നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: മാർപ്പാപ്പയുടെ ഇറാഖ് സന്ദർശനം ഇന്ന് ആരംഭിക്കും; ചരിത്ര യാത്രയ്ക്ക് പിന്നിലെന്ത്?

  Explained: മാർപ്പാപ്പയുടെ ഇറാഖ് സന്ദർശനം ഇന്ന് ആരംഭിക്കും; ചരിത്ര യാത്രയ്ക്ക് പിന്നിലെന്ത്?

  ക്രിസ്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം, അവരുടെ കഷ്ടപ്പാടുകൾക്ക് സാക്ഷ്യം വഹിക്കാൻ മാർപ്പാപ്പ ഇറാഖിലെത്തുന്നത് ശക്തമായ ഒരു ഐക്യദാർഡ്യ പ്രകടനമാണ്.

  പ്രാൻസിസ് മാർപ്പാപ്പ

  പ്രാൻസിസ് മാർപ്പാപ്പ

  • Share this:
   കൊറോണ വൈറസ് പ്രതിസന്ധികൾക്കിടയിൽ ഫ്രാൻസിസ് മാർപാപ്പയുടെ മൂന്ന് ദിവസത്തെ ഇറാഖ് പര്യടനം ഇന്ന് ആരംഭിക്കും. ലോകത്തിലെ ഏറ്റവും പഴയ ക്രിസ്ത്യൻ കമ്മ്യൂണിറ്റികളിലൊന്നാണ് ഇറാഖ്. ഇറാഖ് സന്ദർശനത്തിൽ നിന്ന് മാർപാപ്പയെ പിന്തിരിപ്പിക്കാൻ കൊറോണയ്ക്കോ വർഷങ്ങളായി യുദ്ധവും സംഘർഷവും മൂലം തകർന്ന രാജ്യത്തെ സുരക്ഷാ ആശങ്കകൾക്കോ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

   മാർപാപ്പ ഇറാഖ് സന്ദർശിക്കുന്നത് എന്തിന്?

   ഇറാഖ് സന്ദർശനം നിരവധി മാർപാപ്പമാരുടെ സ്വപ്നമായിരുന്നു. ജോൺ പോൾ രണ്ടാമൻ  2000ത്തിൽ ഇറാഖിൽ പോകാൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും പ്രദേശത്തെ സംഘർഷങ്ങൾ രൂക്ഷമായതിനാൽ യാത്ര റദ്ദാക്കി. ബെനഡിക്റ്റ് പതിനാറാമനെയും ഇറാഖ് ക്ഷണിച്ചിരുന്നെങ്കിലും യുദ്ധം കാരണം പോകാൻ കഴിഞ്ഞില്ല. ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹ് 2019 ജൂലൈയിലാണ് ഫ്രാൻസിസ് മാർപാപ്പയെ രാജ്യം സന്ദർശിക്കാൻ ക്ഷണിച്ചത്. മാർപാപ്പയുടെ സന്ദർശനം വർഷങ്ങളായുള്ള രാജ്യത്തെ കലാപ അന്തരീക്ഷങ്ങൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   ഇറാഖ് ജനതയെ, പ്രത്യേകിച്ച് രാജ്യത്തെ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യൻ ജനതയെ നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഇറാഖ് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച്, മാർപാപ്പ വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും പഴയ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയെ പിന്തുണയ്‌ക്കാനും അവരുമായി അടുത്തിടപഴകാനുമുള്ള അവസരത്തിന് മുന്നിൽ അപകടസാധ്യതകളെക്കുറിച്ച് വത്തിക്കാൻ ചിന്തിച്ചില്ല.

   ക്രൈസ്തവ വിശ്വാസം ഇറാഖിൽ നിന്ന് അപ്രത്യക്ഷമാകുന്നതായാണ് ചില സഭാ ഉദ്യോഗസ്ഥരുടെ അഭിപ്രായം. വർഷങ്ങളായി വിശ്വാസികളുടെ എണ്ണം കുറഞ്ഞു വരികയാണ്. സദ്ദാം ഹുസൈന്റെ ഭരണത്തിന്റെ അവസാന നാളുകളിൽ ഇറാഖിൽ താമസിച്ചിരുന്ന 1.5 ദശലക്ഷം വിശ്വാസികളുടെ മൂന്നിലൊന്ന് മാത്രമേ ഇപ്പോൾ ഇറാഖിലുള്ളൂ. രാജ്യത്തെ എല്ലാ മത വിശ്വാസികളെയും സംരക്ഷിക്കുന്നതിനും സമാധാനം പുന:സ്ഥാപിക്കുന്നതിനുമുള്ള അടിത്തറ പാകുമെന്ന പ്രതീക്ഷയിൽ ഫ്രാൻസിസ് മാർപാപ്പ ഷിയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

   മഹാമാരിയ്ക്കിടയിലെ യാത്ര

   ഒരു വർഷത്തിലേറെയായി വത്തിക്കാനിൽ നിന്ന് പുറത്തിറങ്ങാത്ത ഫ്രാൻസിസ് മാർപാപ്പ കൊറോണ ആശങ്കകൾക്കിടയിൽ വെള്ളിയാഴ്ച ബാഗ്ദാദിലേക്ക് പറക്കും. യാത്രയിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനാകില്ലെന്ന് മാർപ്പാപ്പ വത്തിക്കാനിൽ ബുധനാഴ്ച നടത്തിയ പ്രതിവാര പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ജനുവരി പകുതിയോടെ മാർപാപ്പയ്ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചിരുന്നു. മാർപ്പാപ്പയുടെ പരിചാരകനും വാക്സിനേഷൻ നൽകിയിരുന്നു.

   മാർപ്പാപ്പയുടെ സന്ദർശനം ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കില്ലെന്ന് ജെസ്യൂട്ട് പുരോഹിതനും മാർപാപ്പയുടെ അടുത്ത സഖ്യകക്ഷിയുമായ റവ. അന്റോണിയോ സ്പഡാരോ പറഞ്ഞു. സുരക്ഷിതവും സാമൂഹിക അകലം പാലിച്ചുമുള്ള യാത്രയിരിക്കുമിതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം.

   Also Read-ഫ്രഞ്ച് കത്തോലിക്ക പുരോഹിതർ പതിനായിരത്തോളം പേരെയെങ്കിലും ലൈംഗിക ചൂഷണം ചെയ്തിട്ടുണ്ടാകാം; ഞെട്ടിക്കുന്ന റിപ്പോർട്ട്

   സന്ദർശന സ്ഥലങ്ങളും കൂടിക്കാഴ്ച്ചകളും ഉൾപ്പെടെ
   മൂന്ന് ദിവസത്തെ സന്ദർശനമാണ് മാർപാപ്പയ്ക്കായി ഇറാഖിൽ ക്രമീകരിച്ചിരിക്കുന്നത്. ബാഗ്ദാദിൽ രാഷ്ട്രീയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയായിരിക്കും സന്ദർശനം ആരംഭിക്കുക. തുടർന്ന് 2010ൽ നടന്ന ആക്രമണത്തിൽ 50 ലധികം പേർ കൊല്ലപ്പെട്ട സിറിയൻ കത്തോലിക്കാ ദേവാലയമായ ഔവർ ലേഡി ഓഫ് സാൽ‌വേഷനിൽ കത്തോലിക്കാ പുരോഹിതന്മാരുമായും സെമിനാരികളുമായും കൂടിക്കാഴ്ച നടത്തും.

   ശനിയാഴ്ച അദ്ദേഹം ഇറാഖിലെ ഷിയകളുടെ പുണ്യനഗരമായ നജാഫിലേക്ക് പറക്കും. അവിടെ വച്ച് 90 കാരനായ മുസ്ലീം പുരോഹിതനായ ഗ്രാൻഡ് അയാത്തുള്ള അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. ഇറാഖിലെ ഏറ്റവും ആദരണീയനായ ഷിയാ പുരോഹിതനായ അയാത്തുള്ള, വിദേശ വിശിഷ്ടാതിഥികളുമായി അപൂർവമായി മാത്രമേ കൂടിക്കാഴ്ച്ച നടത്താറുള്ളൂ. തുടർന്ന് പ്രവാചകന്‍ എബ്രഹാമിന്റെ ജനന സ്ഥലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഊര്‍ മേഖലയില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിലും മാർപാപ്പ പങ്കെടുക്കും. അവിടെ  പ്രസംഗത്തിന് ശേഷം ബാഗ്ദാദിലേക്ക് മടങ്ങും. തുടർന്ന് കൽദിയൻ പള്ളിയിൽ കുർബാനയിൽ പങ്കെടുക്കും.

   ഇതിനുശേഷം ‍ഞായറാഴ്ചയോടെ ഇറാഖിലെ കുർദിസ്ഥാനിലുള്ള സ്വയംഭരണ പ്രദേശമായ എർബിലിലേക്ക് പറക്കും. കഴിഞ്ഞ ദിവസങ്ങളിൽ റോക്കറ്റ് ആക്രമണം നടന്ന സ്ഥലമാണിത്. അവിടെയുള്ള ഉദ്യോഗസ്ഥരെ കണ്ടുമുട്ടിയ ശേഷം മൊസൂളിലേക്ക് ഹെലികോപ്റ്ററിൽ പുറപ്പെടും. നഗരത്തിലെ ചർച്ച് സ്ക്വയറിൽ യുദ്ധത്തിന്റെ ഇരകൾക്കായി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥനകൾ നടത്തും. തുടർന്ന് അദ്ദേഹം ഇറാഖിലെ പ്രധാന ക്രിസ്ത്യൻ പട്ടണങ്ങളിലൊന്നായ ഖരാക്കോഷിലേക്ക് പോകും. ഖരാക്കോഷിലെ പള്ളിയിൽ പ്രസംഗം നടത്തുകയും തുടർന്ന് എർബിലിലേക്ക് മടങ്ങുകയും ചെയ്യും. അവിടെ ഫ്രാൻസോ ഹരിരി സോക്കർ സ്റ്റേഡിയത്തിൽ കുർബാനയിൽ പങ്കെടുക്കും. തിങ്കളാഴ്ച മാർപാപ്പ റോമിലേക്ക് മടങ്ങും.

   ഇറാഖ് നേതാക്കൾ സന്ദർശനത്തെ വീക്ഷിക്കുന്നത് എങ്ങനെ?

   വർഷങ്ങളായുള്ള യുദ്ധത്തിനും വിഭാഗീയ സംഘർഷങ്ങൾക്കും ഒടുവിൽ രാജ്യത്തെ സമാധാന അന്തരീക്ഷം പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഇറാഖ് മാർപാപ്പയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നത്. ഇറാഖിലെ പ്രസിഡന്റ് ബർഹാം സാലിഹ് മുമ്പ് റോമിലെത്തി ഫ്രാൻസിസ് മാർപാപ്പയെ കണ്ടുമുട്ടുകയും ഇറാഖിലേയ്ക്ക് മാർപാപ്പയെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് മാർപാപ്പ ഇറാഖിലെത്തുന്നത്. പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തും. ഇറാഖിൽ മാർപ്പാപ്പയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഔദ്യോഗിക കൂടിക്കാഴ്ച അയത്തുല്ല സിസ്താനിയുമൊത്തുള്ളതായിരിക്കും.

   റോമൻ കത്തോലിക്കാ സഭയും ഇറാഖും തമ്മിലുള്ള ബന്ധം

   ക്രിസ്തുമതത്തിന്റെ വേരുകൾ ഇറാഖിലുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. യോനാ, ജോഷ്വ തുടങ്ങിയ ബൈബിളിലെ പ്രധാന വ്യക്തികളുടെ ശവകുടീരങ്ങൾ അവിടെ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു കാലത്ത് അർമേനിയൻ, അസീറിയൻ, കൽദിയൻ, മെൽക്കൈറ്റ്, സിറിയക് എന്നിവയുൾപ്പെടെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലായി ഇറാഖിലെ ക്രിസ്ത്യൻ സമൂഹം വളരെ സജീവമായിരുന്നു. എന്നാൽ 2003 ലെ യുഎസ് ആക്രമണവും തുടർന്നുള്ള ഒരു ദശാബ്ദക്കാലത്തെ യുദ്ധവും 2014 മുതൽ 2017 വരെയുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരമായ പീഡനങ്ങളും ഇറാഖിലെ ക്രിസ്തുമത വിശ്വാസികൾക്ക് കനത്ത പ്രഹരമായിരുന്നു.

   രാജ്യത്ത് അവശേഷിക്കുന്ന ക്രിസ്ത്യാനികളിലും ഭൂരിഭാഗവും കാനഡ, ജോർദാൻ, തുർക്കി, അമേരിക്ക എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തു. ക്രിസ്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം, അവരുടെ കഷ്ടപ്പാടുകൾക്ക് സാക്ഷ്യം വഹിക്കാൻ മാർപ്പാപ്പ ഇറാഖിലെത്തുന്നത് ശക്തമായ ഒരു ഐക്യദാർഡ്യ പ്രകടനമാണ്.
   Published by:Asha Sulfiker
   First published:
   )}