ഡോ. ഹാരിസ് ഹസനെ അറിയാമോ? ബൈക്കിൽ ഡ്യൂട്ടിക്ക് വരുന്ന, സ്വകാര്യ പ്രാക്ടീസിനെ എതിർക്കുന്ന മെഡിക്കൽ കോളജിലെ ഡോക്ടറെ?

Last Updated:

സ്വന്തം മകന് കാഴ്ച്‌ച പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നപ്പോൾ മെഡിക്കൽ കോളജിന്റെതന്നെ ഭാഗമായ കണ്ണാശുപത്രിയിൽ നേരിട്ടുചെന്ന് രോഗികൾക്കൊപ്പം ക്യൂ നിന്നാണ് സർട്ടിഫിക്കറ്റ് വാങ്ങിയത്

ഡോ. ഹാരിസ് ഹസൻ (photo- facebook)
ഡോ. ഹാരിസ് ഹസൻ (photo- facebook)
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന വെളിപ്പെടുത്തൽ നടത്തിയത് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസൻ ചിറക്കലാണ്. ഇടതുസഹയാത്രികനായ ഡോ. ഹാരിസ് ഹസൻ പൊതുതാൽപര്യമുള്ള വിഷയങ്ങളിലും സാമൂഹിക പ്രസക്‌തിയുള്ള കാര്യങ്ങളിലും തന്റെ നിലപാടുകൾ മറയില്ലാതെ തുറന്നുപറയാറുണ്ട്. കാറുണ്ടെങ്കിലും ഭൂരിഭാഗം സമയവും തൻ്റെ ഇരുചക്ര വാഹനത്തിലായിരുന്നു അദ്ദേഹം മെഡിക്കൽ കോളജിൽ ഡ്യൂട്ടിക്ക് എത്തിയിരുന്നത്. യൂറോളജി വിഭാഗത്തിൽ ദിവസവും നിശ്ചയിച്ചിട്ടുള്ള ശസ്ത്രക്രിയകൾ എത്ര വൈകിയാലും തിയറ്ററിൽതന്നെ തുടരുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. സ്വന്തം മകന് കാഴ്ച്‌ച പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നപ്പോൾ മെഡിക്കൽ കോളജിന്റെതന്നെ ഭാഗമായ കണ്ണാശുപത്രിയിൽ നേരിട്ടുചെന്ന് രോഗികൾക്കൊപ്പം ക്യൂ നിന്നാണ് സർട്ടിഫിക്കറ്റ് വാങ്ങിയതെന്നും സഹപ്രവർ‌ത്തകർ പറയുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടിസ് അനുവദനീയമായ സമയത്തുപോലും അതു ചെയ്യില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചതിലൂടെ ശ്രദ്ധേയനായി. സംഘടനാ യോഗങ്ങളിലെല്ലാം അദ്ദേഹം സ്വകാര്യ പ്രാക്ടിസിനെ മുന്നിൽ നിന്ന് എതിർത്തു. ആശുപത്രിയിൽ കണ്ട രോഗികൾ തന്നെയാണു പലപ്പോഴും വീടുകളിലെത്തി ഡോക്ടർമാർക്ക് ഫീസ് കൊടുക്കുന്നതെന്നും അതു കൈക്കൂലിയാണെന്നുമുള്ള നിലപാട് അദ്ദേഹം ഫേസ്ബുക്കില്‍ തുറന്നെഴുതി.
പാവപ്പെട്ട ജനങ്ങൾക്ക് വിദഗ്‌ധ ചികിത്സ സൗജന്യമായി ലഭിക്കാനാണ് സർക്കാർ ആശുപ്രതികൾ. എന്നാൽ, കൈക്കൂലി നൽകുന്നവർക്ക് മുൻഗണന ലഭിക്കുന്നു. ഇതെല്ലാം തടയാൻ നിയോഗിക്കപ്പെട്ടവർക്ക് കാര്യങ്ങൾ അറിയാത്തതല്ല. കൈക്കൂലിയുടെ ഷെയർ കൃത്യമായി എത്തേണ്ട സ്ഥലങ്ങളിൽ എത്തിച്ചാൽ എന്തു വേണമെങ്കിലും നടക്കുമെന്നും അദ്ദേഹം വിമർശിച്ചു.
advertisement
മരുന്നു മാഫിയയെയും ഡോ. ഹാരിസ് ഹസൻ നിശിതമായി വിമർശിച്ചു. 