'റോബിന്‍' ബസ്; പാര്‍ലമെന്റ് ഭേദഗതി ചെയ്ത നിയമം പറയുന്നത് എന്ത്? ഇത് ആർക്കൊക്കെ ബാധകമാണ്?

Last Updated:

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) നിയമപ്രകാരം റോബിന്‍ ബസിന് സാധുവായ പെര്‍മിറ്റ് ഉണ്ടെങ്കില്‍ ആ ബസ് റൂട്ട് ബസ് ആയി ഉപയോഗിച്ചാല്‍ അധികൃതര്‍ക്ക് നടപടികള്‍ എടുക്കാന്‍ അധികാരമില്ല

news18
news18
തിരുവനന്തപുരം: പത്തനംതിട്ട -കോയമ്പത്തൂർ റോബിന്‍ ബസിനെതിരേയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയിന്മേലുള്ള നിയമസാധുത എന്ത് ? ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍ (പെര്‍മിറ്റ്) നിയമം അനുസരിച്ച് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനം സ്റ്റേജ് കാരിയേജ് ബസായി (റൂട്ട് ബസായി) പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. 2023 മേയ് ഒന്നിന് നിലവില്‍ വന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) നിയമത്തിലെ ചട്ടം 13 അനുസരിച്ച്, ”1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 82 മുതല്‍ 85 എ വരെയുള്ള നിബന്ധനകള്‍ ഈ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ബാധകമല്ലെന്ന്” പറയുന്നു.
82 മുതല്‍ 85 എ വരെയുള്ള ചട്ടങ്ങളില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടതും 85-ാമത്തെ ചട്ടത്തില്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ പാലിക്കേണ്ട അധിക നിബന്ധനകളെക്കുറിച്ചുമാണ് പ്രത്യേകം പറഞ്ഞിരിക്കുന്നത്. ചട്ടം 85(9) പ്രകാരം ടൂറിസ്റ്റ് വാഹനം റൂട്ട് ബസായി പ്രവര്‍ത്തിപ്പിക്കാന്‍ പെര്‍മിറ്റ് ഉടമയ്ക്ക് അനുവാദമില്ല. ചട്ടം 85(6) പ്രകാരം ടൂറിസ്റ്റ് ബസിന് റൂട്ട് ബസുകളുടെ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുന്നതിന് അനുവാദമില്ല. ഇത്തരം ബസ് സ്റ്റാന്‍ഡുകളില്‍ നിന്ന് ബസുകളുടെ പ്രവര്‍ത്തനം നടത്തുന്നതിനും അനുവാദമില്ല. ഭേദഗതി ചെയ്ത ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) ചട്ടത്തില്‍ സാധുവായ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ഈ നിബന്ധനകള്‍ റദ്ദാക്കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) നിയമപ്രകാരം റോബിന്‍ ബസിന് സാധുവായ പെര്‍മിറ്റ് ഉണ്ടെങ്കില്‍ ആ ബസ് റൂട്ട് ബസ് ആയി ഉപയോഗിച്ചാല്‍ അധികൃതര്‍ക്ക് നടപടികള്‍ എടുക്കാന്‍ അധികാരമില്ല.
advertisement
വിഷയത്തില്‍ കേന്ദ്രനിയമം അന്തിമവാക്കായി പറയുന്നുണ്ടെങ്കിലും സംസ്ഥാന ഗതാഗതവകുപ്പ് ഇതിനെ അംഗീകരിക്കുന്നില്ല. ഓരോ കേസിന്റെയും അടിസ്ഥാനത്തില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് തിരഞ്ഞെടുത്ത റൂട്ടുകളില്‍ സ്റ്റേജ്-കാരേജ് പെര്‍മിറ്റുകള്‍ അനുവദിക്കുന്ന ഒരു സമ്പ്രദായമാണ് സംസ്ഥാനങ്ങള്‍ പിന്തുടരുന്നത്. സാധുവായ സ്‌റ്റേജ് കാരിയേജ് പെര്‍മിറ്റ് ഇല്ലാതെ പ്രത്യേക യാത്രാ നിരക്കുകള്‍ നിശ്ചയിച്ച് ഒരു സ്റ്റേജ് കാരിയേജായി വാഹനം ഓടിക്കുകയാണെന്നാണ് റോബിന്‍ ബസിന്റെ വിഷയത്തില്‍ എംവിഡി പറയുന്നത്. ഇതിനാണ് 7500 രൂപ പിഴയൊടുക്കിയത്.
advertisement
”ടൂറിസ്റ്റ് വെഹിക്കിള്‍ പെര്‍മിറ്റ് നിയമങ്ങളിലെ ഭേദഗതികള്‍ 1989-ലെ മോട്ടോര്‍ വാഹന നിയമങ്ങളില്‍ പറഞ്ഞിരിക്കുന്ന നിരവധി പഴക്കമുള്ള വ്യവസ്ഥകളെ മറികടക്കുന്നതാണ്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, യാത്രക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുക എന്നിവയെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതിലൂടെ ബസ് ഉടമകള്‍ക്ക് മെച്ചപ്പെട്ട സേവനം പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയും. പാര്‍ലമെന്റ് ഭേദഗതി ചെയ്ത നിയമം എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. അതിനാല്‍ ഈ നിര്‍ദിഷ്ട ലംഘനം ചൂണ്ടിക്കാട്ടി ബസ് ഉടമസ്ഥര്‍ക്കെതിരേ എംവിഡി എടുക്കുന്ന നടപടി നിയമ വിരുദ്ധമാണ്,” നിയമവകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
advertisement
ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉള്ള ധാരാളം സ്വകാര്യ ബസുകള്‍ സ്റ്റേജ് കാരിയേജ് ബസായി പ്രവര്‍ത്തനം നടത്തുന്നുന്നുണ്ടെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു.
എന്താണ് ഓള്‍ ഇന്ത്യ പെര്‍മിറ്റ്?
ഓരോ സംസ്ഥാനത്തും നിലനില്‍ക്കുന്ന വ്യത്യസ്തമായ പെര്‍മിറ്റ് വ്യവസ്ഥകള്‍ വിനോദസഞ്ചാരികള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റ് കൊണ്ടുവന്നത്. ഈ പെര്‍മിറ്റ് ലഭിക്കുന്നതിന് ഒരുവര്‍ഷത്തേക്ക് മൂന്നു ലക്ഷം രൂപയാണ് ഫീസ്. മൂന്ന് മാസത്തേക്കാണ് ആണെങ്കില്‍ 90,000 രൂപയാണ് ഫീസ്.
സ്റ്റേജ് കാരിയേജ് (റൂട്ട് ബസ്)
റൂട്ട് ബസുകള്‍ക്ക് മുന്‍നിശ്ചയിച്ചപ്രകാരം സ്ഥിരമായ യാത്രാ സമയമുണ്ട്. യാത്ര സമയവും റൂട്ടും പരസ്യപ്പെടുത്തി ഓടാനും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാനും ഇത്തരം ബസുകള്‍ക്ക് അനുമതിയുണ്ട്. ഈ ബസുകള്‍ക്കുള്ള പെര്‍മിറ്റ് നല്‍കുന്നത് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികളാണ്. സമയം, സ്‌റ്റോപ്, റൂട്ട് എന്നിവ പെര്‍മിറ്റില്‍ രേഖപ്പെടുത്തും. കിലോമീറ്റര്‍ അടിസ്ഥാനമാക്കി യാത്രാനിരക്ക് നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. പെര്‍മിറ്റില്‍ പറയുന്ന സമയത്ത് ബസ് ഓടിക്കാന്‍ ഉടമ ബാധ്യസ്ഥനുമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
'റോബിന്‍' ബസ്; പാര്‍ലമെന്റ് ഭേദഗതി ചെയ്ത നിയമം പറയുന്നത് എന്ത്? ഇത് ആർക്കൊക്കെ ബാധകമാണ്?
Next Article
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement