WormGPT | എന്താണ് വേം ജിപിടി? സൈബർ സുരക്ഷക്ക് വെല്ലുവിളിയാകുമോ?
- Published by:Naseeba TC
- news18-malayalam
Last Updated:
ഒരു അജ്ഞാത ഹാക്കർ കഴിഞ്ഞ മാസം ആണ് വേം ജിപിടി സൃഷ്ടിച്ചത് എന്നാണ് റിപ്പോർട്ടുകൾ
ഓപ്പൺ എഐ ആയ ചാറ്റ് ജിപിടി ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഏറെ ജനപ്രീതി നേടിയിരുന്നു. ഇപ്പോൾ സൈബർ സുരക്ഷക്ക് വെല്ലുവിളി ഉയർത്തുന്ന പുതിയൊരു എഐ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. വേം ജിപിടി (WormGPT) എന്നാണ് ഈ എഐയുടെ പേര്. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഈ പേര് ഇപ്പോൾ പതിവായി ഉയർന്നു കേൾക്കുന്നുണ്ടെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ സ്ലാഷ് നെക്സ്റ്റ് (SlashNext) തങ്ങളുടെ ബ്ലോഗിൽ പറയുന്നു. മാൽവെയർ പ്രവർത്തനങ്ങൾക്കായി ഈ എഐ ഉപയോഗപ്പെടുത്തുന്നതായും സ്ലാഷ് നെക്സ്റ്റ് പറഞ്ഞു.
2021-ൽ വികസിപ്പിച്ച ജിപിടിജെ ലാംഗ്വേജ് മോഡലിനെ (GPTJ language model) അടിസ്ഥാനമാക്കിയാണ് വേം ജിപിടി രൂപകൽപന ചെയ്തിരിക്കുന്നത്. ഓപ്പൺ എഐയുടെ ജിപിടി 2 ന് (GPT-2) സമാനമാണ് വേം ജിപിടി എന്നും മണി കൺട്രോൾ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വേം ജിപിടിയിൽ അൺലിമിറ്റഡ് ക്യാരക്ടർ സപ്പോർട്ട് ആണുള്ളത്. കൂടാതെ ചാറ്റ് മെമ്മറി സൂക്ഷിക്കാനുള്ള കഴിവും കോഡ് ഫോർമാറ്റിംഗ് കഴിവുകളും ഉണ്ട്. വേം ജിപിടിയിൽ മാൽവെയർ ആക്രമണങ്ങൾക്കുള്ള കോഡ് എങ്ങനെ എഴുതാമെന്നും ഫിഷിംഗ് അറ്റാക്ക് ഇമെയിലുകൾ എങ്ങനെ തയ്യാറാക്കാമെന്നും വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകൾ ഇതിന്റെ അജ്ഞാത സൃഷ്ടാക്കളിൽ ഒരാൾ വെളിപ്പെടുത്തിയിരുന്നു.
advertisement
Also Read- ChatGPT ഉപയോക്താക്കൾ സൂക്ഷിക്കുക; ഒരു ലക്ഷത്തിലധികം അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോർട്ട്
ധാർമിക അതിരുകളില്ലാത്ത വേം ജിപിടി
ഒരു അജ്ഞാത ഹാക്കർ കഴിഞ്ഞ മാസം ആണ് വേം ജിപിടി സൃഷ്ടിച്ചത് എന്നാണ് റിപ്പോർട്ടുകൾ. എല്ലാത്തരം നിയമവിരുദ്ധമായ കാര്യങ്ങളും ചെയ്യാൻ വേം ജിപിടി ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു എന്നും ഈ അജ്ഞാത ഡെവലപ്പർ അറിയിച്ചിരുന്നു. ചാറ്റ് ജിപിടിയുടെ ‘ഏറ്റവും വലിയ ശത്രു’ ആണ് വേം ജിപിടി എന്നും ചിലർ പറയുന്നു. തെറ്റായ ഉദ്ദേശ്യങ്ങൾ തിരിച്ചറിയുന്നതിനായി ചാറ്റ്ജിപിടിയിൽ പ്രത്യേകം സുരക്ഷാ സംവിധാനങ്ങൾ ഉണ്ട്. എന്നാൽ വേം ജിപിടിയിൽ അതൊന്നുമില്ല.
advertisement
Also Read- തെരഞ്ഞെടുപ്പു ഫലങ്ങൾ അട്ടിമറിക്കപ്പെടാം; വോട്ടർമാർ സ്വാധീനിക്കപ്പെടാം: AI ജനാധിപത്യത്തിന് അന്ത്യം കുറിക്കുമോ?
തന്ത്രപ്രധാനമായ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യുന്നതിന് വ്യാജ ബിസിനസ് ഇമെയിൽ കോംപ്രമൈസുകൾ (BEC) സൃഷ്ടിക്കുക എന്നതാണ് വേം ജിപിടിയുടെ പ്രധാന ലക്ഷ്യമെന്ന് സ്ലാഷ് നെക്സ്റ്റ് പറയുന്നു. വേം ജിപിടി ഉപയോഗിക്കുന്നതിന് ധാർമിക അതിരുകളോ പരിമിതികളോ ഇല്ല എന്നും ഇവർ കൂട്ടിച്ചേർത്തു.
ചാറ്റ് ജിപിടി പോലെ, ഈ ടൂളും ഉപയോഗിക്കാൻ എളുപ്പമാണ്. അതുകൊണ്ടു തന്നെ തട്ടിപ്പു നടത്തി അധികം പരിചയം ഇല്ലാത്ത സൈബർ കുറ്റവാളികൾക്കു പോലും ഇത് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും.
advertisement
വേം ജിപിടിയുടെ ഡെവലപ്പർ ഒരു ജനപ്രിയ ഹാക്കിംഗ് ഫോറത്തിലൂടെ ഈ ടൂളിലേക്കുള്ള ആക്സസ് വിൽക്കുന്നതായും സ്ലാഷ് നെക്സ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിനായി ഒരു സബ്‌സ്‌ക്രിപ്‌ഷൻ മോഡലും അവതരിപ്പിച്ചിട്ടുണ്ട്. സബ്സ്ക്രിപ്ഷൻ തുക 60 ഡോളർ മുതൽ 700 ഡോളർ വരെ ആകാം. വേം ജിപിടിയിൽ ഇതിനകം 1,500 ഉപയോക്താക്കളുണ്ട് എന്നും അംഗങ്ങളിലൊരാൾ വെളിപ്പെടുത്തി.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 21, 2023 3:45 PM IST