'ഏറ്റവും കൂടുതൽ ലാഭം ഏതു മരുന്നിന് ലഭിക്കുന്നുവോ ആ മരുന്നായിരിക്കും മെഡിക്കൽ സ്റ്റോറുകാർ സൂക്ഷിക്കുക. ഡോക്ടർമാർ എഴുതുന്ന മരുന്ന് അവിടെ കിട്ടില്ല. തമിഴ്‌നാട്ടിലും മറ്റും കുടിൽ വ്യവസായം പോലെയാണ് മരുന്നു ഫാക്ട‌റികൾ. അവിടെച്ചെന്ന് മരുന്നുകൾ സ്വന്തം കമ്പനിയുടെ പേരിൽ നിർമിച്ച് കേരളത്തിൽ കൊണ്ടുവന്നു തോന്നിയ വിലയ്ക്കു വിൽക്കാം. വേണ്ടപ്പെട്ടവർക്കെല്ലാം ആവശ്യമായ വിഹിതം കൊടുത്തു തോന്നിയപടി വിൽക്കുന്നു. ക്വാളിറ്റി പ്രശ്ന‌മല്ല. ഇതിന്റെയെല്ലാം ഗുണ നിലവാരം ടെസ്‌റ്റ് ചെയ്യാൻ പടച്ചോൻ വിചാരിച്ചാലും നടക്കില്ല. സർക്കാർ നേരിട്ടു ഗുണനിലവാര മുള്ള അവശ്യമരുന്നുകൾ നിർമിച്ചു വിൽക്കരുതോ എന്നു ചോദിച്ചാലും മറുപടിയില്ല. രാഷ്ട്രീയ ക്കാർക്ക് ഏറ്റവും കൂടുതൽ ഫണ്ട് കൊടുക്കുന്ന ബിസിനസുകളിൽ നല്ലൊരു ശതമാനം മരുന്നു കമ്പനികളാണ്- ഹാരിസ് ഹസൻ നിലപാട് വ്യക്തമാക്കി.
advertisement
ഇടതു സഹയാത്രികനായിരിക്കെ തന്നെ സർക്കാരിന്റെ നിലപാടുകളെയും എസ്എഫ്ഐയുടെ ചെയ്തതികളെയും പലപ്പോഴും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രതിഫലം വർധിപ്പിച്ച നടപടിയെ എതിർത്ത ജി സുധാകരനെക്കുറിച്ച് എഴുതിയതിങ്ങനെയാണ്. 'ചെ ഗവാര പറഞ്ഞതു പോലെ ഒരു കമ്യൂണിസ്റ്റ‌് രണ്ടു നിറതോക്കുകൾ കയ്യിൽ കരുതുന്ന സഖാവ്. ഒന്ന് പുറത്തുള്ള ശത്രുക്കളെ നേരിടാൻ. രണ്ടാമത്തേത്, സ്വന്തം രാഷ്ട്രീയത്തിലെ കുഴപ്പക്കാർക്കു നേരെ ഉന്നം വയ്ക്കാൻ'.
അധ്യാപകന്റെ കാലുകൾ തല്ലിയൊടിക്കുമെന്നും പിന്നെ നടക്കാൻ പറ്റില്ലെന്നും ഭീഷണിമുഴക്കിയ എസ്എഫ്ഐ നേതാവിനു പരിഹാസപൂർവമുള്ള മറുപടി ഇങ്ങനെയായിരുന്നു- 'പഠിക്കാൻ വേണ്ടി കുട്ടികൾ വൻതുക കൊടുത്ത് വിദേശത്തേക്കു പോവുകയാണ്. കേരളത്തിലെ അധ്യാപകർ സൂക്ഷിക്കണം'.
advertisement
തലസ്ഥാനത്ത് ദളിത് യുവതിയോട് പൊലീസ് മോശമായി പെരുമാറിയ സംഭവത്തിലും പി എസ് സി അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ച നടപടിയിലും ഡോക്ടർ‌ പ്രതികരിച്ചിരുന്നു. തിരുവനന്തപുരത്തെ റോഡുകളുടെ അവസ്ഥ, റോഡ് കയ്യേറ്റം, സ്വകാര്യ ബസുകൾക്ക് സ്റ്റാൻഡ് ഇല്ലാ ആ സ്ഥിതി, സിനിമാ മേഖലയിലെ ലഹരി ഉപയോഗം, ദേശീയപാത തകര്‍ച്ച തുടങ്ങിയ വിഷയങ്ങളിലും പ്രതികരിച്ചിട്ടുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ വിഷയത്തിൽ എ യു ജിനീഷ് കുമാർ എംഎൽഎയെ പിന്തുണച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇന്ത്യ വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ‌ ഹാരിസ് ഹസൻ‌ കുറിച്ചത് ഇങ്ങനെ- 'ഒട്ടും യോജിക്കാൻ കഴിയുന്നില്ല. വാർത്തകൾ ശരിയാണെങ്കിൽ ഇന്ത്യയ്ക്ക് ഏറെ മേൽക്കൈ ഉള്ള സമയത്ത് വെടിനിർത്തൽ പ്രഖ്യാപിച്ചതിനോട് യോജിപ്പില്ല. പാകിസ്താൻ ഭീകരർ ചെയ്ത കൊടും ക്രൂരതയ്ക്ക് പകരം ചോദിക്കാൻ കഴിഞ്ഞില്ല. പാക് അധിനിവേശ കാശ്മീർ പിടിച്ചെടുത്ത്, ഭീകര കേന്ദ്രങ്ങൾ മുഴുവൻ നശിപ്പിക്കാൻ കിട്ടിയ അവസരമായിരുന്നു. യുദ്ധം ചെയ്യാൻ ഇന്ത്യയ്ക്ക് നൂറ് ശതമാനം അവകാശവുമുണ്ട്...'
advertisement
ഒടുവില്‍ നിലമ്പൂർ‌ ഉപതിരഞ്ഞെടുപ്പിൽ‌ എം സ്വരാജിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഡോ. ഹാരിസ് ഹസനെ അറിയാമോ? ബൈക്കിൽ ഡ്യൂട്ടിക്ക് വരുന്ന, സ്വകാര്യ പ്രാക്ടീസിനെ എതിർക്കുന്ന മെഡിക്കൽ കോളജിലെ ഡോക്ടറെ?
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement