ChatGPT ഉപയോക്താക്കൾ സൂക്ഷിക്കുക; ഒരു ലക്ഷത്തിലധികം അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോർട്ട്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളുടെ എണ്ണത്തിൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത് എന്നതാണ് ശ്രദ്ധേയം.
ഒരു ലക്ഷത്തിലധികം ചാറ്റ് ജിപിടി (ChatGPT) അക്കൗണ്ടുകൾക്ക് സൈബർ ആക്രമണങ്ങൾ നേരിടാൻ സാധ്യതയെന്ന് റിപ്പോർട്ട്. ചാറ്റ്ജിപിടിയില്‍ ലോഗിൻ ചെയ്ത 1,01134 ൽ അധികം ഉപകരണങ്ങളിൽ ഹാക്കർമാർ നുഴഞ്ഞുകയറിയതായി സിംഗപ്പൂർ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ കമ്പനിയായ ഗ്രൂപ്പ്-ഐബി റിപ്പോർട്ട് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട ചാറ്റ്ജിപിടി അക്കൗണ്ടുകളുടെ ബാങ്കിംഗ് വിശദാംശങ്ങൾ നേരിട്ട് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇമെയിൽ വിലാസങ്ങൾ, പാസ്‌വേഡുകൾ, ഫോൺ നമ്പറുകൾ എന്നിവ പോലുള്ള ഉപഭോക്താക്കളുടെ പ്രധാന വിവരങ്ങൾ ചോരാനുള്ള സാധ്യത വളരെ കൂടുതലാണ്.
കൂടാതെ ഫിഷിംഗ് ആക്രമണത്തിനും ഇവർ വിധേയരാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി അണ്ടർ ഗ്രൗണ്ട് ഓൺലൈൻ മാര്‍ക്കറ്റ്‌പ്ലെയ്‌സുകളില്‍ ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങള്‍ പണം വാങ്ങി തിരിച്ചു നൽകിക്കൊണ്ടുള്ള നിരവധി സംഭവങ്ങൾ ഗ്രൂപ്പ് ഐബി കണ്ടെത്തി. എന്നാൽ ഇതിൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളുടെ എണ്ണത്തിൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത് എന്നതാണ് ശ്രദ്ധേയം.
ഉപയോക്താക്കളുടെ ക്രെഡൻഷ്യലുകള്‍ മോഷ്ടിക്കാൻ ഹാക്കര്‍മാര്‍ “ഇൻഫോ-സ്റ്റീലിംഗ് മാല്‍വെയര്‍” ഉപയോഗിച്ചതായാണ് ഗ്രൂപ്പ്-ഐബിയുടെ വെളിപ്പെടുത്തൽ. ഒരു ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ മാല്‍വെയര്‍ സേവ് ചെയ്തിരിക്കുന്ന ബ്രൗസർ ക്രെഡൻഷ്യലുകൾ, ബാങ്ക് കാർഡ് വിശദാംശങ്ങൾ, ക്രിപ്‌റ്റോകറൻസി വാലറ്റ് വിവരങ്ങൾ, കുക്കികൾ, ബ്രൗസിംഗ് ഹിസ്റ്ററി , മറ്റ് വിവരങ്ങൾ എന്നിവ ഹാക്ക് ചെയ്യപ്പെട്ട ഉപകരണങ്ങളിൽ നിന്ന് ശേഖരിക്കുന്നു എന്നും പോസ്റ്റിൽ പറയുന്നു.
advertisement
കൂടാതെ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തോ മാല്‍വെയര്‍ ബാധിച്ച സോഫ്‌റ്റ്‌വെയർ ഡൗൺലോഡ് ചെയ്‌തോ ഉപയോക്താക്കൾ അറിയാതെ മാല്‍വെയര്‍ ഡൗൺലോഡ് ചെയ്‌തേക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിൽ ഏഷ്യ-പസഫിക് മേഖലയിലെ ഉപയോക്താക്കളെയാണ് സൈബർ ആക്രമണം പ്രധാനമായും ബാധിച്ചിരിക്കുന്നത്. ഈ മേഖലയിൽ ഏകദേശം 40.5 ശതമാനം ഉപയോക്താക്കളെ ഹാക്കിംഗ് ബാധിച്ചിട്ടുണ്ടെന്നും അതിൽ 12,632 ചാറ്റ്ജിപിടി അക്കൗണ്ടുകളും ഇന്ത്യയിൽ നിന്നുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
advertisement
അതോടൊപ്പം 9,217 ചാറ്റ്‌ജിപിടി അക്കൗണ്ടുകളുമായി ഹാക്ക് ചെയ്യപ്പെട്ടവരുടെ പട്ടികയിൽ പാകിസ്ഥാനും തൊട്ടുപിന്നിലുണ്ട്. ആഗോളതലത്തില്‍, ബ്രസീല്‍, വിയറ്റ്നാം, ഈജിപ്ത് എന്നിവിടങ്ങളിലെ ChatGPT ഉപയോക്താക്കളെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. അതേസമയം 2023 മെയ് മാസത്തിൽ ഏറ്റവും കൂടുതൽ അപഹരിക്കപ്പെട്ട ChatGPT അക്കൗണ്ടുകൾ ഡാർക്ക് വെബിൽ നിന്നാണെന്ന് ഗ്രൂപ്പ്-ഐബി ചൂണ്ടിക്കാട്ടി. ആകെ 26,802 പേർ ലോഗിൻ ചെയ്ത അക്കൗണ്ടുകളിൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളും ഉൾപ്പെട്ടിരുന്നു.
അതേസമയം റാക്കൂൺ (Raccoon) എന്നറിയപ്പെടുന്ന മാൽവെയർ ഉപയോഗിച്ചാണ് ചാറ്റ് ജിപിടി അക്കൗണ്ടുകൾ ഹാക്ക് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുൻകരുതൽ എടുക്കാൻ ചാറ്റ് ജിപിടി അക്കൗണ്ട് പാസ്‌വേഡുകൾ അപ്‌ഡേറ്റ് ചെയ്യാനാണ് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ ജീമെയിൽ ഫേസ്ബുക്ക് തുടങ്ങിയവയുടെ സുരക്ഷയ്ക്കായി ഉപയോക്താക്കൾ ടു ഫാക്ടർ ഓതേന്റിഫിക്കേഷൻ (2FA) പ്രവർത്തനക്ഷമമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഉപയോക്താക്കൾ അനാവശ്യമായ ആപ്പുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക. സംശാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും ഒഴിവാക്കുക.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 24, 2023 1:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ChatGPT ഉപയോക്താക്കൾ സൂക്ഷിക്കുക; ഒരു ലക്ഷത്തിലധികം അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോർട്ട്