നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Robert Bristow| പതിമൂന്നിനേ പേടിക്കാതെ കാക്കയെ പേടിച്ച റോബർട്ട് ബ്രിസ്റ്റോ കൊച്ചിയോട് ചെയ്തത്

  Robert Bristow| പതിമൂന്നിനേ പേടിക്കാതെ കാക്കയെ പേടിച്ച റോബർട്ട് ബ്രിസ്റ്റോ കൊച്ചിയോട് ചെയ്തത്

  കായലിലും ചതുപ്പിലുമായി ആണ്ടുകിടന്ന വിശാലമായൊരു കരയെ, നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ കൊച്ചിയുമായി കൂട്ടിയിണക്കി പുതിയൊരു തുറമുഖം കെട്ടിയുയർത്തിയത് ബ്രിസ്റ്റോയായിരുന്നു.

  Robert Bristow

  Robert Bristow

  • Share this:
   ആധുനിക കൊച്ചിയുടെ ശിൽപിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് റോബർട്ട് ചാൾസ് ബ്രിസ്റ്റോ. അദ്ദേഹത്തിന്റെ ചരമവാർഷിക ദിനമാണ് ഇന്ന്. 1966 സെപ്റ്റംബർ മൂന്നിനായിരുന്നു ബ്രിസ്റ്റോ അന്തരിച്ചത്.

   ആ പഴയ ചതുപ്പിലേക്ക് റോബർട്ട് ബ്രിസ്റ്റോ വന്നിറങ്ങിയത് 1920 ഏപ്രിൽ 13ന് ആയിരുന്നു. കായലിലും ചതുപ്പിലുമായി ആണ്ടുകിടന്ന വിശാലമായൊരു കരയെ, നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ കൊച്ചിയുമായി കൂട്ടിയിണക്കി പുതിയൊരു തുറമുഖം കെട്ടിയുയർത്തിയത് ബ്രിസ്റ്റോയായിരുന്നു.

   കൊച്ചിയിലേക്ക് ചരിത്രം രചിക്കാൻ...

   1920 നാണ് അദ്ദേഹം കൊച്ചിയില്‍ എത്തിയത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ എഞ്ചിനീയറായിട്ടായിരുന്നു ആദ്യത്തെ തസ്തിക. അന്ന് 40 വയസ്സുണ്ടായിരുന്ന ബ്രിസ്റ്റോയുടെ മുൻകാല പ്രവർത്തനങ്ങൾ ബ്രീട്ടീഷ് സർക്കാരിനെ ഇതിനു പ്രേരിപ്പിക്കുകയായിരുന്നു. മാള്‍ട്ടാ, പോര്‍ട്ട് സ്മിത്ത് എന്നിവിടങ്ങളില്‍ അദ്ദേഹം തന്റെ കഴിവു തെളിയിച്ചിരുന്നു. 1920 ഏപ്രില്‍ 13 ന് അദ്ദേഹം കൊച്ചിയില്‍ എത്തിച്ചേര്‍ന്നു. മാര്‍ഗമധ്യോ മദ്രാസില്‍ തങ്ങി കൊച്ചിയെ പറ്റി കിട്ടാവുന്നത്രയും രേഖകള്‍ പഠിച്ചു.  പ്രവേശനകവാടത്തില്‍ തടസ്സമായി നിലകൊള്ളുന്ന പാറപോലെ ഉറച്ച മണ്ണിനെ നീക്കം ചെയ്താല്‍ പ്രശ്നങ്ങള്‍ മാറും എന്ന് ബ്രിസ്റ്റോ  മന‍സ്സിലാക്കി.

