ഇന്റർഫേസ് /വാർത്ത /Explained / പ്രധാനമന്ത്രി നരേന്ദ്ര മോഡി പാപ്പുവ ന്യൂഗിനിയയിൽ; ദ്വീപ് രാഷ്ട്രവുമായുള്ള ഇന്ത്യയുടെ ബന്ധം

പ്രധാനമന്ത്രി നരേന്ദ്ര മോഡി പാപ്പുവ ന്യൂഗിനിയയിൽ; ദ്വീപ് രാഷ്ട്രവുമായുള്ള ഇന്ത്യയുടെ ബന്ധം

മോദി സന്ദര്‍ശനം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന സാഹചര്യത്തില്‍ പാപുവ ന്യൂ ഗിനിയയെക്കുറിച്ചും പ്രധാമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി അറിയാം

മോദി സന്ദര്‍ശനം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന സാഹചര്യത്തില്‍ പാപുവ ന്യൂ ഗിനിയയെക്കുറിച്ചും പ്രധാമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി അറിയാം

മോദി സന്ദര്‍ശനം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന സാഹചര്യത്തില്‍ പാപുവ ന്യൂ ഗിനിയയെക്കുറിച്ചും പ്രധാമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി അറിയാം

  • Share this:

ഇന്ത്യയുടെയും 14 പസഫിക് ദ്വീപ് രാജ്യങ്ങളുടെയും കൂട്ടായ്മയായ ഫോം ഫോര്‍ ഇന്ത്യ-പസഫിക് ഐലന്‍ഡ് കോര്‍പ്പറേഷന്‍ (എഫ്‌ഐപിഐസി) ഉച്ചകോടിയില്‍ പങ്കെടുക്കാനായി പാപ്പുവ ന്യൂ ഗിനിയ സന്ദര്‍ശനത്തിനെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനിലെ ഹിരോഷിമയിലെ ജി-7 മീറ്റിംഗിന് ശേഷമാണ് അദ്ദേഹം പാപ്പുവ ന്യൂഗിനിയിലെത്തിയത്. രാജ്യത്തെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാപുവ ന്യൂ ഗിനിയയിലെ പ്രധാനമന്ത്രി ജെയിംസ് മറാപെ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

സാധാരണ സൂര്യാസ്തമയത്തിന് ശേഷം വിദേശത്ത് നിന്നെത്തുന്നവർക്ക് ഔദ്യോഗിക സ്വീകരണം നൽകുന്ന പതിവ് രാജ്യത്ത് ഇല്ല. എന്നാല്‍ ഇതിന് വിപരീതമായിട്ടാണ് ഇത്തവണ പ്രധാനമന്ത്രിയെ രാജ്യത്ത് സ്വീകരിച്ചത്. നരേന്ദ്രമോദിയുടെ കാൽ തൊട്ടു വന്ദിച്ചാണ് മറാപെ അദ്ദേഹത്തിനെ സ്വാഗതം ചെയ്തത്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായിട്ടാണ് പാപുവ ന്യൂ ഗിനിയ സന്ദര്‍ശിക്കുന്നത്.

Also read-പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലു തൊട്ട് വന്ദിച്ച് പാപ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ; ഗംഭീര സ്വീകരണം

പാപുവ ന്യൂ ഗിനിയയിലെ പ്രധാനമന്ത്രി ജെയിംസ് മറാപെയുമായും ഗവര്‍ണര്‍ ജനറല്‍ ബോബ് ഡാഡേയുമായും വിവിധ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുക, കാലാവസ്ഥാ നടപടികള്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. മോദി സന്ദര്‍ശനം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന സാഹചര്യത്തില്‍ പാപുവ ന്യൂ ഗിനിയയെക്കുറിച്ചും പ്രധാമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി അറിയാം:

പാപ്പുവ ന്യൂ ഗിനിയ

പാപ്പുവ ന്യൂ ഗിനിയ, ഭൂമധ്യരേഖയുടെ തെക്ക് മുതല്‍ ടോറസ് കടലിടുക്ക് വരെ നീണ്ടുകിടക്കുന്നു ദ്വീപാണ്. 4,62,840 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ ദ്വീപ് രാജ്യമാണിത്. സ്‌പെയിനിനേക്കാള്‍ ചെറുതും, എന്നാല്‍ കാലിഫോര്‍ണിയയേക്കാള്‍ അല്‍പം വലുതുമാണ് ഈ രാജ്യം. 1884 മുതല്‍ ബാഹ്യശക്തികളാല്‍ ഭരിക്കപ്പെട്ടിരുന്ന പാപുവ ന്യൂ ഗിനിയ 1975-ല്‍ പരമാധികാരം സ്ഥാപിക്കുകയും 1975-ല്‍ ഒരു സ്വതന്ത്ര രാജ്യമായി മാറുകയും ചെയ്തു. തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഓഫ് നേഷന്‍സില്‍ അംഗമാകുകയും ചെയ്തു.

1526-27 കാലഘട്ടത്തില്‍ മൊളൂക്കാസിലേക്കുള്ള യാത്രാമധ്യേ ദ്വീപില്‍ വന്നിറങ്ങിയ ജോര്‍ജ്ജ് ഡി മെനെസെസ് ആണ് രാജ്യത്തെത്തിയ ആദ്യത്തെ യൂറോപ്യന്‍ സന്ദര്‍ശകനെന്നാണ് പറയപ്പെടുന്നത്. 1793ല്‍ ബ്രിട്ടീഷ് നാവികസേനാ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ജോണ്‍ ഹെയ്‌സ് ആണ് കോളനിവല്‍ക്കരണത്തിനുള്ള ആദ്യത്തെ യൂറോപ്യന്‍ ശ്രമം രാജ്യത്ത് നടത്തിയത്. അധികമാരും പര്യവേക്ഷണം ചെയ്യപ്പെടാത്ത രാജ്യങ്ങളിലൊന്നാണ് പാപുവ ന്യൂ ഗിനിയ. അതേസമയം, പ്രകൃതിസ്നേഹികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു രാജ്യം കൂടിയാണിത്.

Also read-പാപുവ ന്യൂഗിനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്

ആഗോളതലത്തില്‍ 17 വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് ഈ ദ്വീപ് രാജ്യം. ലോകത്തിലെ മൂന്നാമത്തെ വലിയ മഴക്കാടുകളും 700-ലധികം പക്ഷി ഇനങ്ങളും 45,000 കിലോമീറ്ററോളമുള്ള പവിഴപ്പുറ്റുകളും ഇവിടെയുണ്ട്. എന്നാല്‍ ഇവിടേക്കുള്ള യാത്ര അത്ര എളുപ്പമുള്ള. വൈദ്യുതിയും കുടിവെള്ളവും ഇപ്പോഴും ലഭിക്കാത്ത നിരവധി വിഭാഗങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്.ഭാഷാപരമായി ലോകത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന രാജ്യങ്ങളിലൊന്നാണ് പാപുവ ന്യൂ ഗിനിയ. 852-ലധികം വ്യത്യസ്ത ഭാഷകളാണ് ഇവിടെ സംസാരിക്കുന്നത്.

ഈ വിഭാഗങ്ങള്‍ക്ക് ഓരോന്നിനും അവരുടേതായ സംസ്‌കാരങ്ങളും ആചാരങ്ങളുമുണ്ട്. അഗ്‌നിപര്‍വ്വതങ്ങളാലും പര്‍വതങ്ങളാലും കൊണ്ട് ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട 600 ദ്വീപുകളും ഭൂപ്രദേശങ്ങളും ഉള്ളതിനാല്‍, പല വിഭാഗങ്ങളും പൂര്‍ണ്ണമായും ഒറ്റപ്പെട്ടാണ് കഴിയുന്നത്. 2011 ലെ സെന്‍സസ് അനുസരിച്ച്, ദ്വീപില്‍ 7.2 ദശലക്ഷം ആളുകളാണ് താമസിക്കുന്നത്. അവരില്‍ ഭൂരിഭാഗവും ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരാണ്. മാത്രമല്ല രാജ്യത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും ഇപ്പോഴും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്.

രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗം കൃഷിയാണ്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്നിലൊന്ന് വരുമിത്. 1970കളില്‍, രാജ്യത്തെ പ്രധാന ധാതു സ്രോതസ് കണ്ടെത്തലുകള്‍ പാപുവ ന്യൂ ഗിനിയയുടെ സമ്പദ്വ്യവസ്ഥയെ ആകെ മാറ്റിമറിച്ചു. ഉഷ്ണമേഖലാ വിളകളെ ആശ്രയിക്കുന്നതില്‍ നിന്ന് രാജ്യത്തിന്റെ ഭൂരിഭാഗം കയറ്റുമതിയും ധാതുക്കളെ ആശ്രയിക്കാന്‍ തുടങ്ങി. ഇന്ന്, പെട്രോളിയം വാതകം, ചെമ്പ്, സ്വര്‍ണം എന്നിവ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് പാപുവ ന്യൂ ഗിനിയയില്‍ നിന്നാണ്.

