• HOME
 • »
 • NEWS
 • »
 • explained
 • »
 • R Praggnanandhaa | മാഗ്നസ് കാൾസനെ തോൽപ്പിച്ച Grandmaster രമേഷ് ബാബു പ്രഗ്നാനന്ദ ആരാണ്? എന്താണ് ഈ പേര്?

R Praggnanandhaa | മാഗ്നസ് കാൾസനെ തോൽപ്പിച്ച Grandmaster രമേഷ് ബാബു പ്രഗ്നാനന്ദ ആരാണ്? എന്താണ് ഈ പേര്?

പതിനാറാം വയസില്‍ തന്നെ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയതിലൂടെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് ചെന്നൈയിൽ നിന്നുള്ള ഈ പയ്യൻ

 • Last Updated :
 • Share this:
  ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാള്‍സണെ (Magnus Carlsen) തോല്‍പ്പിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് പതിനാറുകാരനായ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേഷ്ബാബു പ്രഗ്‌നാനന്ദ (R Praggnanandhaa). ചെന്നൈയില്‍ നിന്നുള്ള ഈ യുവ ചെസ് ഗ്രാന്‍ഡ് മാസ്റ്ററുടെ വിജയം ആഘോഷമാക്കി മാറ്റുകയാണ് രാജ്യം.

  ചരിത്ര വിജയം

  ഫെബ്രുവരി 20 ഞായറാഴ്ച രാവിലെയോടെയായിരുന്നു ഇന്ത്യക്കാര്‍ക്ക് അഭിമാനമായ ഈ വാര്‍ത്ത പുറത്തുവന്നത്. എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപിഡ് ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരമായ നോര്‍വീജിയക്കാരന്‍ കാള്‍സണെതിരെ പ്രഗ്‌നാനന്ദ അട്ടിമറി വിജയം നേടുകയായിരുന്നു. കറുത്ത കരുക്കളുമായി കളിച്ച പ്രഗ്‌നാനന്ദ 39 നീക്കങ്ങള്‍ക്കൊടുവില്‍ 31കാരനായ കാള്‍സണെ അടിയറവ് പറയിക്കുകയായിരുന്നു. എട്ട് റൗണ്ട് പൂര്‍ത്തിയായ ഘട്ടത്തില്‍ ടൂര്‍ണമെന്റില്‍ 12ാം സ്ഥാനത്താണ് പ്രഗ്‌നാനന്ദ ഇപ്പോള്‍. രണ്ട് ജയവും രണ്ട് സമനിലയുമാണ് ടൂര്‍ണമെന്റിലെ ഇതുവരെയുള്ള നേട്ടം.

  ചരിത്രവിജയത്തിന് പിന്നാലെ മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുൽക്കര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പ്രഗത്ഭരാണ് പ്രഗ്നാനന്ദനെ അഭിനന്ദിച്ച് രംഗത്ത് വന്നത്.

  പതിനാറാം വയസില്‍ തന്നെ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയതിലൂടെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് ചെന്നൈയിൽ നിന്നുള്ള ഈ പയ്യൻ. വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചെസില്‍ ഇന്ത്യയുടെ യശസുയര്‍ത്താന്‍ ചെന്നൈയില്‍ നിന്നും ഒരു ഗ്രാന്‍ഡ് മാസ്റ്റര്‍ വരുന്നു എന്ന പ്രത്യേകതയുമുണ്ട്.

  വിശ്വനാഥന്‍ ആനന്ദും രമേഷ്ബാബു പ്രഗ്‌നാനന്ദയും

  ചെന്നൈ സ്വദേശികളായ നാഗലക്ഷ്മിയുടെയും രമേഷ്ബാബുവിന്റെയും മകനായി 2005 ഓഗസ്റ്റ് 10നാണ് ആർ പ്രഗ്നാനന്ദയുടെ ജനനം. ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടം നേടിയ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെയാളാണ്. ആര്‍ ബി രമേശിന് കീഴില്‍ ചെസ് പരിശീലനം ആരംഭിച്ച പ്രഗ്‌നാനന്ദ, 2013ലെ വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം വയസില്‍, അണ്ടര്‍ 8 ടൈറ്റിലും 2015ല്‍ അണ്ടര്‍ 10 ടൈറ്റിലും നേടി.

  ഏഴാം വയസ്സില്‍ ഫിഡെ മാസ്റ്റര്‍ പദവിയും താരം സ്വന്തമാക്കി. 2016ല്‍ തന്റെ 10ാം വയസില്‍, ചെസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ എന്ന നേട്ടവും പ്രഗ്‌നാനന്ദ സ്വന്തം പേരിലാക്കി. 2018ല്‍, റഷ്യന്‍ താരം സെര്‍ജി കര്‍ജകിന് ശേഷം ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന നേട്ടവും പ്രഗ്നാനന്ദക്ക് സ്വന്തം. പിന്നീടും തുടര്‍ച്ചയായി നിരവധി നേട്ടങ്ങള്‍ പ്രഗ്‌നാനന്ദയെ തേടിയെത്തി. റാപിഡ് ചെസ് ആണ് പ്രഗ്‌നാനന്ദയുടെ സ്‌ട്രോങ് പോയിന്റ്.