   വളരെ കാലത്തേയ്ക്ക് വള്ളങ്ങളും ചെറുകപ്പലുകളും മാത്രം പോയിരുന്നതും കടലില്‍ നങ്കൂരമിടുന്ന കപ്പലില്‍ നിന്ന് ചരക്ക് കൈമാറ്റം ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ളതുമായ ചാലു മാത്രമായിരുനു കൊച്ചി. തുറമുഖം എന്ന നിലയില്‍ കൊച്ചിയുടെ പ്രാധാന്യം വളരെ വൈകിയാണ്‌ ബ്രീട്ടീഷുകാര്‍ മനസ്സിലാക്കിയത്. 1869 ല്‍ സൂയസ്സ് കനാല്‍ തുറന്നതോടെ സമാനമായി കൊച്ചിയേയും വികസിപ്പിക്കാം എന്നും കപ്പലുകള്‍ക്ക് ഇടത്താവളമാക്കി മാറ്റാമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ വന്നു. എങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. 1920 ല്‍ കൊച്ചി തുറമുഖത്തിന്റെ അധികാരം കൈയാളിയിരുന്ന മദ്രാസ് ഗവൺമെന്റ് കൊച്ചിയെ ഒരു തുറമുഖമായി വികസിപ്പിക്കാന്‍ തീരുമനം കൈക്കൊണ്ടപ്പോഴാണ് ആ സ്വപ്നം യാഥാര്‍ത്ഥ്യമായത്.

   തൂത്തുക്കുടി, വിശാഖപട്ടണം, കടല്ലൂര്‍ എന്നീ തുറമുഖങ്ങള്‍ പ്രവര്‍ത്തന രഹിതമായിക്കൊണ്ടിരിക്കുന്ന അവസര‍ത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണം എന്നു കരുതുന്നു. പ്രധാനമായും ചെയ്യേണ്ടിയിരുന്നത് കായലില്‍ അടിഞ്ഞു കൂടിയിട്ടുള്ള മണ്ണിനെ മാറ്റി അതിന്റെ ആഴം വര്‍ധിപ്പിക്കുകയായിരുന്നു. ഇതിനായിട്ടാണ് റോബര്‍ട്ട് ബ്രിസ്റ്റോവിനെ ഇംഗ്ലണ്ടില്‍ നിന്ന് വരുത്തിയത്.

   കൊച്ചിയുടെ മുഖംമാറ്റം

   കൊച്ചിയില്‍ നിലവിലുണ്ടായിരുന്ന പൗരസമിതികളോടും സംഘടനകളോടും ചര്‍ച്ച ചെയ്തും മേലാധികാരികളോട് അലോചിക്കുകയും ചെയ്ത ശേഷം തന്റെ കരടു പദ്ധതിക്ക് അംഗീകാരം ലഭിച്ചശേഷമാണ് ബ്രിസ്റ്റോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. കടലിലെ തിരകളെയും വേലിയേറ്റ, വേലിയിറക്കങ്ങളെയും പഠിച്ച ബ്രിസ്റ്റോ പലവിധ പരീക്ഷണങ്ങളും നടത്തി. ഇതിനുശേഷം പദ്ധതി ഫലപ്രദമാണെന്ന അനുമാനത്തിലെത്തി. ഇക്കാര്യം മദ്രാസ്‌ ഗവര്‍ണര്‍ ലോര്‍ഡ്‌ വെല്ലിങ്ങ്ടണെ അറിയിക്കുകയും ചെയ്തു.

   അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കൊച്ചി ലോകത്തിലേയ്ക്കും വച്ചു തന്നെ ഏറ്റവും സുരക്ഷിതമായ തുറമുഖം ആവും എന്നായിരുന്നു. ഇതിനായി കപ്പലുകള്‍ ഉള്‍ത്തടങ്ങളിലേയ്ക്ക്‌ പ്രവേശിക്കേണ്ടി വരും എന്നു മാത്രം. ഇതിനുള്ള പ്രധാന പ്രതിബന്ധം കൊച്ചിക്കായലിന്റെ അഴിമുഖത്ത്‌ കാലങ്ങള്‍ കൊണ്ട്‌ രൂപമെടുത്ത മണ്‍ പാറയായിരുന്നു. ഇത്‌ ഭീമാകാരമായ വലിപ്പത്തില്‍ വെള്ളത്തിനടിയില്‍ എട്ടടിക്കുമേല്‍ വെള്ളം ആവശ്യമായ കപ്പലുകള്‍ക്ക്‌ ഒരു പേടിസ്വപ്നമായി നിലകൊണ്ടിരുന്നു.

   ചെറിയ കപ്പലുകളാവട്ടെ വേലിയേറ്റം പ്രതീക്ഷിക്കേണ്ടതായും വന്നു. ഇതിനു മുന്നുണ്ടായിരുന്ന എഞ്ചിനീയര്‍മാരെല്ലാം ഇതിന്റെ നീക്കം ബുദ്ധിമുട്ടേറിയതാണ്‌ എന്നാണ്‌ വിലയിരുത്തിയിരുന്നത്‌. മാത്രവുമല്ല ഇതു നീക്കം ചെയ്താല്‍ പാരിസ്ഥിതികമായി ഉണ്ടാകാവുന്ന പ്രശനങ്ങളെപറ്റി ആശങ്കയുമുണ്ടായിരുന്നു. വേമ്പനാട്ടുകായലിന്റെ നാശം മുതല്‍ വൈപ്പിന്‍ തീരത്തിന്റെ തകര്‍ച്ചവരെ പ്രതീക്ഷിച്ചിരുന്നു.

   പഠനശേഷം ബ്രിസ്റ്റോ ഇതെല്ലാം പഴങ്കഥകളാണെന്ന് സമര്‍ത്ഥിച്ചു. വൈപ്പിന്‍ തീരം ഒലിച്ചു പൊകാതിരിക്കാന്‍ അദ്ദേഹം വലിയ കരിങ്കല്‍ പാറകള്‍ നിരത്തി തിരകളുടെ ശക്തികുറയ്ക്കാം എന്നും മാന്തിയെടുക്കുന്ന മണ്ണ് പരിസ്ഥിതിക്ക്‌ പ്രശ്നമല്ലാത്ത രീതിയില്‍ വിനിയോഗിക്കാം എന്നും കാട്ടിക്കൊടുത്തു. അതില്‍ പ്രധാനമായും മാന്തിയെടുക്കുന്ന മണ്ണ് വെണ്ടുരുത്തി ദ്വീപിനോട് ചേര്‍ക്കുക, ഇതിനായി കായലിന്റെ ഒരു ഭാഗം തന്നെ നികത്തുക. പുതിയ പലങ്ങള്‍ പണിത് പുതിയ ദ്വീപിനെ ഒരു വശത്ത് കരയോടും മട്ടാഞ്ചേരിയോടും ബന്ധിപ്പിക്കുക. മണ്ണു മാന്തല്‍, ജട്ടികളുടെയും ബര്‍ത്തുകളുടെയും പണി ഏകോപിപ്പിക്കുക എന്നിവയായിരുന്നു.

   മദ്രാസ് ഗവൺമെന്റ്, മലബാര്‍ ജില്ലാ കളക്ടർ അദ്ധ്യക്ഷനായി രൂപം കൊടുത്ത സമിതി എന്നിവരുടെ അംഗീകാരം ഉണ്ടായെങ്കിലും തൂത്തുക്കുടിയുടെ അവകാശസം‌രക്ഷണത്തിനായി മദ്രാസിലെ ചില തല്പര കക്ഷികള്‍ പ്രവര്‍ത്തിച്ചതു മൂലം വളരെ വൈകിയാണ് നിര്‍മാണം തുടങ്ങാനായത്.

   ആദ്യഘട്ടത്തില്‍ പ്രധാനമായും സമയബന്ധിതമായ പരിപടികള്‍ തയ്യാറാക്കുകയായിരുന്നു. അദ്യഘട്ടമായ മണ്ണുമാന്തലും മറ്റും പരീക്ഷണാടിസ്ഥാനത്തില്‍ ബ്രിസ്റ്റോ രംഗത്തു വരുന്നതിനു മുന്നേ നടന്നിരുന്നു. ബ്രിസ്റ്റോ വന്നതിനു ശേഷം ഈ പ്രവര്‍ത്തനങ്ങള്‍ ത്വരിതമായി നടന്നു. 'ലേഡി വെല്ലിങ്ടന്‍' എന്ന മണ്ണു മാന്തികപ്പലാണ് അദ്ദേഹം ഉപയോഗപ്പെടുത്തിയത്. ഈ കപ്പല്‍ പ്രവര്‍ത്തനക്ഷമതയിലും കാലയളവിലും ഒരു ലോക റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചു. രണ്ടാം ഘട്ടത്തില്‍ പ്രധാനമായും മണ്ണുമാന്തല്‍ മാത്രമായിരുന്നു. മാറ്റിയ മണ്ണ് ഒരു മതില്‍ കെട്ടി ഒരു പുതിയ ദ്വീപു സൃഷ്ടിച്ചുകൊണ്ടിരുന്നു. മൂന്നാം ഘട്ടത്തില്‍ മണ്ണുമാന്തലിനോടൊപ്പം ആവാസകേന്ദ്രങ്ങള്‍ പണിയുക, ഡ്രൈ ഡോക്ക്, പാലങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തി.

   വെറും മൂന്നുഘട്ടങ്ങള്‍ കൊണ്ട്‌, 450 അടി വീതിയും മൂന്നര മൈല്‍ വീതിയുമുള്ള ഒരഴിമുഖം ആഴക്കടലിനേയും കൊച്ചിക്കായലിനേയും ബന്ധിപ്പിച്ചുകൊണ്ട്‌ രൂപം കൊണ്ടു. മണ്ണുപയോഗിച്ച്‌ 780 എക്കര്‍ സ്ഥലം കായലില്‍ നിന്ന് വികസിപ്പിച്ചെടുത്തു. വെല്ലിംഗ്ടണ്‍ എന്ന് ഈ ദ്വീപിന്‌ നാമകരണവും ചെയ്യപ്പെട്ടു. 1928 മാര്‍ച്ച്‌ 30 ന്‌ അവസാനത്തെ മണ്‍പാറയും നീക്കം ചെയ്യപ്പെട്ടു. ബോംബേയില്‍ നിന്നും വരികയായിരുന്ന പത്മ എന്ന കപ്പല്‍ ഉള്‍ഭാഗം കപ്പലുകള്‍ക്ക്‌ തുറന്നുകൊടുക്കുന്നതിനു മുന്നേതന്നെ ഒരു പരീക്ഷണമെന്നോണം ഉള്ളില്‍ കയറിയിരുന്നു.

   നാലാം ഘട്ടത്തിലാണ്‌ കൊച്ചിയെ ലോകോത്തര തുറമുഖമാക്കി മാറ്റിയത്‌. പാലങ്ങള്‍, റോഡുകള്‍, വാര്‍ഫുകള്‍, ജട്ടികള്‍, ക്രെയിനുകള്‍, വെയര്‍ ഹൗസുകള്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും സൃഷ്ടിക്കപ്പെട്ടു. വൈദ്യുതി നിലയം, ആവാസ കേന്ദ്രങ്ങള്‍ റെയില്‍വേ എന്നിവയും ഇക്കൂട്ടത്തില്‍ പെടുന്നു. 1936 ല്‍ ഇന്ത്യാ ഗവൺമെന്റ് കൊച്ചിയെ ഒരു വന്‍കിട തുറമുഖമായി പ്രഖ്യാപിച്ചു. 1939 ജൂണ്‍ രണ്ടാം തീയതി ആദ്യമായി ഔദ്യോഗിക ചര‍ക്കു കടത്തലിനായി കപ്പല്‍ വാര്‍ഫില്‍ അടുക്കുകയുണ്ടായി.

   വെല്ലിംഗടണ്‍ ദ്വീപില്‍ വ്യോമ ആവശ്യങ്ങള്‍ക്കായി തന്ത്രപ്രാധാന്യമുള്ള ഒരു കേന്ദ്രം നിര്‍മ്മിക്കുവാനും അവര്‍ക്ക്‌ അന്നു കഴിഞ്ഞു. ഒന്നാം ലോക മഹായുദ്ധകാലത്ത്‌ ശ്രീലങ്ക ജപ്പാന്‍കാര്‍ ആക്രമിച്ചപ്പോള്‍ ഇവിടെനിന്നു പോയ വിമാനങ്ങളാണ്‌ അതു തടഞ്ഞത്‌.