ഇന്ത്യയും പാപുവ ന്യൂ ഗിനിയയും

1975 ല്‍ ഓസ്ട്രേലിയയില്‍ നിന്ന് ദ്വീപ് സ്വാതന്ത്ര്യം നേടിയതു മുതല്‍ ഇന്ത്യക്ക് പാപുവ ന്യൂ ഗിനിയയുമായി നയതന്ത്ര ബന്ധമുണ്ട്. പാപുവ ന്യൂ ഗിനിയയിലെ ഇന്ത്യയുടെ ദൗത്യം 1996 ല്‍ പോര്‍ട്ട് മോറെസ്ബി തുറന്നതോടെയാണ് ആരംഭിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏകദേശം 3,000 ഇന്ത്യക്കാര്‍ രാജ്യത്തുണ്ട്, അതില്‍ 2,000 പേര്‍ എല്‍എന്‍ജി മേഖലയിലെ പദ്ധതികളില്‍ ജോലി ചെയ്യുന്നു. ഇതിന് പുറമെ, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, സ്‌കൂള്‍ അധ്യാപകര്‍, ഡോക്ടര്‍മാര്‍, ഐടി, ഫിനാന്‍സ് പ്രൊഫഷണലുകള്‍ എന്നീ മേഖലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ പാപ്പുവ ന്യൂ ഗിനിയ സന്ദര്‍ശനം

ഇന്ത്യയുടെയും 14 പസഫിക് ദ്വീപ് രാജ്യങ്ങളുടെയും കൂട്ടായ്മയായ ഫോറം ഫോര്‍ ഇന്ത്യ-പസഫിക് ഐലന്‍ഡ്‌സ് കോ ഓപ്പറേഷന്റെ (എഫ്‌ഐപിഐസി) മൂന്നാമത് ഉച്ചകോടി പാപ്പുവ ന്യൂ ഗിനിയയിലാണ് നടക്കുന്നത്. FIPIC ഒരു ഗ്രൂപ്പായി 2014 ല്‍ ഫിജിയിലാണ് ആരംഭിച്ചത്. പസഫിക് ദ്വീപ് രാജ്യങ്ങളില്‍ തങ്ങളുടെ സാന്നിധ്യം സ്ഥാപിക്കാനാണ് ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നത്. FIPIC -യുടെ രണ്ടാമത്തെ മീറ്റ് 2015 ല്‍ ഇന്ത്യയിലെ ജയ്പൂരില്‍ നടന്നിരുന്നു. ഇന്ത്യ ബഹുരാഷ്ട്രവാദത്തില്‍ വിശ്വസിക്കുന്നുവെന്നും സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ ഇന്തോ-പസഫിക്ക് നയത്തെ പിന്തുണയ്ക്കുന്നുവെന്നും മീറ്റിന്റെ മൂന്നാം പതിപ്പില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Also read- ജാപ്പനീസ് കലാകാരന്മാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; ഇന്തോ-ജാപ്പനീസ് ബന്ധം ശക്തിപ്പെടുത്തും

പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ വലിയ സമുദ്ര രാജ്യങ്ങളാണ്, ചെറിയ ദ്വീപ് സംസ്ഥാനങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ വികസന പങ്കാളിയായതില്‍ ഇന്ത്യ അഭിമാനിക്കുന്നു. നിങ്ങള്‍ക്ക് ഇന്ത്യയെ വിശ്വസനീയമായ പങ്കാളിയായി കണക്കാക്കാം. ഞങ്ങളുടെ അനുഭവങ്ങളും കഴിവുകളും നിങ്ങളുമായി പങ്കിടാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ ബഹുമുഖവാദത്തില്‍ വിശ്വസിക്കുകയും സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ ഇന്തോ-പസഫിക്കിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു’ പ്രധാനമന്ത്രി പറഞ്ഞു. പസഫിക്ക് മേഖലയിലെ ചൈനയുടെ കടന്ന് കയറ്റങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

അതേസമയം, പാപ്പുവ ന്യൂ ഗിനിയ ചൈനയിലേക്ക് ചായ്വ് കാണിക്കുന്നത് ഓസ്ട്രേലിയ, ഇന്ത്യ, യുഎസ്, ജപ്പാന്‍ എന്നീ ക്വാഡ് രാജ്യങ്ങളില്‍ വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. 2022 നവംബറില്‍, പാപുവ ന്യൂ ഗിനിയയുടെ പ്രധാനമന്ത്രി ജെയിംസ് മറാപെ ബാങ്കോക്കില്‍ വെച്ച് ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും ‘നല്ല സുഹൃത്തുക്കളും നല്ല പങ്കാളികളും നല്ല സഹോദരന്മാരുമാണ്’ എന്നാണ് ചൈന അന്ന് പറഞ്ഞത്. മാത്രമല്ല ‘സ്റ്റേറ്റ് വിസിറ്റി’നായി ബീജിംഗ് സന്ദര്‍ശിക്കാന്‍ മറാപെയെ ചൈന ക്ഷണിച്ചിട്ടുമുണ്ട്. ചൈനയോടുള്ള പാപ്പുവ ന്യൂ ഗിനിയയുടെ ചായ്വ് മാറ്റാനും ഇന്ത്യയെ വളര്‍ന്നുവരുന്ന ആഗോള ശക്തിയായി സ്ഥാപിക്കാനും മോദിയുടെ സന്ദര്‍ശനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.

First published:

Tags: Guinea, PM narendra modi