  2021 ഏപ്രിലില്‍ മെല്‍റ്റ്വാട്ടര്‍ ചാമ്പ്യന്‍സ് ചെസ് ടൂറില്‍ പങ്കെടുത്ത പ്രഗ്നാനന്ദ ഒരു മത്സരത്തില്‍ മാഗ്നസ് കാള്‍സണുമായി സമനിലയിലാകുകയും ചെയ്തിരുന്നു. അന്നത്തെ സമനിലയുടെ സങ്കടമാണ് കഴിഞ്ഞദിവസം വിജയമാക്കി മാറ്റി പ്രഗ്നാനന്ദ ആഘോഷിച്ചിരിക്കുന്നത്.

  ഇതോടെ മാഗ്നസ് കാള്‍സണെ ഒരു ഓണ്‍ലൈന്‍ റാപിഡ് ടൂര്‍ണമെന്റ് ഗെയിമില്‍ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ പ്ലെയര്‍ എന്ന നേട്ടത്തിലും എത്തിയിരിക്കുകയാണ് പ്രഗ്‌നാനന്ദ. വിശ്വനാഥന്‍ ആനന്ദ്, പി ഹരികൃഷ്ണ എന്നിവരാണ് മുമ്പ് കാള്‍സണെ തോല്‍പ്പിച്ചിട്ടുള്ളത്.

  സോഷ്യൽ മീഡിയയിൽ നിന്ന് അകന്ന്...

  പ്രഗ്നാനന്ദ സോഷ്യൽ മീഡിയയിൽ നിന്നും പൂർ‌ണമായും വിട്ടുനിൽക്കുകയാണ്. ഇഎസ്പിഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പരിശീലകന്‍ ആര്‍ ബി രമേശിന്റെ നിര്‍ദേശപ്രകാരം, മത്സരങ്ങളില്‍ സമ്മര്‍ദ്ദം കുറക്കുന്നതിനാണ് ഈ തീരുമാനം.

  “പ്രതീക്ഷയുടെ ഭാരം ചില സമയങ്ങളിൽ അവനിൽ എത്തിയേക്കാം. തോൽക്കുമ്പോൾ അത് ചിലപ്പോൾ വേണ്ടതിലും കൂടുതൽ ബാധിക്കും. പക്ഷേ അവന് 16 വയസ്സ് മാത്രമേയുള്ളൂ, ചില മുൻനിര താരങ്ങൾക്കെതിരെ അവൻ എങ്ങനെ പെരുമാറിയെന്നതിൽ എനിക്ക് സന്തോഷമുണ്ട്," പ്രഗ്നാനന്ദയുടെ കോച്ച് ആർ ബി രമേഷ് പറഞ്ഞു.

  കാൾസണിനെതിരായ വിജയത്തിന് ശേഷമുള്ള തന്റെ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ, "ഞാൻ ഉറങ്ങാൻ പോകുകയാണ്" എന്നായിരുന്നു പ്രഗ്നാനന്ദ പ്രതികരിച്ചത്.

  ചെസ് മാസ്റ്റര്‍ തന്നെയായ വൈശാലി രമേഷ്ബാബുവിന്റെ സഹോദരന്‍ കൂടിയാണ് പ്രഗ്‌നാനന്ദ. അണ്ടര്‍ 14, അണ്ടര്‍ 12 വിഭാഗങ്ങളില്‍ ഗേള്‍സ് വേള്‍ഡ് യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയിട്ടുള്ളയാളാണ് വൈശാലി. 2016ല്‍ വിമന്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ടൈറ്റിലും കരസ്ഥമാക്കിയിട്ടുണ്ട്.

  പേരിന് പിന്നിൽ

  പ്രഗ്നാനന്ദ എന്ന് പേര് മാതാപിതാക്കളാണ് നിർദേശിച്ചത്. ഇരുവരും മഹാവിഷ്ണുവിന്റെ അവസാന അവതരമായ കൽക്കിയുടെ ആരാധകരാണ്. ഇരുവരും നിത്യേന സന്ദർശിക്കുന്ന ക്ഷേത്രത്തിലെ പൂജാരിമാരാണ് ഈ പേരിട്ടത്. '' ഈ പേരിന്റെ അർത്ഥം എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷേ ഈ പേര് കേൾക്കുമ്പോൾ ഒരു ജിജ്ഞാസ എല്ലാവരിലുമുണ്ടാകും''- പ്രഗ്നാന്ദയുടെ അച്ഛൻ ആർ രമേഷ് ബാബു പറഞ്ഞു.
  Published by:Rajesh V
  First published: