Indian currency | ഇന്ത്യന്‍ കറന്‍സിയില്‍ മഹാത്മാഗാന്ധിയുടെ ചിത്രം മാത്രം അച്ചടിക്കുന്നതിനു പിന്നിലെ കാരണം?
- Published by:Amal Surendran
- news18-malayalam
Last Updated:
കറൻസിയിൽ മാറ്റം വരുത്താൻ നിർദേശിച്ചിട്ടില്ലെന്ന് കഴിഞ്ഞ ജൂണിൽ ആർബിഐ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിൽ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറൻസി നോട്ടുകൾ പുറത്തിറക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എത്ര ശ്രമിച്ചിട്ടും, ദേവന്മാരും ദേവതമാരും നമ്മെ അനുഗ്രഹിക്കുന്നില്ലെങ്കിൽ ചിലപ്പോൾ നമ്മുടെ പ്രയത്‌നങ്ങൾ ഫലവത്തായില്ലെന്നാണ് അതിന്റെ അർഥമെന്നും നമ്മുടെ കറൻസിയിൽ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ഫോട്ടോകൾ ഉണ്ടാവണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന വലിയ തോതിൽ ചർച്ചയാകുകയുമാണ്.
എന്നാൽ, ഇന്ത്യൻ കറൻസികളിൽ (indian currency) രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ (mahatma gandhi) ചിത്രം അച്ചടിച്ചതിനു പിന്നിലെ ചരിത്രവും ഇതോടൊപ്പം നാം അറിയേണ്ടതുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രം മാത്രം നോട്ടുകളിൽ കാണുന്നത്? ബാങ്ക് നോട്ടുകളിൽ പ്രത്യക്ഷപ്പെടേണ്ടത് ആരൊക്കെയാണെന്ന് തീരുമാനിക്കുന്നത് ആരാണ്?
ഇന്ത്യയിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ് (RBI) ഇന്ത്യൻ കറൻസിയുടെ അച്ചടിയുടെയും നിയന്ത്രണത്തിന്റെയും ചുമതല. 1934-ലാണ് ഇന്ത്യൻ കറൻസി അച്ചടിക്കാനുള്ള ചുമതല ആർബിഐക്ക് ലഭിച്ചത്. കറൻസിയുടെ അച്ചടി ഉത്തരവാദിത്തം ആർബിഐക്കാണെങ്കിലും, ആർബിഐ ആക്ട് സെക്ഷൻ 25 പ്രകാരം, ആർബിഐയുടെ സെൻട്രൽ ബോർഡിന്റെ ശുപാർശകൾ സ്വീകരിച്ച ശേഷം ബാങ്ക് നോട്ടുകളുടെ ഡിസൈനും രൂപവും മെറ്റീരിയലും കേന്ദ്ര സർക്കാരാണ് തീരുമാനിക്കുക.
advertisement
റിസർവ് ബാങ്ക് വെബ്സൈറ്റ് അനുസരിച്ച്, നാല് കറൻസി പ്രസ്സുകളിലാണ് ബാങ്ക് നോട്ടുകൾ അച്ചടിക്കുന്നത്. അതിൽ രണ്ടെണ്ണം സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (SPMCIL) രണ്ടെണ്ണം ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ പ്രൈവറ്റ് ലിമിറ്റഡും (BRBNMPL) ആണ്. ഇന്ത്യാ ഗവൺമെന്റിന്റെ SPMCIL കറൻസി പ്രസ്സുകൾ നാസിക്കിലും ദേവാസിലുമാണ്. റിസർവ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള BRBNMPL-ന്റെ രണ്ട് പ്രസ്സുകൾ മൈസൂരുവിലും സാൽബോണിയിലുമാണുള്ളത്.
SPMCIL-ന്റെ ഉടമസ്ഥതയിലുള്ള നാല് നാണയശാലകളിലാണ് നാണയങ്ങൾ അച്ചടിക്കുന്നത്. മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. ആർബിഐ ആക്ടിലെ സെക്ഷൻ 38 പ്രകാരം റിസർവ് ബാങ്ക് വഴി മാത്രമാണ് നാണയങ്ങൾ വിതരണം ചെയ്യുക.
advertisement
ഗാന്ധിയും ഇന്ത്യൻ കറൻസിയും
ഇന്ന് എല്ലാ ഇന്ത്യൻ നോട്ടുകളിലും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിത്രമുണ്ട്. എന്നാൽ മുൻപ് അങ്ങനെ ആയിരുന്നില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമാണ് ബ്രിട്ടീഷ് രാജാവിന്റെ ഛായാചിത്രത്തിന് പകരം മഹാത്മാഗാന്ധിയുടെ ചിത്രം നൽകണമെന്ന അഭിപ്രായം ഉണ്ടായത്. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാൻ അന്നത്തെ സർക്കാരിന് കുറച്ച് സമയം വേണ്ടിവന്നു.
1953ൽ, പുതിയ നോട്ടുകളിൽ ഹിന്ദി ഭാഷ അച്ചടിക്കാൻ തുടങ്ങി. കാലക്രമേണ, തഞ്ചൂർ ക്ഷേത്രത്തിന്റെയും ഗേറ്റ്‍വേ ഓഫ് ഇന്ത്യയുടെയും ചിത്രങ്ങളുള്ള നോട്ടുകൾ ആർബിഐ അവതരിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ചിത്രം ആദ്യമായി ഇന്ത്യൻ കറൻസിയിൽ അച്ചടിച്ചത് അദ്ദേഹത്തിന്റെ ജന്മശതാബ്ദിക്കാണ്. 1969ലായിരുന്നു അത്. സേവാഗ്രാം ആശ്രമത്തിന്റെ പശ്ചാത്തലത്തിലിരിക്കുന്ന ഗാന്ധിയുടെ ചിത്രമാണ് ആർബിഐ പുറത്തിറക്കിയത്.
advertisement
1996ൽ 'മഹാത്മാഗാന്ധി സീരീസ്' എന്ന പേരിൽ ഒരു പുതിയ സീരീസ് അവതരിപ്പിച്ചു. ഈ പുതിയ നോട്ടുകളിൽ മാറ്റംവരുത്തിയ വാട്ടർമാർക്ക്, വിൻഡോവ്ഡ് സെക്യൂരിറ്റി ത്രെഡ്, ലേറ്റന്റ് ഇമേജ്, കാഴ്ച വൈകല്യമുള്ളവർക്കുള്ള ഇൻടാഗ്ലിയോ ഫീച്ചറുകൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. ലയൺ ക്യാപിറ്റൽ സീരീസിനെ മാറ്റിമറിക്കുന്നതായിരുന്നു പുതിയ സീരീസ്.
2005-ൽ, മഹാത്മാഗാന്ധി സീരീസ് നോട്ടുകളിൽ വൈഡ് കളർ ഷിഫ്റ്റിംഗ് മെഷീൻ, റീഡബിൾ മാഗ്‌നറ്റിക് വിൻഡോഡ് സെക്യൂരിറ്റി ത്രെഡ് പോലുള്ള മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്തി. 100 രൂപയുടെയും അതിനു മുകളിൽ മൂല്യമുള്ള നോട്ടുകളിലുമാണ് ഈ സവിശേഷതകൾ ഉൾപ്പെടുത്തിയത്.
advertisement
ഇന്ത്യയുടെയും ബർമയുടെയും സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ബ്രിട്ടീഷ് രാഷ്ട്രീയ പ്രവർത്തകനായ ലോർഡ് ഫ്രെഡറിക് വില്യം പെത്തിക്ക്-ലോറൻസിന്റെ അടുത്ത് നിൽക്കുന്ന ചിത്രത്തിൽ നിന്നാണ് ഇന്ത്യൻ നോട്ടുകളിലുള്ള ഗാന്ധിയുടെ ചിത്രം എടുത്തതെന്ന് പറയപ്പെടുന്നു. ഗാന്ധിയുടെ ഛായാചിത്രത്തിന് മുൻപ് ഉപയോഗിച്ച എല്ലാ ചിഹ്നങ്ങളും ജീവനില്ലാത്ത വസ്തുക്കളായതിനാൽ അവയിൽ നിന്ന് എളുപ്പത്തിൽ വ്യാജ നോട്ടുകൾ നിർമ്മിക്കാനുള്ള സാധ്യത ഉണ്ടായിരുന്നെന്ന് ആർബിഐ വിശദീകരിക്കുന്നു.
advertisement
എന്തുകൊണ്ടാണ് മറ്റ് പൊതുപ്രവർത്തകരുടെ ചിത്രങ്ങൾ കറൻസി നോട്ടുകളിൽ പ്രത്യക്ഷപ്പെടാത്തത്?
മഹാത്മാഗാന്ധിയെക്കാൾ മികച്ച മറ്റൊരു വ്യക്തിക്ക് രാജ്യത്തിന്റെ ധാർമികതയെ പ്രതിനിധീകരിക്കാൻ കഴിയില്ല എന്ന് മറ്റൊരു ദേശീയ നേതാവിന്റെ ചിത്രം നോട്ടുകളിൽ ഉൾപ്പെടുത്തേണ്ടെന്ന് ആർബിഐ പാനൽ തീരുമാനിച്ചിട്ടുണ്ടെന്നും 2014ൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി ലോക്സഭയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞിരുന്നു.
എന്തുകൊണ്ടാണ് ശാസ്ത്രജ്ഞനായ ഹോമി ജെ ഭാഭയെയോ കവി രവീന്ദ്രനാഥ ടാഗോറിനെയോ ഇന്ത്യൻ കറൻസിയിൽ ഉൾപ്പെടുത്താത്തത് എന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''ഒരുപാട് മഹാൻമാരും മഹതികളുമായ ഇന്ത്യക്കാരുണ്ട്. എന്നാൽ ഗാന്ധി എല്ലാവർക്കും ഒരുപടി മുന്നിലാണ്. നമുക്ക് നോട്ടുകളിൽ അച്ചടിക്കാൻ കഴിയുന്ന നിരവധി മഹത്തായ ഇന്ത്യക്കാരുടെ ചിത്രങ്ങളുണ്ട്. എന്നാൽ മറ്റാരെയെങ്കിലും ഉൾപ്പെടുത്തിയാൽ അത് വിവാദത്തിനിടയാക്കുമെന്ന് ഞാൻ കരുതുന്നു''.
advertisement
ഗാന്ധിയുടെ ചെറുമകനും എഴുത്തുകാരനുമായ തുഷാർ ഗാന്ധിയും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്. ''മഹാത്മാഗാന്ധി ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ നേതാവ് മാത്രമല്ല, ബഹുമാനിക്കപ്പെടുന്ന ഒരു അന്താരാഷ്ട്ര വ്യക്തിത്വം കൂടിയാണ്. അദ്ദേഹത്തിന്റെ മൂല്യങ്ങൾ ബാങ്ക് നോട്ടുകളിലൂടെ പ്രതിഫലിപ്പിക്കാൻ കഴിയുമെന്ന് സർക്കാരിന് തോന്നിയിരിക്കാം,'' എന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
കറൻസിയിൽ മാറ്റം വരുത്താൻ നിർദേശിച്ചിട്ടില്ലെന്ന് കഴിഞ്ഞ ജൂണിൽ ആർബിഐ വ്യക്തമാക്കിയിരുന്നു. ''മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരമായി നിലവിലുള്ള കറൻസികളിലും ബാങ്ക് നോട്ടുകളിലും മാറ്റം വരുത്താൻ ആർബിഐ ആലോചിക്കുന്നതായി ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്ന് അത്തരമൊരു നിർദ്ദേശം ഉണ്ടായിട്ടില്ല, '' എന്നും ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. രവീന്ദ്രനാഥ ടാഗോറിന്റെയും മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ നോട്ടുകളിൽ ഉൾപ്പെടുത്താൻ ബാങ്ക് ആലോചിക്കുന്നതായി റിപ്പോർട്ട് വന്നതിന് പിന്നാലെയായിരുന്നു ആർബിഐയുടെ പ്രസ്താവന.
മഹാത്മാ ഗാന്ധി, രവീന്ദ്രനാഥ ടാഗോർ, എപിജെ അബ്ദുൾ കലാം എന്നിവരുടെ വാട്ടർമാർക്കുകളുടെ രണ്ട് വ്യത്യസ്ത സെറ്റ് സാമ്പിളുകൾ ആർബിഐയും എസ്പിഎംസിഐഎല്ലും ഐഐടി-ഡൽഹി എമറിറ്റസ് പ്രൊഫസർ ദിലീപ് ടി ഷഹാനിക്ക് അയച്ചതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ രണ്ട് സെറ്റുകളിൽ നിന്ന് സെലക്ട് ചെയ്ത് സർക്കാരിന്റെ അന്തിമ പരിഗണനയ്ക്കായി ഹാജരാക്കാൻ പറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2022 8:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Indian currency | ഇന്ത്യന്‍ കറന്‍സിയില്‍ മഹാത്മാഗാന്ധിയുടെ ചിത്രം മാത്രം അച്ചടിക്കുന്നതിനു പിന്നിലെ കാരണം?