2020 വർഷാരംഭം മുതൽ കോവിഡ് മഹാമാരി ലോകത്തെ അക്ഷരാർത്ഥത്തിൽ വിറപ്പിക്കുകയാണ്. ജനങ്ങളെ ഒന്നാകെ ശാരീരികമായും മാനസികമായും സാമ്പത്തികമായും തകർത്തു കളഞ്ഞ ഒന്നായിരുന്നു കോവിഡ് രോഗവ്യാപനം. കോവിഡ് ചികിത്സയ്ക്കായി നിരവധി മാർഗങ്ങൾ ലോകമെമ്പാടുമുള്ള ഡോക്ടർമാർ അവലംബിക്കുന്നുണ്ടെങ്കിലും ഏറ്റവും കൃത്യമായ ചികിത്സാരീതി ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയും എന്ന പ്രതീക്ഷയോടെ ലോകമെമ്പാടും വാക്സിനേഷൻ ഡ്രൈവുകളും നടന്നുകൊണ്ടിരിക്കുകയാണ്. സ്വന്തമായി കോശമില്ലാത്ത വൈറസ് ഒരു ആതിഥേയ കോശത്തിന്റെ സഹായത്തോടെയാണ് വളരുകയും കൂടുതൽ വൈറസുകളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നത്. വാക്സിനുകൾ നമ്മുടെ ശരീരത്തെ ആ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാൻ പ്രാപ്തമാക്കുകയും ചില രാസവസ്തുക്കൾ ഉത്പാദിപ്പിച്ചുകൊണ്ട് വൈറസിന്റെ വ്യാപനത്തെ ചെറുക്കുകയും ചെയ്യുന്നു. കോവാക്സിൻ, കോവിഷീൽഡ് എന്നീ രണ്ട് വാക്സിനുകളാണ് ഇന്ത്യയിൽ പ്രധാനമായും നൽകി വരുന്നത്. വാക്സിനുകളെ സംബന്ധിച്ച് ജനങ്ങൾക്കുള്ള പൊതുവായ ചില സംശയങ്ങൾക്ക് ഇവിടെ ഉത്തരം നൽകുന്നു.
വാക്സിൻ സ്വീകരിക്കുക എന്നത് നിർബന്ധിതമാണോ?ഒരു ചികിത്സയും വാക്സിനേഷനും നിർബന്ധിതമല്ല. അവ വേണോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനമാണ്. എന്നാൽ, വൈറസിനെ ചെറുക്കാൻ നിങ്ങളുടെ ശരീരത്തെ പ്രാപ്തമാക്കും എന്നതിനാൽ വാക്സിൻ സ്വീകരിക്കുകയാണ് ഏറ്റവും അഭികാമ്യം. കൂടുതൽ ആളുകൾ വാക്സിൻ സ്വീകരിക്കുന്നതിലൂടെ വൈറസ് വ്യാപനം കുറയുന്നു.
ആർക്കൊക്കെ വാക്സിൻ സ്വീകരിക്കാം?18 വയസ് പൂർത്തിയായ എല്ലാവർക്കും ഇപ്പോൾ വാക്സിൻ സ്വീകരിക്കാം. 2 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ളവരിൽ വാക്സിൻ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. അധികം വൈകാതെ രണ്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കെല്ലാം വാക്സിൻ ലഭ്യമാകും. ഗർഭിണികളും മുലയൂട്ടുന്നവരുമായ സ്ത്രീകളിൽ വാക്സിൻ എത്രത്തോളം സുരക്ഷിതമാണ് എന്നതിനെക്കുറിച്ച് ആധികാരിക വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. പ്രമേഹം, ഹൈപ്പർടെൻഷൻ, അർബുദം, ഹൃദ്രോഗങ്ങൾ, വൃക്കരോഗങ്ങൾ, കരൾരോഗങ്ങൾ, തൈറോയ്ഡ് സംബന്ധിച്ച രോഗങ്ങൾ, രോഗപ്രതിരോധത്തെ ബാധിക്കുന്ന മറ്റ് അസുഖങ്ങൾ തുടങ്ങിയവ ഉള്ളവർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണം. കാരണം, ഇത്തരക്കാർക്ക് കൊറോണ വൈറസ് മൂലം ഗുരുതരമായ രോഗബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അവരെല്ലാം തങ്ങളുടെ രോഗാവസ്ഥകളെക്കുറിച്ചും കഴിക്കുന്ന മരുന്നുകളെക്കുറിച്ചും വാക്സിനേഷനുമായി ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം.
ആർക്കൊക്കെ വാക്സിൻ സ്വീകരിക്കാൻ കഴിയില്ല?ഏതെങ്കിലും മരുന്നിനോടോ വാക്സിനോടോ അലർജി ഉള്ളവർ വാക്സിനേഷന് മുമ്പ് ബന്ധപ്പെട്ട അധികൃതരോടോ ആരോഗ്യ പ്രവർത്തകരോടോ ഇതേക്കുറിച്ച് പറയണം. വാക്സിന്റെ ആദ്യ ഡോസ് മൂലം അലർജി ഉണ്ടായവർ രണ്ടാം ഡോസ് സ്വീകരിക്കരുത്.
ഏത് വാക്സിനാണ് ഏറ്റവും മികച്ചത്?ഏതെങ്കിലും ഒരു വാക്സിൻ മറ്റൊന്നിനേക്കാൾ മികച്ചതാണെന്ന് പറയാൻ കഴിയില്ല.
ഒരു വാക്സിന്റെ ആദ്യ ഡോസും മറ്റൊരു വാക്സിന്റെ രണ്ടാം ഡോസും സ്വീകരിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?രണ്ട് വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കാൻ പാടില്ല.
വാക്സിനേഷന് ശേഷം വാഹനം ഓടിക്കുകയോ ജോലി ചെയ്യുകയോ ചെയ്താൽ കുഴപ്പമുണ്ടോ?കുഴപ്പമില്ല. വാക്സിനേഷന് ശേഷം വാഹനം ഓടിക്കുന്നതിനോ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനോ ഒന്നും ബുദ്ധിമുട്ട് ഉണ്ടാകില്ല.
വാക്സിന്റെ രണ്ട് ഡോസുകൾ സ്വീകരിക്കണമെന്ന് നിർബന്ധമുണ്ടോ?ഉണ്ട്. ഒരു ഡോസ് സ്വീകരിച്ചവരെക്കാൾ രോഗബാധ ഉണ്ടാകാനുള്ള സാധ്യത കുറവ് രണ്ട് ഡോസുകൾ സ്വീകരിച്ചവർക്കാണ്.
രണ്ട് ഡോസുകൾ സ്വീകരിക്കുന്നതിനിടയിലെ ഇടവേള എത്രയാണ്?കോവിഷീൽഡ് വാക്സിൻ ആണെങ്കിൽ ആദ്യ ഡോസ് സ്വീകരിച്ച് 12 മുതൽ 16 ആഴ്ചകൾക്കുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. കോവാക്സിൻ ആണെങ്കിൽ ആദ്യ ഡോസ് കഴിഞ്ഞ് 28 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കണം.
വാക്സിന്റെ ആദ്യത്തെയോ രണ്ടാമത്തെയോ ഡോസുകൾ സ്വീകരിച്ചു കഴിഞ്ഞാൽ ശരീരത്തിൽ എന്ത് മാറ്റമാണ് ഉണ്ടാവുക?കൊറോണ വൈറസിനെ ചെറുക്കാൻ ആവശ്യമായ ആന്റിബോഡികൾ ശരീരം ഉത്പാദിപ്പിച്ച് തുടങ്ങും. രണ്ടാമത്തെ ഡോസിന് ശേഷമാണ് ഈ ആന്റിബോഡികളുടെ ഉത്പാദനം വർദ്ധിക്കുക. അതിനാൽ രോഗബാധ ഉണ്ടാകാനുള്ള സാധ്യത വീണ്ടും കുറയും.
വാക്സിനേഷന് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാകുമോ?വാക്സിൻ സ്വീകരിച്ചവരിൽ ചിലർക്ക് തലവേദന, വിശപ്പില്ലായ്മ, ക്ഷീണം, തളർച്ച, ഓക്കാനം, ഛർദ്ദിൽ, വയറുവേദന, ചൊറിച്ചിൽ, ശരീരത്തിൽ പാടുകൾ, ശരീരവേദന, കുത്തിവെയ്പ്പ് എടുത്ത ശരീരഭാഗത്ത് വേദന, പനി തുടങ്ങിയ പാർശ്വ ഫലങ്ങൾ ഉണ്ടാകാറുണ്ട്. വളരെ നേരിയ ഈ ലക്ഷണങ്ങൾ പാരസെറ്റമോൾ കഴിക്കുന്നതിലൂടെ ഭേദമാകുന്നതേ ഉള്ളൂ. അതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ല.
വാക്സിൻ സ്വീകരിച്ചതിന് ശേഷം മാസ്ക് ധരിക്കേണ്ടതുണ്ടോ?തീർച്ചയായും. ഒരു വാക്സിനും വൈറസിനെതിരെ 100 ശതമാനം സുരക്ഷ നൽകുന്നില്ല, അതിനാൽ മാസ്ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ, കൈകൾ സോപ്പിട്ട് കഴുകൽ തുടങ്ങിയ മുൻകരുതലുകൾ പിന്നീടും കൃത്യമായി പാലിക്കണം.
കോവിഡ് രോഗബാധ ഉണ്ടായവർക്ക് രോഗമുക്തിയ്ക്ക് ശേഷം വാക്സിൻ സ്വീകരിക്കാമോ?കോവിഡ് രോഗമുക്തി നേടി 90 ദിവസം കഴിഞ്ഞാൽ വാക്സിൻ സ്വീകരിക്കാവുന്നതാണ്. എന്നാൽ, ആദ്യത്തെ ഡോസ് സ്വീകരിച്ചതിന് ശേഷമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചതെങ്കിൽ പൂർണമായും രോഗമുക്തി നേടിയതിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാം.
പുകവലിക്കുന്നവർക്കും മദ്യപിക്കുന്നവർക്കും കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ?ഇല്ല. അവർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാവുന്നതാണ്. എന്നാൽ, രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നതിനാൽ പുകവലിയും മദ്യപാനവും ഉപേക്ഷിക്കുകയാണ് അഭികാമ്യം. ഈ ദുഃശീലങ്ങൾ ഉള്ളവരിൽ രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പൊതുവെ ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങൾ ആയതിനാൽ പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.
ന്യൂ ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജ് ആൻഡ് ലോകനായക് ആശുപത്രിയിലെ ഫാർമക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഡോ. നികേത് റോയ്.ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.