   1941 മാര്‍ച്ച്‌ 13ന് അദ്ദേഹം ഇംഗ്ലണ്ടിലേയ്ക്ക്‌ തിരിച്ച്‌ പോയി. നാട്ടുകാരും ഉദ്യോഗസ്ഥരും അദ്ദേഹത്തിന്‌ ഊഷ്മളമായ യാത്രയയപ്പു നല്‍കി. കുറേക്കാലം മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ അദ്ദേഹം ജോലിനോക്കി. 1966 സെപ്റ്റംബര്‍ മൂന്നിന് തന്റെ എണ്‍പത്തഞ്ചാം വയസ്സില്‍ അന്തരിച്ചു.

   13ഉം ബ്രിസ്റ്റോയും

   ബ്രിട്ടിഷുകാർക്കെന്നല്ല, ഒരുവിധം യൂറോപ്യൻമാർക്കെല്ലാം പേടിയുള്ള സംഖ്യയാണ് 13. പക്ഷേ, ബ്രിസ്റ്റോയ്ക്ക് അത് ഇഷ്ടമായിരുന്നു. കൊച്ചിയിൽ വന്നത് ഏപ്രിൽ 13ന്. ജനനം 1880 ഡിസംബർ 13ന്. വില്ലിങ്ഡൻ ഐലൻഡിൽ അദ്ദേഹം പണികഴിപ്പിച്ച മലബാർ ഹോട്ടലിന്റെ (ഇന്ന് താജ് മലബാർ) 13–ാം നമ്പർ മുറിയിലായിരുന്നു ഏറെക്കാലം താമസം. മട്ടാഞ്ചേരി ചാനലിൽ 1939ൽ രണ്ടു കാർഗോ ബർത്തു കൂടി തുറന്ന് 1941ൽ സർ റോബർട്ട് ബ്രിസ്റ്റോ ഇന്ത്യയിൽ നിന്നു മടങ്ങി. അതും ഒരു 13നു തന്നെയായിരുന്നു.

   തുറമുഖം മാത്രമല്ല, മലബാർ ഹോട്ടലും ലോട്ടസ് ക്ലബ്ബും ബ്രിസ്റ്റോയുടെ പേരിനോടു ചേർത്തു വായിക്കാം. തുറമുഖത്തേക്കു റെയിൽവേ കൊണ്ടുവന്നതും അദ്ദേഹമാണ്. വെല്ലിംഗ്ടൺ ഐലൻഡിൽനിന്ന് ഇരുകരകളിലേക്കും 2 പാലങ്ങൾ മാത്രമല്ല, കൊച്ചിക്കാരുടെ മനസ്സുകളിലേക്കും പാലം പണിതാണ് ബ്രിസ്റ്റോ മടങ്ങിയത്. നാട്ടുകാർക്ക് അദ്ദേഹത്തെ അത്ര ഇഷ്ടമായിരുന്നു.

   എങ്കിലും ബ്രിസ്റ്റോ പണിത പാലത്തിലൂടെ പോകാൻ നാട്ടുകാർക്കു പേടിയായിരുന്നു. വെണ്ടുരുത്തിപ്പാലത്തിന്റെ ഉദ്ഘാടനവേളയിൽ പാലത്തിൽ ആനകളെ നിരത്തി, പാലത്തിനു താഴെക്കൂടി ബോട്ടിൽ സഞ്ചരിച്ചാണു ബ്രിസ്റ്റോ നാട്ടുകാരെ പാലത്തിന്റെ ഉറപ്പു ബോധ്യപ്പെടുത്തിയത്. എന്നിട്ടും ബ്രിസ്റ്റോയും ഭാര്യയും കൂടി കാറിൽ അതുവഴി സഞ്ചരിക്കുന്നതു വരെ ജനം പാലം കടക്കാൻ കാത്തുനിന്നു.

   കാക്കകളെ പേടി

   ധീരനായിരുന്നെങ്കിലും ബ്രിസ്റ്റോയ്ക്ക് കാക്കകളെ പേടിയായിരുന്നു. കൊച്ചി തുറമുഖത്തു കാക്കകളെ ഓടിക്കാൻ മാത്രം അദ്ദേഹം ഒരു ജീവനക്കാരനെ നിയമിച്ചിരുന്നു.
   Published by:Rajesh V
   First published:
   )}