• HOME
  • »
  • NEWS
  • »
  • explained
  • »
  • എന്താണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം? ഇത് അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതെങ്ങനെ?

എന്താണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം? ഇത് അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതെങ്ങനെ?

അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതിയാണിത്

  • Share this:

    അരുണാചൽപ്രദേശിലെ അതിർത്തി പ്രദേശമായ കിബിത്തൂവിൽ കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം (Vibrant Villages Programme) ഉ​ദ്ഘാടനം ചെയ്തത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടു ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു മന്ത്രി. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും അതിക്രമിച്ചു സ്വന്തമാക്കാനാകില്ല എന്ന് മന്ത്രി തന്റെ സന്ദർശന വേളയിൽ വ്യക്തമാക്കിയിരുന്നു.

    അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതിയാണിത്. അരുണാചൽ പ്രദേശിലെ ചില പ്രദേശങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ നല്‍കിയതിനു പിന്നാലെയാണ് അമിത് ഷാ സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയത്. ടിബറ്റിന്റെ വടക്കൻ ഭാ​ഗങ്ങൾ എന്നു വിശേഷിപ്പിച്ചാണ് ചൈന സ്ഥലങ്ങളുടെ പേരുകൾ മാറ്റിയത്. അരുണാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന കിബിത്തു, കേന്ദ്രത്തിന്റെ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുത്ത ആദ്യത്തെ ഗ്രാമമാണ്.

    എന്താണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം? എന്തിനാണ് ഇത് നടപ്പിലാക്കുന്നത് ?

    ചൈന ടിബറ്റ് എന്നു വിശേഷിപ്പിക്കുന്ന തങ്ങളുടെ അധിനിവേശ ഭൂമിയിൽ, യഥാർത്ഥ നിയന്ത്രണ രേഖയിൽ നിർമിച്ച ‘സിയോകാങ്’ ഗ്രാമങ്ങൾക്കുള്ള ഇന്ത്യയുടെ മറുപടിയാണ് വൈബ്രന്റ് വില്ലേജസ് പദ്ധതി. 2021-ൽ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, കിഴക്കൻ ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെ വ്യാപിച്ചുകിടക്കുന്ന 3,488 കിലോമീറ്ററുള്ള നിയന്ത്രണ രേഖയിൽ ചൈന 628 ഗ്രാമങ്ങൾ നിർമിച്ചിട്ടുണ്ട്.

    Also read-‘കരയുന്ന കന്യകാ മറിയത്തിന്റെ രൂപം’ കൈവശം വെച്ച സ്ത്രീ അപ്രത്യക്ഷയായി; ക്രിമിനൽ കേസ് ചുമത്തി പോലീസ്

    2022- ലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിൽ വൈബ്രന്റ് വില്ലേജസ് പദ്ധതി പ്രഖ്യാപിച്ചത്. 4,800 കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ്. അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ലഡാക്ക് എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വടക്കൻ അതിർത്തിയിലുള്ള 19 ജില്ലകളിലെ 46 ബ്ലോക്കുകളിലായി 2,967 ​ഗ്രാമങ്ങളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

    മൂന്നു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 662 വില്ലേജുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിൽ 455 എണ്ണം അരുണാചൽ പ്രദേശിലാണ്. അതിർത്തി മേഖലയുടെ സമഗ്ര വികസനത്തിനായാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ ജന്മസ്ഥലങ്ങളിൽ തന്നെ താമസിക്കാൻ പ്രോത്സാഹിപ്പിക്കുന്നതുമായ പദ്ധതിയാണിത്.

    മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം തടയുന്നതിനും അതിർത്തി സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പദ്ധതി സഹായിക്കും. പദ്ധതിയുടെ ഭാ​ഗമായി ഈ പ്രദേശങ്ങളിലെ റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും, കുടിവെള്ളം, വൈദ്യുതി, മൊബൈൽ, ഇന്റർനെറ്റ് കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കാനും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും, വെൽനസ് സെന്ററുകൾ നിർമിക്കാനുമൊക്കെ ഊന്നൽ കൊടുക്കുന്നുണ്ട്.

