക്കാള്‍ അപകടകാരിയാണോ? കൂടുതൽ അറിയാം..
എന്താണ് ഏരിസ്?
വിയോജിപ്പിന്റെയും പിണക്കത്തിന്റെയും ഗ്രീക്ക് ദേവതയായ ഏരിസിന്റെ പേരാണ് പുതിയ കോവിഡ് വകഭേദത്തിന് നല്‍കിയിരിക്കുന്നത്. അതിവേഗം പടരുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ പിന്‍ഗാമിയാണ് ഏരിസ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെയില്‍ മാത്രമല്ല ഈ വകഭേദം കണ്ടെത്തിയത്. യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക, എന്നിവിടങ്ങളിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജൂലൈ 27ലെ കണക്ക് പ്രകാരം ജൂലൈ 10ന് റിപ്പോര്‍ട്ട് ചെയ്ത യുകെ സ്വീക്വന്‍സുകളില്‍ 11.8 ശതമാനവും ഏരിസ് തന്നെയെന്ന് രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിലെ 14.6 ശതമാനം കേസുകളും ഏരിസ് വൈറസ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ” മുമ്പത്തെക്കാള്‍ ഈ ആഴ്ച കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പരിശോധിച്ച 4396 സാമ്പിളുകളില്‍ 5.4 ശതമാനം പേരിലും കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്,”എന്ന് യുകെ ആരോഗ്യസുരക്ഷാ ഏജന്‍സി പറഞ്ഞു.
advertisement
രോഗ ലക്ഷണങ്ങള്‍
1. മൂക്കൊലിപ്പ്
2. തലവേദന
3. ക്ഷീണം
4. തുമ്മല്‍
5. തൊണ്ട വേദന
രോഗവ്യാപനം
ഈ വകഭേദം ഇതിനോടകം 20.5 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്നാണ് യുകെയിലെ ആരോഗ്യ സുരക്ഷാ ഏജന്‍സി അറിയിച്ചത്. അതേസമയം മുന്‍ വകഭേദങ്ങളെക്കാള്‍ അപകടകാരിയാണ് ഏരിസ് എന്ന വാദത്തെ സാധൂകരിക്കുന്ന വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഏജന്‍സി അറിയിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ച് വരുന്ന വകഭേദങ്ങളുടെ പട്ടികയിലേക്ക് ഈ വകഭേദത്തെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്ത കോവിഡ്-19 കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
advertisement
കോവിഡ്-19 കേസുകള്‍ പെട്ടെന്നുയരാന്‍ കാരണം?
നിലവിലെ കാലാവസ്ഥ വ്യതിയാനങ്ങള്‍ രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ” ഈ ആഴ്ചത്തെ റിപ്പോര്‍ട്ടിലും കോവിഡ്-19 കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. എല്ലാ വിഭാഗത്തിലുള്ളവരിലും രോഗം വ്യാപിക്കുന്നുണ്ട്,’ എന്നും യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സിയിലെ പ്രതിരോധ വിഭാഗം അധ്യക്ഷ മേരി റാംസേ പറഞ്ഞു. നിലവിലെ സ്ഥിതി കൃത്യമായി പരിശോധിച്ച് വരികയാണെന്നും വിദഗ്ധര്‍ പറയുന്നു.
അതേസമയം വാക്‌സിനേഷന്‍ ജനങ്ങള്‍ക്ക് രോഗത്തെ ചെറുക്കാന്‍ കരുത്ത് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യങ്ങള്‍ രോഗ പ്രതിരോധ സംവിധാനങ്ങളുടെ കാര്യത്തിൽ ഇളവ് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെട്രോസ് അഥനോം ഗബ്രേയേസിസ് പറഞ്ഞു. ” രോഗം ബാധിക്കാന്‍ സാധ്യതയുള്ളവര്‍ ആളുകള്‍ കൂടുന്നിടത്ത് മാസ്‌ക് ധരിച്ച് മാത്രമേ പോകാന്‍ പാടുള്ളൂ. കൂടാതെ നിര്‍ദ്ദേശിക്കപ്പെടുന്നവർ ബൂസ്റ്റര്‍ വാക്‌സിനും സ്വീകരിക്കണം. നിലവില്‍ സര്‍ക്കാരുകള്‍ പാലിക്കുന്ന എല്ലാ മുന്‍കരുതല്‍ നടപടിയും തുടരണം. അവയില്‍ ഇളവ് വരുത്തരുതെന്നും” അദ്ദേഹം പറഞ്ഞു.
advertisement
വിദഗ്ധരുടെ അഭിപ്രായം
നിലവില്‍ യുകെയില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണ് വിദഗ്ധര്‍ക്കുള്ളത്. വേനലവധി ആരംഭിച്ചതോടെ ഈ വൈറസിന്റെ വ്യാപനം കുറയുമെന്നാണ് വിലയിരുത്തൽ. കുട്ടികള്‍ തിരികെ സ്‌കൂളിലേക്ക് എത്തുന്നത് സെപ്റ്റംബറിലാണ്. ” കോവിഡ് കേസുകള്‍ നേരിയ തോതില്‍ വര്‍ധിക്കുന്നത് കണ്ട് ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. രോഗികളുടെ എണ്ണത്തില്‍ മാറ്റങ്ങളുണ്ടാകും. യുകെയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യവും ഉണ്ടായേക്കാം,” എന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് പ്രൊഫസര്‍ അസീം മജീദ് പറഞ്ഞു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 08, 2023 1:58 PM IST