കോവിഡ് 19 രോഗികളുടെ ചികിത്സയ്ക്ക് ഓക്സിജൻ വളരെയധികം ആവശ്യമാണെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ടുതന്നെ നമുക്കെല്ലാവർക്കും ബോധ്യമായിട്ടുണ്ട്. കോവിഡ് രോഗബാധ ഗുരുതരമാകുന്ന രോഗികളിൽ ശ്വാസതടസ്സം വളരെ സാധാരണമായ ഒരു രോഗലക്ഷണമാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വേണ്ട അളവിൽ ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ മെഡിക്കൽ ഓക്സിജൻ നൽകേണ്ട സാഹചര്യം ഉണ്ടാകും. മനുഷ്യ ശരീരത്തിന് ഓക്സിജൻ നൽകാനുള്ള ഏറ്റവും നല്ല മാർഗമായ ദ്രവീകൃത മെഡിക്കൽ ഓക്സിജനെക്കുറിച്ചുള്ള കൂടുതൽ സംശയങ്ങൾക്ക് വാർത്താ കുറിപ്പിലൂടെ വിശദീകരണം നൽകുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ.
ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ ഉത്പാദനം
എയർ സെപ്പറേഷൻ യൂണിറ്റുകൾ അഥവാ എ എസ് യു എന്ന സംവിധാനത്തിന്റെ സഹായത്തോടെ ഓക്സിജൻ വേർതിരിച്ചെടുക്കുക എന്നതാണ് ഏറ്റവും സാധാരണമായി മെഡിക്കൽ ഓക്സിജന്റെ ഉത്പാദനത്തിന് ആശ്രയിക്കുന്ന മാർഗം. അംശികസ്വേദനം എന്ന മാർഗത്തിലൂടെ വലിയ അളവിലുള്ള അന്തരീക്ഷവായുവിൽ നിന്ന് ഈ സംവിധാനം ശുദ്ധ ഓക്സിജനെ വേർതിരിച്ചെടുക്കുന്നു. ഓക്സിജന്റെ ദ്രവണാങ്കവും തിളനിലയും വളരെ കുറവായതുകൊണ്ട് സാധാരണ താപനിലയിൽ അത് വാതകാവസ്ഥയിലാണ് നില കൊള്ളുക. കൂടുതൽ ഓക്സിജൻ സംഭരിക്കുന്നതിനും കൊണ്ടുപോകാനുള്ള എളുപ്പത്തിനുമാണ് വളരെ താഴ്ന്ന താപനിലയിൽ ഓക്സിജൻ ദ്രവീകരിച്ച് സൂക്ഷിക്കുന്നത്.
ക്രയോജനിക് കണ്ടയിനറുകൾ
ദ്രവീകരിച്ച വാതകങ്ങളെ സുരക്ഷിതമായി സൂക്ഷിക്കാനും കുറഞ്ഞ ചെലവിൽ കൊണ്ടുപോകാനുമൊക്കെ പ്രത്യേകമായി രൂപകൽപ്പന ചെയ്തവയാണ് ക്രയോജനിക് കണ്ടയിനറുകൾ. -90 ഡിഗ്രി സെൽഷ്യസിന് താഴെയുള്ള താപനിലയിലാണ് ഇവയിൽ ഓക്സിജൻ സൂക്ഷിക്കുക.
You may also like:Explained: ദക്ഷിണേന്ത്യയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം എന്താണ്? അത് എത്രത്തോളം അപകടകാരിയാണ്?
പ്രെഷർ സ്വിങ് അബ്‌സോർപ്‌ഷൻ സംവിധാനം
ആശുപത്രികളിൽ ഉൾപ്പെടെ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുന്ന സംവിധാനമാണ് ഇത്. അന്തരീക്ഷ വായുവിൽ നിന്ന് സാന്ദ്രീകരണത്തിലൂടെ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന സംവിധാനമാണ് ഇത്. നേരിട്ട് ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയും എന്ന സൗകര്യം ഈ സംവിധാനത്തിനുണ്ട്. അതിനാൽ മറ്റെവിടെ നിന്നെങ്കിലും ഓക്സിജൻ എത്താൻ കാത്തിരിക്കേണ്ടതില്ല. ഇവ കൂടാതെ വീടുകളിൽ ഉൾപ്പെടെ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഓക്സിജൻ കോൺസൺട്രേറ്ററുകളും ഇപ്പോൾ ലഭ്യമാണ്.
You may also like:Explained: ഏത് വാക്സിനാണ് കൂടുതൽ നല്ലത്? കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം
സുരക്ഷാ മുൻകരുതലുകൾ
താപനില അധികമായാൽ ഒരുപാട് പദാർത്ഥങ്ങൾ ഓക്സിജനിൽ കത്താൻ സാധ്യതയുണ്ട്. അതിനാൽ മെഡിക്കൽ ഓക്സിജൻ കൈകാര്യം ചെയ്യുന്നവരെല്ലാം ഇക്കാര്യത്തിൽ അതീവശ്രദ്ധപുലർത്തുകയും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. കോവിഡ് പ്രതിസന്ധി കാരണം ആശുപത്രികളിൽ ഓക്സിജന്റെ സംഭരണവും ഉപയോഗവും കൂടിയതിനാൽ തീപിടുത്തം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
വിവേകപൂർവമുള്ള ഉപയോഗം
ഒരു ആരോഗ്യ അടിയന്തിരാവസ്ഥ രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ ഓക്സിജൻ പോലെ അമൂല്യമായ ഒന്നിന്റെ ഉപയോഗത്തിന്റെ കാര്യത്തിൽ ഉയർന്ന പൗരബോധം നമ്മൾ കാണിക്കേണ്ടതുണ്ട്. ഓക്സിജന്റെ അനാവശ്യമായ ഉപയോഗവും അമിതമായ സംഭരണവും കരിഞ്ചന്തകൾ വളരാൻ വരെ കാരണമായേക്കും. "ഓക്സിജൻ സിലിണ്ടറുകളുടെ ദുരുപയോഗം ഈ ഘട്ടത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പിന്നീട് വേണ്ടിവന്നേക്കാം എന്ന ആശങ്ക മൂലം പലരും വീടുകളിൽ ഓക്സിജൻ സിലിണ്ടർ സൂക്ഷിച്ചു വെക്കുന്ന സാഹചര്യമുണ്ട്. ഒ
രിക്കലും അത് ചെയ്യരുത്. ശരീരത്തിലെ ഓക്സിജൻ പൂരിതനില 94 ശതമാനമോ അതിന് മുകളിലോ ആണെങ്കിൽ അതിന്റെ അർത്ഥം വേണ്ടത്ര ഓക്സിജൻ നിങ്ങൾക്കുണ്ട് എന്നാണ്", എയിംസ് ഡയറക്റ്റർ പ്രൊഫസർ രൺദീപ് ഗുലേറിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.