    Also read- മ്യാൻമാറിലെ സൈനിക ആക്രമണത്തിൽ മരിച്ചത് നൂറിലേറെ പേർ; എന്താണ് സംഭവിക്കുന്നത്? ആക്രമണത്തിന് കാരണമെന്ത്?

    പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക, വിനോദസഞ്ചാരം മെച്ചപ്പെടുത്തുക എന്നിവയിലൂടെ ഇവിടുത്തെ ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗങ്ങള്‍ ഉറപ്പുവരുത്താനും പദ്ധതിയിലൂടെ ശ്രമിക്കുന്നുണ്ട്. അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളാണ് സുരക്ഷാ സേനയുടെ കണ്ണും കാതും ആയി പ്രവർത്തിക്കുന്നത് എന്നും സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. നിയന്ത്രണ രേഖക്കു സമീപമുള്ള ഗ്രാമങ്ങളിലെ ജനങ്ങളാണ് ചൈനയുടെ കടന്നു കടയറിലെതിരെ ജാ​ഗ്രത പാലിക്കുന്നത്. അതിനാൽ തന്നെ ഈ പ്രദേശങ്ങളിൽ ചൈനക്ക് എളുപ്പത്തിൽ അവകാശവാദം ഉന്നയിക്കാൻ കഴിയില്ല എന്നും ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു.

    പ്രകോപിതരായി ചൈന

    അമിത് ഷാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെത്തിയതിനു തൊട്ടുപിന്നാലെ, ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ ഔദ്യോ​ഗിക പ്രസ്താവനയുമായി രം​ഗത്തെത്തി. ”സാങ്‌നാൻ (അരുണാചൽ പ്രദേശിനെ ചൈന വിളിക്കുന്ന പേര്) ചൈനയുടെ പ്രദേശമാണ്. ഇന്ത്യയില ഒരു മന്ത്രി ഇവിടെ എത്തിയത് ചൈനയുടെ പ്രാദേശിക പരമാധികാരത്തെ ലംഘിക്കുന്നതാണ്. ഇത് അതിർത്തിയിലെ സമാധാനാന്തരീക്ഷത്തിന് യോജിച്ച പ്രവൃത്തിയല്ല”, വാങ് വെൻബിൻ പറഞ്ഞു. എന്നാൽ അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാ​ഗം ആണെന്നും രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യ പല തവണ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

    അരുണാചൽ പ്രദേശിൽ ഒരു കേന്ദ്രസർക്കാർ പ്രതിനിധിയോ മന്ത്രിയോ അല്ലെങ്കിൽ ഇന്ത്യൻ ഉദ്യോഗസ്ഥരോ എത്തുന്നതിൽ ചൈന രോഷം പ്രകടിപ്പിക്കുന്നത് ഇത് ആദ്യമായിട്ടല്ല. 2021-ൽ അന്നത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സംസ്ഥാനം സന്ദർശിച്ചപ്പോഴും സമാനമായ പ്രതികരണമാണ് ചൈനയുടെ ഭാ​ഗത്തു നിന്നും ഉണ്ടായത്. അരുണാചൽ പ്രദേശിലെ ഏകദേശം 90,000 ചതുരശ്ര കിലോമീറ്ററോളം വരുന്ന പ്രദേശങ്ങൾ ചൈനയുടെ ഭാഗമാണെന്ന് അവർ അവകാശപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്തെ സാങ്‌നാൻ അല്ലെങ്കിൽ തെക്കൻ ടിബറ്റ് എന്നാണ് ചൈന വിളിക്കുന്നത്.

    Also read- H3N8 പക്ഷിപ്പനി ബാധിച്ച് ലോകത്തിലെ ആദ്യ മനുഷ്യ മരണം; സ്ഥിരീകരണവുമായി ലോകാരോഗ്യ സംഘടന

    വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. വടക്ക് ടിബറ്റുമായും പടിഞ്ഞാറ് ഭൂട്ടാനുമായും, കിഴക്ക് മ്യാൻമറുമായും സംസ്ഥാനം അതിർത്തികൾ പങ്കിടുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഒരു സംരക്ഷണ കവചം പോലെയാണ് അരുണാചൽ പ്രദേശ് വർത്തിക്കുന്നത്. ചൈന ഈ മുഴുവൻ സംസ്ഥാനത്തിനും വേണ്ടിയാണ് അവകാശവാദം ഉന്നയിക്കുന്നത്. ഇവിടുത്തെ ഒരു സ്ഥലം അവരെ സംബന്ധിച്ചിടത്തോളം പ്രത്യേക പ്രാധാന്യം അർഹിക്കുന്നതുമാണ്.

    തവാങ് എന്ന സ്ഥലമാണത്. ടിബറ്റൻ ബുദ്ധമതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആശ്രമമായ തവാങ് ഗണ്ടൻ നംഗ്യാൽ ലാറ്റ്സെ അല്ലെങ്കിൽ തവാങ് മൊണാസ്ട്രിയാണ് ഇവിടെയാണ് ഉള്ളത്. അരുണാചൽ പ്രദേശിന് മേലുള്ള അവകാശവാദം ശക്തിപ്പെടുത്തുന്നതിനായി തവാങ് ആശ്രമവും ടിബറ്റിലെ ലാസ ആശ്രമവും തമ്മിലുള്ള തങ്ങളുടെ ചരിത്രപരമായ ബന്ധവും ചൈന ചൂണ്ടിക്കാട്ടുന്നു. 1959-ൽ ദലൈലാമ ടിബറ്റിൽ നിന്ന് പലായനം ചെയ്തപ്പോൾ, തവാങ് വഴിയാണ് അദ്ദേഹം ഇന്ത്യയിൽ പ്രവേശിച്ചത്. ദലൈലാമ കുറച്ചുകാലം തവാങ് ആശ്രമത്തിൽ അഭയം തേടിയിരുന്നു.

    സാംസ്കാരിക പ്രാധാന്യം മാത്രമല്ല തവാങ്ങിനുള്ളത്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലേക്കുള്ള പ്രവേശനവും തവാങ് വഴിയാണ്. അരുണാചലിൽ ചൈനയുടെ സാന്നിധ്യം വർദ്ധിക്കുന്നത് അവർക്ക് ഈ മേഖലയിൽ സ്വാധീനം ചെലുത്താനും ഇന്ത്യയുടെ ഉടമസ്ഥാവകാശം നിഷേധിക്കാനും സഹായിക്കുമെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

    Also read- ആഴ്ചയില്‍ നാല് ദിവസം ജോലി, മൂന്ന് ദിവസം അവധി; ഇത് ഇന്ത്യയിൽ നടപ്പിലാകുമോ?

    അരുണാചൽ പ്രദേശിൽ ചൈന തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. ഈ മാസമാദ്യമാണ് പർവതങ്ങൾ, ജനവാസ മേഖലകൾ, നദികൾ എന്നിവ ഉൾപ്പെടെ അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് ചൈന മാറ്റുകയും അവ വടക്കൻ ടിബറ്റിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ട് രം​ഗത്തെത്തുകയും ചെയ്തത്.

    എന്നാൽ ഈ മേഖലയിൽ ചൈനയ്ക്ക് യാതൊരുവിധ അവകാശവാദവും ഇല്ലെന്നു പറഞ്ഞ് കേന്ദ്ര സർക്കാർ ചൈനയുടെ അവകാശ വാദത്തെ തള്ളിക്കളഞ്ഞിരുന്നു. ”ചൈന ഇത്തരം ശ്രമങ്ങൾ നടത്തുന്നത് ഇതാദ്യമല്ല, അത്തരം ശ്രമങ്ങളെ ഞങ്ങൾ അപലപിക്കുന്നു”, എന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പത്രസമ്മേളനത്തിൽ പറഞ്ഞത്. മുൻപ്, 2017ലും 2021ലും ചൈന അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേരു മാറ്റിയിരുന്നു.

    Published by:Vishnupriya S
    First published: